×
ജീവിതം അടിമുടി മാറ്റാൻ കരുത്തുള്ള ടൂളാണ് തിയറ്റർ എന്ന കല: ദേവേന്ദ്രനാഥ് ശങ്കരനാരായണൻ

സിനിമകളിലും സീരിയലുകളിലും ഒരുപിടി നല്ല വേഷങ്ങളിലൂടെ മലയാളികൾക്ക് പരിചിതനാണ് ദേവേന്ദ്രനാഥ് ശങ്കരനാരായണൻ എന്ന വയനാട്ടുകാരൻ. എന്നാൽ, അതുമാത്രമല്ല അദ്ദേഹത്തിന്റെ വ്യക്തിത്വം. തിയറ്റർ എന്ന കലയിൽ അന്താരാഷ്ട്രതലത്തിൽ പേരുണ്ടാക്കിയ ചെറുപ്പക്കാരൻ. കല എന്തെല്ലാംവിധത്തിൽ നിത്യജീവിതവുമായി ബന്ധപ്പെടുമെന്നും സ്വയം തിരിച്ചറിയാനും സഹായിക്കും എന്ന് മനസ്സിലാക്കി അത് ലോകത്തെ അറിയിക്കാൻ മുന്നിട്ടിറങ്ങിയ കലാകാരൻ കൂടിയാണ് അദ്ദേഹം. അതിനായി അദ്ദേഹം തുടക്കമിട്ട ഇൻസൈഡ് ഔട്ട് പെർഫോർമൻസ് കളക്ടീവ് എന്ന പ്രസ്ഥാനം അതിന്റെ പുതിയ മാനങ്ങൾ കണ്ടെത്തുകയാണ്. തന്റെ പ്രസ്ഥാനത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ദേവേന്ദ്രനാഥ് മ്യൂസുമായി സംസാരിക്കുന്നു.


എന്താണ് ഇൻസൈഡ് ഔട്ട് പെർഫോമൻസ് കളക്ടീവ്?

തിയറ്റർ എന്നതിന് നിരവധി സാധ്യതകളുണ്ട്. അതിൽ പ്രധാനമായവയാണ് തിയേറ്റർ മേക്കർ എന്നതും തീയേറ്റർ ആക്ടിവിസവും. ഇതിൽ തിയറ്റർ ആക്ടിവിസം ആണ് ഞാൻ തിരഞ്ഞെടുത്തത്. തിയറ്ററിനെ ഒരു ടൂളായി ഉപയോഗിച്ച് ജീവിതത്തിന്റെ ഏതെല്ലാം മേഖലകളിൽ ഉപയോഗിക്കാം എന്ന ആശയം ഉപയോഗപ്പെടുത്തുകയാണ് അതിൽ ചെയ്യുക. ഒരു സംസ്കാരമോ സംഘബോധമോ ഉണ്ടാക്കുകയാണ് അതിന്റെ ലക്ഷ്യം. സാമൂഹിക പശ്ചാത്തലവും മനുഷ്യനെയും അല്ലാത്തതിനെയും മനസ്സിലാക്കാൻ കഴിവുള്ള ഒരാളെ സൃഷ്ടിക്കുകയാണ് അതിൽ ചെയ്യുന്നത്. സങ്കുചിതമായ മനസ്സ് ഇല്ലാതാക്കാൻ കുട്ടികൾക്കും മുതിർന്നവർക്കും പ്രായമായവർക്കുമൊക്കെ വേണ്ടി ശില്പശാലകൾ ഒരുക്കുകയാണ് ഇൻസൈഡ് ഔട്ട് പെർഫോമൻസ് കളക്ടീവ് ചെയ്യുന്നത്. യൂത്ത്ഫെസ്റ്റിവലിൽ അവതരിപ്പിക്കുന്നത് മാത്രമല്ല തിയറ്റർ എന്ന് എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്.


എങ്ങനെയായിരുന്നു ഇൻസൈഡ് ഔട്ട് കളക്ടീവിന്റെ തുടക്കം?

ഇൻസൈഡ് ഔട്ട് വർക്ക്ഷോപ്പ് എന്ന പേരിൽ 2006ൽ ഹൈദ്രബാദിലാണ് ഞാൻ ഇത് ആദ്യം തുടങ്ങിയത്. കുറച്ച് കുട്ടികളെ വച്ച് ഒരു തിയറ്റർ വർക്ക്ഷോപ്പ് എന്ന നിലയ്ക്കാണ് തുടങ്ങിയത്. സാധാരണ തിയറ്ററിനെ പോലെ എന്റർടെയിൻമെന്റ് തിയറ്റർ വർക്ക്ഷോപ്പ് ആയിരുന്നില്ല ഞാൻ ഉദ്ദേശിച്ചത്. ഒരു പ്രോസസ് ഓറിയന്റഡ് തിയറ്റർ വർക്ക്ഷോപ്പ് ആയിരുന്നു മനസ്സിൽ. ഞാൻ സ്കൂളിൽ പഠിപ്പിച്ചുകൊണ്ടിരുന്ന ആളാണ്. അധ്യാപനം എന്നതിന് തിയറ്റർ എന്നതുമായി ഒരുപാട് കണക്ടഡ് ആണ്. കുട്ടികൾക്ക് വേണ്ടി എഡ്യുക്കേഷണൽ പദ്ധതികൾ വേറെ അവസ്ഥകളിലേക്ക് മാറ്റാൻ പറ്റുന്ന, മറ്റൊരു എഡ്യുക്കേഷണൽ പ്ലാറ്റ്ഫോം എന്ന നിലയ്ക്കാണ് ഇൻസൈഡ് ഔട്ട് വർക്ക്ഷോപ്പിന് തുടക്കമാകുന്നത്. എന്നാൽ, വർക്ക്ഷോപ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്കൊപ്പം വരുന്ന അച്ഛനമ്മമാർ, മുത്തശ്ശനോ മുത്തശ്ശിയോ ഒക്കെയും ഇതിന്റെ ഭാഗമായി മാറാൻ തുടങ്ങി. ആ ചങ്ങല വളരാൻ തുടങ്ങിയപ്പോഴാണ് ഇൻസൈഡ് ഔട്ട് വർക്ക്ഷോപ്പ് കുട്ടികളുടെ പഠനപദ്ധതികളെ മാത്രമല്ല, മുതിർന്നവരുടെ പഠനത്തെ കൂടി ഉൾക്കൊള്ളാനാവുന്നതാണെന്ന ചിന്ത വന്നത്. എന്നോട് ആവശ്യപ്പെട്ടത് അനുസരിച്ച് രക്ഷിതാക്കൾക്കും, അവരുടെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമൊക്കെ ആയി വർക്ക്ഷോപ്പുകൾ ചെയ്തുതുടങ്ങി. അങ്ങനെ വർക്ക്ഷോപ്പുകളുടെ ആംഗിളുകൾ മാറാൻ തുടങ്ങി. കുട്ടികൾക്ക് കണക്ക്, സയൻസ്, ഭാഷ എന്നിങ്ങനെ പല വിഷയങ്ങളായിരുന്നു വർക്ക്ഷോപ്പിൽ ഉൾപ്പെടുത്തിയിരുന്നത്. പിന്നീട് അത് സീനിയർ സിറ്റിസണിലേക്ക് എത്തി. കൊവിഡ‍് കാലത്താണ് കേരളത്തിലേക്ക് വരുന്നത്. ആർട്ട് ടൂളായി ഉപയോഗിക്കുന്ന പത്രപ്രവർത്തകർ, സൈക്കോളജിസ്റ്റുകൾ എന്നിങ്ങനെയുള്ളവർ കൂടി ഇതിന്റെ ഭാഗമാകാൻ തുടങ്ങിയപ്പോഴാണ് ഇത് കളക്ടീവ് ആയത്. കേരളത്തിലോ ഇന്ത്യയിലോ ഒതുങ്ങുന്നതല്ല ഇത്. ഓഫീസോ കെട്ടിടങ്ങളോ ഒന്നും ഇല്ലാത്ത ഒരു സ്പേസ് ആണ് ഇൻസൈഡ് ഔട്ട് കളക്ടീവ്.


സമൂഹത്തിൽ ഇൻസൈഡ് ഔട്ട് കളക്ടീവിന് എന്താണ് ചെയ്യാനുള്ളത്?

വിദ്യാഭ്യാസം, പൊതുബോധം, സാമൂഹ്യബോധം, രാഷ്ട്രീയബോധം, സംഘബോധം എന്നതിലപ്പുറത്തേക്ക് ആരോഗ്യം, സംസ്കാരം എന്നിവയും ഉൾക്കൊണ്ടാവണം ഒരാൾ ജീവിക്കേണ്ടത്. ശാരീരികാരോഗ്യത്തിന് ജിമ്മും മറ്റുകളികളുമുണ്ട്. എന്നാൽ, മാനസികാരോഗ്യത്തിനായി ഇവിടെ എന്തെങ്കിലും ഉപാധികളുണ്ടോ? കുട്ടികളിലടക്കം വിഷാദരോഗമുള്ള സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെ എണ്ണം പോലും കൂടി വരികയാണ്. ഒറ്റപ്പെടൽ കൂടുതലുള്ള കാലമാണ്. ഇവിടെയാണ് തിയേറ്ററിന്റെ സാദ്ധ്യത. കമ്മ്യൂണിറ്റി തിയറ്റർ സംരംഭങ്ങളാണ് ഞങ്ങൾ ചെയ്യുന്നത്. ആരോഗ്യമുള്ള പൊതുജനം ആണ് നാടിന്റെ സമ്പത്ത്. അതിൽ മാനസിക ആരോഗ്യം കൂടി ഉൾപ്പെടണം. പലവിധ മാധ്യമങ്ങളിൽ വരുന്ന വിവരങ്ങളെല്ലാം സത്യമാണെന്ന് കരുതുന്നവർ ഒരുപാടുണ്ട്. സ്വയം പ്രൊസസ് ചെയ്യാൻ പറ്റാത്ത ഒരുപാട് ബ്രെയിനുകൾ ഉണ്ടെന്നാണ് അതിനർത്ഥം. നാടിന്റെ സമ്പത്തായി മാറേണ്ട അത്തരം ബ്രെയിനുകളാണ് പിന്നീട് നാടിനാപത്തായി മാറുന്ന പലകാര്യങ്ങളിലേക്കും പോകുന്നത്. അത് മാറ്റാനാണ് ഞങ്ങൾ ലക്ഷ്യം വയ്ക്കുന്നത്.


പുതിയ പദ്ധതികളെന്തെല്ലാമാണ്?

കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട ഒരു പദ്ധതി ഹ്യൂം എക്കോളജി ആൻഡ് ബയോളജിക്കൽ റിസർച്ച് സെന്ററുമായി സഹകരിച്ച് നടത്തുകയാണ്. പരിസ്ഥിതിയുമായി ഇണങ്ങിച്ചേർന്ന്, അപകടകരമല്ലാത്ത എന്ത് സംഭാവന തിരികെ പരിസ്ഥിതിക്ക് നൽകാനാകും എന്ന വിഷയത്തിൽ വയനാട്ടിലെ ഇരുന്നൂറോളം കുട്ടികൾക്ക് പരിശീലനം നൽകുകയാണ്. മനുഷ്യരും മൃഗങ്ങളും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്ന ഒരു പരിസ്ഥിതിയിൽ എവിടെയാണ് സ്വയം നിൽക്കേണ്ടത് എന്ന് കുട്ടികളെ ബോധവാന്മാരാക്കുകയാണ് ലക്ഷ്യം. കാലാവസ്ഥാമാറ്റത്തിന്റെ അടിസ്ഥാനത്തിൽ നമ്മുടെ ജീവിതരീതിയിൽ വന്ന മാറ്റവും അവരെ മനസ്സിലാക്കിക്കുകയും ചെയ്യുന്നു. ഇതിന് ശാസ്ത്രജ്ഞന്മാരുടെ അടക്കം പിന്തുണയുണ്ട്. വയനാട്ടിൽ നിന്ന് കോഴിക്കോട് ജില്ലയിലേക്കും ഈ പദ്ധതി നീളുന്നുണ്ട്. ഒരു വർഷം ഒരു ബാച്ചിന് മൂന്ന് വർക്ക്ഷോപ്പുകളാണ്. ഈ ശില്പശാലയിൽ ഉരുത്തിരിയുന്ന ആശയങ്ങൾ അന്താരാഷ്ട്രതലത്തിൽ ചർച്ചയാവുന്നുണ്ട്.


വ്യക്തിജീവിതത്തിലേക്ക് വന്നാൽ നാടകത്തിലേക്കുള്ള വരവ് എങ്ങനെയായിരുന്നു?

വയനാട് പുൽപ്പള്ളിയിലെ കാപ്പിസെറ്റ് എന്ന ഗ്രാമത്തിലാണ് ഞാൻ ജനിച്ചുവള‌ർന്നത്. അവിടെ ഒരു ട്രൈബൽ സ്കൂളിലാണ് ഞാൻ പഠിച്ചത്. ആ സ്കൂളിന്റെ ഇപ്പോഴത്തെ പേര് മുതലിമാരൻ മെമ്മോറിയൽ ഹൈസ്കൂളിലാണ്. അഞ്ചാംക്ളാസിലായ സമയത്താണ്, ഞങ്ങളുടെ ഒരു ഗ്രൂപ്പ് എല്ലാ ദിവസവും ഉച്ചയ്ക്ക് കഞ്ഞിവയ്ക്കുന്ന ചേച്ചി പോയി കഴിഞ്ഞാൽ കഞ്ഞിപ്പുരയിൽ കയറി കരിയെടുത്ത് മുഖത്ത് വരച്ച് ഇലയൊക്കെ പറിച്ചുടത്ത് കാട്ടാളനായും മറ്റും വേഷപ്പകർച്ചയിൽ നാടകം കളിക്കും. സ്കൂളിലെ കുട്ടികളൊക്കെ ഞങ്ങളെ കാണാൻ ചുറ്റും കൂടിയിരിക്കും. ആ സമയത്താണ് ചന്ദ്രശേഖരൻ സർ സാഹിത്യസമാജം എന്നൊരു കാര്യം പരിചയപ്പെടുത്തുന്നത്. ഉച്ചയ്ക്കുള്ള നാടകം കളി എല്ലാദിവസവും കണ്ടുകൊണ്ടിരുന്ന സാറാണ് സാഹിത്യസമാജത്തിൽ നാടകം അവതരിപ്പിക്കാൻ പറയുന്നത്. അങ്ങനെ ഒരു വെള്ളിയാഴ്ച സ്റ്റേജിൽ കയറി. പക്ഷേ, നാടകം കണ്ടുകൊണ്ടിരിക്കെ രാമദാസ് എന്ന പയ്യൻ താഴെ ഇരുന്ന് ഞാനും വരട്ടെ എന്ന് ഞങ്ങളോട് ചോദിച്ചു കൊണ്ടേയിരുന്നു. കേറിക്കൊള്ളാൻ ഞാനും പറഞ്ഞു. അവൻ കയ്യിലുള്ള പുസ്തകസഞ്ചിയോടെ സ്റ്റേജിൽ കയറി, കടലക്കാരനായി. പിന്നെ, ഓരോ കുട്ടികൾ ഓരോ കഥാപാത്രമായി സ്വയം സങ്കല്പിച്ച് സ്റ്റേജിൽ കയറാൻ തുടങ്ങി. അത് നീണ്ടു പോയതോടെ സാർ വടിയുമായി വന്ന് എല്ലാവരെയും ഇറക്കിവിട്ടു. എന്തായാലും ഏഴാംക്ലാസ് ആയപ്പോഴേക്കും സാഹിത്യസമാജത്തിൽ ചട്ടക്കൂട്ടിൽ ഒതുങ്ങുന്ന നാടകങ്ങളവതരിപ്പിക്കാൻ പാകമായി. എന്റെ സുഹൃത്ത് സുബിയുടെ വീടിന്റെ തട്ടിൻപുറത്ത് ഇരുന്ന് ചിത്രകഥകളെ നാടകങ്ങളാക്കി മാറ്റും, അവതരിപ്പിക്കും. നാടകവുമായി ബന്ധപ്പെട്ട ഒരു ചിന്തയ്ക്ക് വളമായിട്ടുണ്ടെങ്കിൽ ഇതൊക്കെയാകാം.


നാടകം പഠിക്കാം എന്ന തീരുമാനത്തിലെത്തിയത് എങ്ങനെയായിരുന്നു?

ആ സ്കൂളിൽ അന്ന് ഏഴാംക്ളാസ് വരെ ഉണ്ടായിരുന്നുള്ളൂ. അത് കഴിഞ്ഞ് കൊല്ലം ജില്ലയിലെ വയല എന്ന സ്ഥലത്തെ സ്കൂളിലാണ് ഹൈസ്കൂൾ. അവിടെ വച്ചാണ് മത്സരനാടകങ്ങളിലൊക്കെ വേഷമിടാൻ തുടങ്ങിയത്. ഒരിക്കൽ വലിയവരുടെ നാടകത്തിൽ കുട്ടിയായി വേഷമിടാൻ അവസരം ലഭിക്കുന്നു. കുട്ടിയായിരുന്നു കേന്ദ്രകഥാപാത്രം. നാടകം കഴിഞ്ഞ് നിൽക്കുമ്പോൾ ഒരാൾ പുറത്ത് വന്ന് തട്ടി അഭിനന്ദിച്ചു. പേരൊക്കെ ചോദിച്ച ശേഷം "മോൻ നല്ലൊരു നടനാകും കെട്ടോ. നാടകങ്ങളൊക്കെ നിറയെ ചെയ്യണം" എന്ന് പറഞ്ഞ് പോയി. അദ്ദേഹം സി.എൻ ശ്രീകണ്ഠൻ നായരായിരുന്നു. വയനാട്ടിലേക്ക് തിരികെ വന്ന് മത്സരനാടകങ്ങളിലൊക്കെ അഭിനയിക്കാൻ തുടങ്ങി. എല്ലാവർഷവും നാടകത്തിന് ഒന്നും കിട്ടിയില്ലെങ്കിലും മികച്ച നടനുള്ള അവാർഡ് എനിക്ക് കിട്ടും. പിന്നെ, ബിഎസ്‍സി ഫിസിക്സിന് മട്ടന്നൂർ കോളേജിൽ ചേർന്നു. എന്നാൽ, രാഷ്ട്രീയപ്രവർത്തനം കൊണ്ട് ക്ളാസിൽ കയറുകയോ പരീക്ഷ എഴുതുകയോ ചെയ്തില്ല. എന്നാൽ, പിന്നീട് പരീക്ഷ ഒക്കെ എഴുതിയെടുത്ത് ബി.എഡ് പഠിക്കാൻ തീരുമാനിച്ചു. വീടിനടുത്തുള്ള സ്കൂളിൽ പഠിപ്പിക്കാനും ട്യൂഷനെടുക്കാനും പോകുന്നുണ്ടായിരുന്നു. ബിഎഡ് എടുത്ത് സ്കൂളിൽ കാശുകൊടുത്ത് കയറി ടീച്ചറാകാനായിരുന്നു പ്ളാൻ. ഒരു ദിവസം വൈകിട്ട് ട്യൂഷനെടുക്കാൻ പോകുന്നതിന് മുമ്പ് അടുത്തുള്ള ചായക്കടയിൽ ചായ കുടിക്കാൻ കയറി. പഴംപൊരിയിലെ എണ്ണ കളയാൻ തന്ന പേപ്പറിന്റെ മറുപുറത്ത് എന്താണ് എഴുതിയത് എന്ന് വായിക്കാൻ ശ്രമിച്ചു. സ്കൂൾ ഒഫ് ഡ്രാമയിൽ അപേക്ഷിക്കാനുള്ള തീയതി നീട്ടി എന്നുള്ളതായിരുന്നു വാർത്ത. എന്റെ ഭാഗ്യത്തിന് അന്നത്തെ പത്രമായിരുന്നു അത്. അത് വളരെ യാദൃശ്ചികമായി സംഭവിച്ചതാണ്. ഉള്ളിന്റെ ഉള്ളിൽ എവിടെയോ ഉണ്ടായിരുന്ന നാടകമോഹത്തിന് വീണ്ടും നാമ്പ് മുളച്ചു. വീട്ടിൽ വിഷയം അവതരിപ്പിച്ചു. എന്തുകൊണ്ടോ വീട്ടുകാർ എതിർത്തില്ല.


തിയറ്ററിലെ സാധ്യതകൾ തിരിച്ചറിഞ്ഞത് എങ്ങനെയാണ്?

സ്കൂൾ ഒഫ് ഡ്രാമയിൽ ബാച്ചിലർ ഒഫ് തിയേറ്റർ ആർട്സ് എന്ന കോഴ്സാണ് പഠിച്ചത്. സ്കൂൾ ഒഫ് ഡ്രാമ നാടകത്തെ പഠിക്കാനും ശ്വസിക്കാനും ഒക്കെയുള്ള ഒരു സ്ഥലമായിരുന്നു. നാടകത്തെക്കുറിച്ച് എനിക്ക് വലിയ ധാരണയില്ലായിരുന്നു. ആ അന്തരീക്ഷത്തിലേക്ക് എത്താൻ കുറച്ച് സമയമെടുത്തു. പക്ഷേ, കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും അധ്യാപകരും സീനിയേഴ്സുമൊക്കെ സഹായിച്ചു. അവിടെ എവിടെയോ വച്ച് ഇത് നമ്മുടേതാണ് എന്ന ബോധ്യം വന്നു. ഡയറക്ഷനും അഭിനയത്തിനും അപ്പുറത്തേക്ക് എന്തോ ചെയ്യാനുണ്ട് എന്ന തോന്നൽ എനിക്ക് വന്നത് അവിടുത്തെ അവസാനവർഷത്തിലാണ്. അതിന് ശേഷം മാസ്റ്റർ ഒഫ് പെർഫോമിംഗ് ആർട്സ് എന്ന കോഴ്സിന് ഹൈദരബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ചേർന്നു. അവിടുത്തെ പഠനം മറ്റൊരു വലിയ ലോകമാണ് തുറന്നത്. കോഴ്സിന് ശേഷം ജോലി അന്വേഷിക്കുന്ന സമയത്താണ് തിയറ്ററിന്റെ സാദ്ധ്യതകളെ കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത്. അഭിനയം, നാടകം, സംവിധാനം എന്നതിലുപരി തിയറ്റർ എന്ന ടൂളിന് നിരവധി അപ്ലിക്കേഷൻ സാധ്യതകൾ ഉണ്ടെന്ന് മനസ്സിലാക്കി. പലയിടത്തും എന്റെ ബയോഡാറ്റ കൊടുത്ത കൂട്ടത്തിൽ ടൈംസ് ഒഫ് ഇന്ത്യയിലും കൊടുത്തിരുന്നു. തിയറ്റർ ബാക്ക്ഗ്രൗണ്ട് ഉള്ള ഒരാൾ ഒരു പത്രസ്ഥാപനത്തിൽ എന്തിന് ബയോഡാറ്റ കൊടുത്തു എന്ന അവരുടെ കൗതുകം കൊണ്ടാകാം എന്നെ ജോലി ഇന്റർവ്യൂവിനായി വിളിച്ചു. പത്രത്തിന്റെ സർക്കുലേഷൻ വർദ്ധിപ്പിക്കുകയായിരുന്നു അവരുടെ ആവശ്യം. എന്നെക്കൊണ്ട് അതെങ്ങനെ സാധ്യമാകുമെന്ന് അവർ ചോദിച്ചു. സ്കൂളുകളിൽ പത്രവും അതിനൊപ്പം പെർഫോമിംഗ് ആർട്സ് പരിശീലന കളരിയും എന്ന ആശയം അവതരിപ്പിച്ചു. അത് വേറിട്ട ആശയമായി തോന്നിയത് കൊണ്ട് അവർ ജോലി തന്നു. ടൈംസ് ഓഫ് ഇന്ത്യ ന്യൂസ്പേപ്പർ ഇൻ എഡ്യുക്കേഷൻ എന്ന പദ്ധതിക്ക് തുടക്കമിടുന്നത് അങ്ങനെയാണ്. ഹൈദരാബാദിലെ 230 സ്കൂളുകൾ തിരഞ്ഞെടുത്ത് പദ്ധതി തുടങ്ങി. അരമണിക്കൂർ വീതമുള്ള ക്ളാസുകളായിരുന്നു അത്. ഒന്നരവർഷം അത് ചെയ്തു. അതേസമയം, ഡൽഹി പബ്ളിക് സ്കൂളിൽ നിന്ന് അവിടെ ജോയിൻ ചെയ്യാമോ എന്ന് ചോദിച്ചു വിളി വന്നു. ടൈംസിൽ 24,000 രൂപ ശമ്പളമുള്ള കാലത്ത് ആ ജോലി ഉപേക്ഷിച്ച് വെറും നാലായിരം രൂപ ശമ്പളം സ്വീകരിച്ച് അവിടെ ചേർന്നു. എന്റെ പഠനത്തിനും പരീക്ഷണത്തിനും പറ്റിയ ഇടമായിരുന്നു അത്.  ടൈംസ് ഒഫ് ഇന്ത്യയിൽ ചെയ്തത് കുറച്ച് കുട്ടികളിൽ സ്ഥിരമായി ചെയ്താൽ അവർക്ക് എന്ത് നേട്ടം കിട്ടും എന്ന് എനിക്ക് മനസ്സിലാക്കണമായിരുന്നു. മറ്റ് വിഷയങ്ങളെ പോലെ ഒരു വിഷയം ആയി തന്നെയാണ് തിയേറ്റർ അവിടെ പഠിപ്പിച്ചത്.


സിനിമ, സീരിയൽ വേഷങ്ങളും ചെയ്യുന്നുണ്ടല്ലോ?

ട്രെയിനിംഗ് ആണ് എനിക്ക് ഏറ്റവും ഇഷ്ടം. പലരും എന്നെ കളിയാക്കാറുണ്ട്. അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന ആൾ സീരിയലിൽ അഭിനയിക്കണോ എന്നൊക്കെ ചോദ്യം വരാറുണ്ട്. സീരിയലിനെയോ സിനിമയെയോ പൂർണമായി തള്ളിക്കളയുന്നില്ല. ഒരുപക്ഷേ, ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന മാധ്യമം എന്ന നിലയ്ക്ക് അതിനെ കലാകാരന്റെ സാധ്യതകളിലൂടെ ഏറ്റവും നന്നായി ഉപയോഗിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. കേരളത്തിലെ ഏതെങ്കിലുമൊരു ഉൾഗ്രാമത്തിലെ കുടുംബശ്രീയിൽ എന്റെ ശില്പശാല നടത്താനായി പോയാൽ എന്നെ അവർക്ക് പരിചയപ്പെടുത്തേണ്ടി വരാറില്ല. അത് സീരിയലും സിനിമയും എനിക്ക് തന്ന സ്വീകാര്യതയാണ്.