×
തിരിച്ചുവരവിന്റെ സന്തോഷത്തിൽ രഹ്ന, കട്ടസപ്പോ‌ർട്ടുമായി നവാസും

കലാഭവൻ നവാസിനും പത്നി രഹ്നയ്ക്കും ഇപ്പോൾ സന്തോഷകാലമാണ്. ഏറെ ഇടവേളയ്ക്ക് ശേഷം രഹ്‌ന വെള്ളിത്തിരയിലേക്ക് തിരികെ വന്നു. മികച്ച രണ്ടു കഥാപാത്രങ്ങളെ ഒന്നിച്ച് അവതരിപ്പിക്കാൻ കഴിഞ്ഞു. മക്കൾക്കാവട്ടെ രണ്ടുതാരങ്ങൾ വീട്ടിലുള്ളതിന്റെ സന്തോഷവും. നടനും നല്ലൊരു ഗായകനുമായ നവാസും നടിയായ ഭാര്യ രഹ്‌നയും മലയാളികൾക്ക് എന്നെന്നും പ്രിയപ്പെട്ടവരാണ്. ഒട്ടേറെ സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള രഹ്‌ന വിവാഹശേഷം അഭിനയിച്ചിരുന്നില്ല. എവിടെ കണ്ടാലും ആളുകൾ തിരക്കും, രഹ്‌ന ഇനി എപ്പോഴാണ് സിനിമയിലേക്ക് വരികയെന്ന്. അപ്പോഴൊക്കെ രഹ്‌ന അവർക്ക് പുഞ്ചിരി മാത്രമാണ് ഉത്തരമായി നൽകിയിരുന്നത്. കുടുംബം, മക്കൾ അവർക്കൊപ്പമായിരിക്കുക. ഇതായിരുന്നു രഹ്നയുടെ സന്തോഷം. നവാസ് അഭിനയിക്കുന്ന ഓരോ സിനിമ കാണുമ്പോഴും താൻ അഭിനയിക്കുന്നതു പോലുള്ള തോന്നലായിരുന്നു രഹ്‌നയ്ക്ക്.ഓർക്കാപ്പുറത്ത് സംഭവിച്ച സിനിമയെക്കുറിച്ച്, ജീവിതത്തെക്കുറിച്ച് നവാസും രഹ്‌നയും സംസാരിക്കുന്നു.



സിനിമ സ്വപ്‌നം കണ്ടു കണ്ടു അവിടെ എത്തിയ ആളാണോ രഹ്‌ന?

എന്റെ ഉപ്പ കൊച്ചിൻ ഹസ്സൻ നാടകനടനായിരുന്നു. കുട്ടിക്കാലം മുതലേ ആ ഒരു ജീവിതം അടുത്തു നിന്നു കാണുന്നുണ്ട്. ചെറിയ ക്ലാസ് മുതലേ ഞാൻ നൃത്തം പഠിക്കുന്നുണ്ട്. എനിക്ക് വലിയ ഇഷ്ടമാണ് താനും. പത്താം ക്ലാസിൽ പഠിക്കുന്ന സമയം. അപ്പോഴാണ് ലേലം സിനിമയിലേക്ക് ഓഫർ വരുന്നത്. സുരേഷ് ഗോപിയുടെ സഹോദരിയുടെ വേഷമാണ്. എന്തു ചെയ്യണമെന്നായിരുന്നു കൺഫ്യൂഷൻ. കൂടാതെ നല്ല പേടിയുമുണ്ട്. അപ്പോൾ ഉപ്പ ആശ്വസിപ്പിച്ചു, നമ്മളെ ഒന്നും എടുക്കില്ല. അതു കൊണ്ടു പേടിക്കേണ്ട, ഒന്നു പോയി നോക്കാം. അതു കേട്ടതോടെ സമാധാനമായി, നമ്മളെ എടുക്കില്ലല്ലോ. അങ്ങനെയാണ് സ്‌ക്രീൻ ടെസ്റ്റിനു പോകുന്നത്. അങ്ങനെ ഒരു ടെൻഷനുമില്ലാതെ തമാശയൊക്കെ പറഞ്ഞു ചിരി മൂഡിലായിരുന്നു ഞങ്ങൾ അവിടെ എത്തിയത്. 


ആദ്യമായിട്ടായിരിക്കും എടുക്കില്ല എന്ന ഉറപ്പിൽ ഒരാൾ സ്‌ക്രീൻ ടെസ്റ്റിന് പോകുന്നത്?

അതേ. ഗേറ്റിൽ നിന്നും കുറച്ചകത്താണ് ഷൂട്ടിംഗിനുള്ള വീട്. അവിടെ എത്തും വരെ ഉപ്പയുമായി ചറപറെ സംസാരമായിരുന്നു. അവിടെ എത്തി നോക്കുമ്പോൾ ഏതാണ്ട് നാൽപ്പതോളം പേർ ടെസ്റ്റിനായി കാത്തിരിപ്പുണ്ട്. എന്റെ സന്തോഷം ഇരട്ടിച്ചു. നമുക്ക് ഇപ്പോൾ തന്നെ പോകാം, ഞാൻ ഉപ്പയോട് രഹസ്യമായി പറഞ്ഞു. അപ്പോഴേക്കും ആരോ വന്ന് കോസ്റ്റ്യൂം അളവെടുത്തു. എനിക്കൊന്നും മനസിലായില്ല. ടെസ്റ്റിന് ഇങ്ങനെ ഒക്കെ വേണോ എന്നായി. എന്നാൽ ഇനി പോകാം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് എന്നെ തിരഞ്ഞെടുത്തെന്ന് അറിയുന്നത്. കാരണം അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. ഞാനും ഉപ്പയും ദൂരെ നിന്നും നടന്നു വരുന്നത് ജോഷി സാർ കണ്ടിരുന്നു, അങ്ങനെയാണ് ഞാൻ മതി എന്ന് തീരുമാനിച്ചത്. സ്കീൻ ടെസ്റ്റ് കഴിഞ്ഞ് പോട്ടെ എന്ന് ചോദിക്കാൻ എഴുന്നേറ്റപ്പോഴാണ് സെലക്ടായെന്ന് അറിയുന്നത്.അമ്പരപ്പിലായിരുന്നു ഞങ്ങൾ. അപ്പോഴേക്കും ജോഷി സാർ വന്നു. നാളെ വാ എന്ന് സാർ പറഞ്ഞു. അത്രയും വലിയ ഡയറക്ടർ. എങ്ങനെ നോ പറയും. അങ്ങനെ ആദ്യത്തെ സിനിമ സംഭവിച്ചു. 


തുട‌ർന്നുള്ള സിനിമകൾ?

കാരുണ്യം, താലോലം തുടങ്ങിയ നല്ല സിനിമകൾ പിന്നാലെ വന്നു. എന്റെ സിനിമാ ജീവിതത്തിൽ ലഭിച്ച വലിയൊരു ഭാഗ്യം നല്ല നല്ല പാട്ടുകളിൽ അഭിനയിക്കാൻ ഭാഗ്യമുണ്ടായി എന്നതാണ്. ആന്ദോളനത്തിലെ അമ്പിളി പൊളി പോലെ തിരുനെറ്റി എന്ന പാട്ടൊക്കെ ഇപ്പോഴും ആളുകളുടെ മനസിലുണ്ട്. വിവാഹ സമയത്ത് ഞാൻ സ്ത്രീ സീരിയലിൽ അഭിനയിക്കുകയായിരുന്നു. സ്ത്രീ സീരിയലിൽ അഭിനയിക്കുമ്പോഴായിരുന്നു വിവാഹം. ആ സമയമാകുമ്പോഴേക്കും എന്റെ കഥാപാത്രം മരിക്കുന്നതായി ചിത്രീകരിക്കുകയും ടെലികാസ്റ്റും ചെയ്തു. വിവാഹത്തിനുശേഷം രണ്ടു ദിവസത്തിനകം എനിക്ക് ഫോൺ വന്നു. വീണ്ടും അഭിനയിക്കാൻ വരാമോ എന്ന് ചോദിച്ച്. കഥാപാത്രം മരിക്കുന്നത് സ്വപ്നമായി ചിത്രീകരിക്കാമെന്നായിരുന്നു അവർ പറഞ്ഞത്. പക്ഷേ, ആ സമയത്ത് വീട്ടിൽ ചോദിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. അത് ശരിയെന്നല്ലായിരുന്നു എന്റെ മനസ് പറഞ്ഞത്. പിന്നീട് ആ ജീവിതത്തിൽ ഞാൻ സെറ്റായി, മക്കൾ വന്നു. നവാസിക്കയുടെ ഓരോ നേട്ടവും എന്റേതായി. സിനിമയെ മാറ്റി നിറുത്തിയതല്ല, മക്കളുടെ കാര്യവും വീട്ടുകാര്യങ്ങളുമൊക്കെയായി ആ തിരക്കിൽ അങ്ങനെ പോയി. അവരുടെ പഠനകാര്യത്തിൽ ഞാൻ വളരെ സ്ട്രിക്ടാണ്. കൂടെ തന്നെ ഇരുന്ന് പഠിപ്പിച്ചാലേ ഞാൻ ഓകെയാകൂ. 


കുറേക്കാലം സിനിമയിൽ നിന്നിട്ട് ഇടവേള വന്നപ്പോൾ  വിഷമം തോന്നിയിരുന്നോ?

ഇടയ്ക്കൊരു ദിവസം ഇളയമകൻ, തമിഴ് സൂപ്പർതാരം വിജയ് യുടെ സിനിമ കണ്ടുകഴിഞ്ഞശേഷം എന്നെ കളിയാക്കി, നോക്കുമ്മാ... ഉമ്മയും ആർട്ടിസ്റ്റല്ലേ എന്നും പറഞ്ഞ്. മാറി നിൽക്കുമ്പോൾ തീർച്ചയായും വിഷമമുണ്ടാകേണ്ടതാണ്. പക്ഷേ, എനിക്ക് അങ്ങനെ ഒരു തോന്നൽ ഉണ്ടായിരുന്നില്ല. അതിന് കാരണം നവാസിക്കയാണ്. ഇക്ക അഭിനയിക്കുമ്പോൾ, പാടുമ്പോൾ എനിക്കത് ഞാൻ ചെയ്യുന്നതു പോലെയാണ് ഫീൽ ചെയ്യാറുള്ളത്. ഇക്കയുടെ സ്‌റ്റേജ് പ്രോഗ്രാമുകൾ എനിക്കത്ര പ്രിയപ്പെട്ടതാണ്. എന്റെ കാര്യം പറയുകയാണെങ്കിൽ ചെറുപ്പം മുതൽ എല്ലാവരുടെയും ശ്രദ്ധയും സ്‌നേഹവും കിട്ടി വളർന്ന ആളാണ് ഞാൻ. ഗ്രാന്റ് പാരന്റ്‌സുമായിട്ടായിരുന്നു എന്റെ കൂട്ട്. പ്രായമായ ആളുകളോട് സംസാരിക്കുക, അവരുടെ കഥകൾ കേൾക്കുക, അവർ പറയുന്നത് ശ്രദ്ധിക്കുക... ഇതൊക്കെ ഞാൻ ക്ഷമയോടെ ചെയ്യും. സിനിമയിലെത്തിയപ്പോഴും എന്റെ കൂട്ട് മുതിർന്നവരോടൊപ്പമായിരുന്നു. ആ ഒരു വാത്സല്യം എനിക്ക് എപ്പോഴും ലഭിച്ചിരുന്നു. ജീവിതത്തിൽ ഞാൻ എപ്പോഴും കൊതിച്ച കാര്യം എന്നെ എല്ലാവരും കെയർ ചെയ്യണമെന്നായിരുന്നു. വിവാഹജീവിതത്തിൽ സുഖസൗകര്യങ്ങൾ, ആഢംബരങ്ങൾ ഇവയൊന്നും എനിക്ക് നിർബന്ധമില്ല. പക്ഷേ, കെയറിംഗ് നിർബന്ധമാണ്. ഇക്കയ്ക്കും ഇതു നന്നായി അറിയാം. മക്കളായ നഹ്റിൻ, റിഹാൻ, റിദ്വാൻ എന്നിവരും എന്നെ ഇപ്പോൾ നന്നായി കെയർ ചെയ്യും. ഞാൻ ഹാപ്പിയാണ്. 


ഏറെക്കാലത്തിനു ശേഷമായിരുന്നല്ലേ ഇഴ എന്ന ചിത്രത്തിലൂടെ രഹ്‌നയുടെ തിരിച്ചു വരവ്, കൂടെ നായകനായി നവാസും?

നവാസ്: ഇഴ സിനിമയുടെ സംവിധായകൻ സിറാജ് റാസ സിനിമയുടെ കാര്യം പറഞ്ഞപ്പോൾ ആദ്യം അത്ര താത്പര്യം കാണിച്ചില്ലെങ്കിലും ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്നേഹപൂർണമായ നിർബന്ധത്തോട് മുഖം തിരിക്കാൻ കഴിഞ്ഞില്ല. നല്ലൊരു കഥയായിരുന്നു. സ്‌ക്രിപ്റ്റ് കിട്ടിയപ്പോൾ രഹ്നയ്ക്ക് വായിക്കാൻ നൽകി. ഗംഭീര കഥയാണെന്നായിരുന്നു രഹ്‌നയുടെ അഭിപ്രായം. ഇങ്ങനെ ഒരു കഥ ഞങ്ങൾ കേട്ടിട്ടില്ല, കണ്ടിട്ടുമില്ല. പിന്നീട് സിറാജ് എന്നെ കാണാനായി എത്തിയപ്പോഴാണ് സിനിമയിലെ സുമയ്യ എന്ന കഥാപാത്രമായി രഹ്നയെ പരിഗണിച്ചാലോ എന്നൊരു ആലോചന വന്നത്. ഇങ്ങനെ ഒരു കൂട്ട് വന്നാൽ സിനിമയ്ക്കത് നല്ലതാകുമെന്നും പറഞ്ഞു. അങ്ങനെയാണ് ഇതൊക്കെ സംഭവിച്ചത്. അത്രയധികം ഫീൽ തരുന്ന സിനിമയാണെന്നാണ് കണ്ടവരെല്ലാം അഭിപ്രായപ്പെട്ടത്. 

രഹ്ന:മക്കളുടെ കാര്യങ്ങളെക്കുറിച്ചോർത്തായിരുന്നു എന്റെ ടെൻഷൻ. ഷൂട്ടിംഗ് സമയം എന്റെ സൗകര്യത്തിനനുസരിച്ച് മാനേജ് ചെയ്യാം എന്നൊക്ക ആദ്യം പറഞ്ഞെങ്കിലും പിന്നീടതെല്ലാം മാറി മറിഞ്ഞു. എന്നാലും കുഴപ്പമില്ലായിരുന്നു. വീട്ടുകാരും മക്കളുമൊക്കെ കട്ടയ്ക്ക് കൂടെ നിന്നു. ഇടയ്ക്ക് ഉമ്മ ഇല്ലാതെ ബോർ ആണെന്നൊക്കെ പറയുമായിരുന്നു. എന്നാലും പിണക്കമൊന്നും കാണിച്ചില്ല.  നവാസിക്ക എല്ലാ സപ്പോർട്ടും നൽകി. സിനിമയ്ക്ക് ശേഷം പിള്ളേരെല്ലാം വലിയ സന്തോഷത്തിലാണ്. 


എന്നെങ്കിലും സിനിമയിലേക്ക് തിരിച്ചു വരുമെന്ന് തോന്നിയിരുന്നോ?

വീണ്ടും അഭിനയിക്കുമെന്ന് എനിക്ക് തന്നെ ഒരുറപ്പുമുണ്ടായിരുന്നില്ല. ഓർക്കാപ്പുറത്താണ് എല്ലാം സംഭവിച്ചത്. ഒരു ആർട്ടിസ്റ്റ് എത്രകാലം ഇടവേളയെടുത്താലും അഭിനയം മറക്കില്ല. അത് ഉള്ളിൽ തന്നെയുണ്ടാകും. ഒട്ടും പ്രതീക്ഷിക്കാതെയാണ് ഈ കാര്യങ്ങളൊക്കെ സംഭവിച്ചത്. ഒരു ആർട്ടിസ്റ്റ് അഭിനയം നിറുത്തുകയാണെങ്കിൽ പോലും ഉള്ളിൽ അത് മായാതെ ഉണ്ടാകുമല്ലോ. പുറത്തേക്ക് പോകുമ്പോഴൊക്കെ സ്ത്രീകൾ ഓടി വന്നു വിശേഷങ്ങൾ പറയും. ഞങ്ങൾ മറന്നിട്ടില്ലെന്ന് ഓർമ്മിപ്പിക്കും. അങ്ങനെ ലഭിക്കുന്ന സ്‌നേഹമൊക്കെ ഞാൻ ആസ്വദിച്ചിരുന്നു. ഞങ്ങൾക്ക് വലിയ ഇഷ്ടമാണ് എന്നൊക്കെ പറയുമ്പോൾ നമ്മളും ആരൊക്കെയോ ആയിരുന്നു എന്നൊരു തോന്നലിൽ അഭിമാനം തോന്നും. അഭിനയിക്കുമെന്നോ, ഇല്ലെന്നോ എന്നും ഒരിക്കലും ആരോടും പറഞ്ഞിരുന്നില്ല. 



സിനിമയുടെ ടീസർ വൈറലായപ്പോൾ എന്തായിരുന്നു മനസിൽ?

സിനിമയുടെ ടീസർ ലക്ഷത്തിലധികം പേർ കണ്ടപ്പോൾ അത്ഭുതപ്പെട്ടതും സന്തോഷിച്ചതും മക്കളാണ്. ഉമ്മച്ചീ നോക്ക് എന്ന് പറഞ്ഞ് ഇടയ്ക്കിടെ നോക്കമായിരുന്നു. കാമറയുൾപ്പെടെ സകലതും മാറിയ കാലത്തിലാണ് എന്റെ രണ്ടാം വരവ്. 


അപ്പോൾ ടെൻഷൻ തോന്നിയോ?

അങ്ങനെ ചോദിച്ചാൽ ഇത്രയും വർഷത്തെ ഇടവേള എനിക്ക് ഫീൽ ചെയ്തിരുന്നില്ല. ആദ്യത്തെ ഷോട്ട് തന്നെ ഓകെയായി. ഒരു ആഴ്ചത്തെ പോലും ഗ്യാപ്പ് ഇല്ല എന്ന് ഷോട്ടിന് ശേഷം സംവിധായകൻ ഉറക്കെ പറഞ്ഞു. സീൻ കഴിഞ്ഞതിനുശേഷം സംവിധായകനുൾപ്പെടെയുള്ളവർ കരയുകയായിരുന്നെന്ന് പിന്നീടാണ് ഞാനറിഞ്ഞത്. അവർക്ക് ആ സീൻ ഫീൽ ചെയ്തു.

നവാസ്: ഷൂട്ടിംഗ് സെറ്റിൽ രഹ്നയുടെ ഇത്രയും കാലത്തെ ഗ്യാപ്പ് കാണനേ ഉണ്ടായിരുന്നില്ല. ഇന്നലെ അഭിനയിച്ചതു പോലെയാണ് എല്ലാവരും കണ്ടു നിന്നത്. അഭിനയിക്കുന്നില്ലെങ്കിലും മിക്ക സിനിമകളും ഞങ്ങൾ തിയേറ്ററിൽ തന്നെ പോയി കാണാൻ ശ്രമിക്കാറുണ്ട്. രഹ്ന പറഞ്ഞതു പോലെ, അഭിനയം നിറുത്തുമ്പോൾ ആർട്ടിസ്റ്റ് ഇല്ലാതാകുന്നില്ലല്ലോ. അത് ഉള്ളിൽ തന്നെ ഉണ്ടാകും.


ഈ സിനിമയിൽ നവാസിന്റെ ലുക്കും ശ്രദ്ധിക്കപ്പെട്ടല്ലോ?



ഇഴയിലെ വേഷത്തിനായി പത്തുകിലോ ശരീരഭാരം ഞാൻ കുറച്ചിരുന്നു. ഗൾഫിൽ നിന്നും വരുന്ന അവശനായ ഒരു കഥാപാത്രമാണ്. ഒരു കഥാപാത്രം ചെയ്യുമ്പോൾ അതിനായി നൂറുശതമാനവും കൊടുക്കണം. മികച്ച വേഷമാണെങ്കിൽ തീർച്ചയായും പ്രേക്ഷകർ അത് സ്വീകരിക്കും. 


സിനിമയിലും അല്ലാതെയും ഒരു വലിയ സൗഹൃദക്കൂട്ടം കൂടെയുണ്ടല്ലോ?

സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ ഒരിക്കലും അത്തരം സൗഹൃദങ്ങൾ അവസരം കിട്ടാനായി ഉപയോഗിക്കാത്ത ആളാണ് ഞാൻ. കുറേയധികം സുഹൃത്തുക്കളുണ്ട് എന്നതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം. മിമിക്രി വേദിയിൽ നിന്നെത്തിയതിന്റെ ഇഷ്ടം എപ്പോഴും ആളുകൾ കാണിക്കാറുണ്ട്. എത്രയോ വലിയ നടൻമാർ. അവരെ അവതരിപ്പിക്കുന്നതിന്റെ ഒരു ഇഷ്ടത്തിന്റെ ഒരു പങ്കാണ് ഞങ്ങൾക്കും കിട്ടുന്നത്. അവർ അഭിനയിച്ചുവച്ചിരിക്കുന്നത് അത്രയും ഉയരത്തിലാണ്. അവയിൽ ചിരിയുടെ ഒരു അംശം കൂടി ഇടുമ്പോഴാണ് കാണികൾക്ക് അത് രസിക്കുന്നത്.


മികച്ച ഗായകൻ കൂടിയായ നവാസിന്റെ പാട്ടുകളെല്ലാം ആസ്വാദകർ സ്വീകരിച്ചതാണ്. പാട്ടിന്റെ ആ വഴി?

പാട്ട് ജീവിതത്തിന്റെ ഭാഗം തന്നെയാണ്. അത്രയധികം ആസ്വദിച്ചാണ് ഓരോ പാട്ടും പാടുന്നത്. റിയാസ് പട്ടാമ്പിയുടെ ഒരു ആൽബത്തിൽ ഞാൻ നേരത്തെ പാടിയിരുന്നു. ഇപ്പോഴത് എന്റെ തന്നെ വിഷലുകളും ചേർത്ത് ചെയ്തിട്ടുണ്ട്. രഹ്നയും ഞാനും അഭിനയിക്കുന്ന മറ്റൊരു ആൽബം കൂടിയുണ്ട്.