വിട പറഞ്ഞ പ്രിയസഖാവിന് നെഞ്ചിൽ തൊടുന്ന സ്മരണകളുമായി തമിഴകത്തിന്റെ ഗാനാദരം. സഖാവ് പി.കൃഷ്ണപിള്ളയുടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ത്യാഗോജ്ജ്വലമായ പോരാട്ടചരിത്രം പ്രമേയമാക്കി അനിൽ വി. നാഗേന്ദ്രൻ സംവിധാനം ചെയ്ത 'വീരവണക്കം' എന്ന തമിഴ് ചിത്രത്തിലെ ടൈറ്റിൽ ഗാനമാണ് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പോരാട്ടവീര്യമുള്ള ഓർമ്മകൾക്ക് മുന്നിൽ സമർപ്പിച്ച് ചെന്നൈയിൽ പ്രകാശനം ചെയ്തത്.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിറവിക്കായി കേരളം മുഴുവൻ ഒളിവിലും അല്ലാതെയും പ്രവർത്തിച്ച സഖാവ് പി.കൃഷ്ണപിള്ള ആലപ്പുഴയിൽ നിന്നും കണ്ടെത്തിയ വിപ്ലവവീര്യമേറെയുള്ള യുവാവ്, പേര് വി.എസ്. അച്യുതാനന്ദൻ. പുന്നപ്ര - വയലാർ സമരം ഉൾപ്പെടെയുള്ള തൊഴിലാളിവർഗ്ഗ പോരാട്ടങ്ങളെയും അതിനു നേതൃത്വം വഹിച്ചവരെയും അനുസ്മരിക്കുന്നതാണ് 'വീരവണക്ക'ത്തിലെ പ്രധാനഗാനം.
ഈ ഗാനമാണ് വി.എസ്സിനോടുള്ള സ്‌നേഹവും ആദരവുമൊക്കെയായി പുറത്തിറക്കിയത്.
തമിഴ്‌നാട്ടിലെ ദ്രാവിഡ കഴകം പ്രസിഡന്റും പെരിയാറുടെ പിൻഗാമിയും സർവ്വാദരണീയനുമായ കെ.വീരമണിയാണ് ഗാനം റിലീസ് ചെയ്തത്. തമിഴ്‌നാടിന്റെയും കേരളത്തിന്റെയും ചരിത്രപാരമ്പര്യവും പുരോഗമനചിന്തകളും പരസ്പരസ്‌നേഹവും ഏവരുടെയും ഓർമ്മകളിൽ നിറയാൻ ഈ ഗാനം കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ദക്ഷിണേന്ത്യയ്‌ക്കൊപ്പം തമിഴ്‌നാടിന്റെയും ഇതിഹാസ ഗായകനായ ടി.എം. സൗന്ദർ രാജന്റെ മകൻ ടി.എം.എസ്. സെൽവകുമാറിനെ ചലച്ചിത്ര ഗാനലോകത്ത് അവതരിപ്പിക്കുന്ന ഗാനം കൂടിയാണിത്. അതുകൊണ്ടു തന്നെ ഈ ഗാനം പുറത്തിറങ്ങും മുമ്പ് തമിഴ്‌നാട്ടിൽ വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.
വിശാരദ് ക്രിയേഷൻസ് (VISARAD CREATIONS) യൂട്യൂബ് ചാനലിൽ ഈ ഗാനം കേൾക്കാം.