ശമ്പളം കിട്ടിയിട്ടും മാസാവസാനം കയ്യിലൊന്നുമില്ലെന്ന് സങ്കടപ്പെടുന്നവരാണോ? പണം ചെലവഴിക്കുന്നതിൽ ഒന്ന് മനസ്സ് വച്ചാൽ മാസാവസാനം കയ്യിൽ കാശുണ്ടാകുമെന്ന് മാത്രമല്ല സമ്പാദ്യവും കൂടും. അതിനായി ചില നല്ല ശീലങ്ങളിതാ.
കണക്കിൽ കണ്ണ് വയ്ക്കാം
സമ്പാദിക്കാൻ ഏറ്റവും നല്ല മാർഗ്ഗം ചെലവ് നിയന്ത്രിക്കുക എന്നത് തന്നെയാണ്. എന്നാൽ, ചെലവ് എങ്ങനെ ചുരുക്കാമെന്ന് ചോദിച്ചാൽ പലരും കുഴങ്ങും. ചെലവ് ചുരുക്കാൻ ചെയ്യേണ്ട ആദ്യത്തെ കാര്യം കാശ് എന്തിനൊക്കെ ചെലവാക്കുന്നു എന്ന് ശ്രദ്ധിക്കുകയാണ്. വീട്ടുചെലവിന് ഉൾപ്പെടെ എന്തിനൊക്കെ പണം ചെലവഴിക്കുന്നോ അതൊക്കെ എഴുതി വയ്ക്കുന്നത് ( ഏതെങ്കിലും ആപ്പിന്റെ സഹായം തേടാം) നന്ന്. ദുർച്ചെലവാണോ എന്ന് മനസ്സിലാക്കി പിന്നീട് അത് ആവർത്തിക്കാതിരിക്കാൻ ഈ ശീലം സഹായിക്കും.
ബഡ്ജറ്റ് തയ്യാറാക്കാം
ബഡ്ജറ്റ് തയ്യാറാക്കി ഒരു രാജ്യം തന്നെ വളരുമ്പോൾ എന്തുകൊണ്ട് നമുക്കായിക്കൂടാ? വരവിന് അനുസരിച്ച് ചെലവ് ചെയ്യാൻ ബഡ്ജറ്റ് നമ്മെ സഹായിക്കും. ആ ബഡ്ജറ്റിൽ സമ്പാദിക്കാനുള്ള തുകയും വകയിരുത്താൻ മറക്കരുത്. മാസത്തിലോ അല്ലെങ്കിൽ മൂന്ന് മാസം കൂടുമ്പോഴോ സമ്പാദിക്കുന്ന തുക കൂട്ടാനും ശ്രദ്ധിക്കുക. ഓരോ മാസത്തിലും അല്ലാതെ വരുന്ന ചെലവുകൾക്കും(ഉദാ - വാഹനങ്ങളുടെ അറ്റകുറ്റപ്പണി പോലുള്ളവ) അപ്രതീക്ഷിതമായി വരുന്ന ചെലവുകൾക്കും (ഉദാ- ആശുപത്രി ചെലവ്) തുക മാറ്റി വയ്ക്കണം.
കാത്തിരിക്കാം ഒരുമാസം
നല്ല ശീലം തുടങ്ങാനല്ല, കയ്യിലെ കാശ് ചെലവഴിക്കുന്നതിന് മുമ്പ് ഒരൽപം കാത്തിരിക്കാം. ഇഷ്ടമാകുന്നതെന്തും അപ്പോൾ തന്നെ സ്വന്തമാക്കുന്നവരാണെങ്കിൽ ഈ ശീലം തുടങ്ങാൻ മടിക്കേണ്ടതില്ല. അധികമാളുകളും ഓൺലൈനിൽ സാധനങ്ങൾ വാങ്ങുന്നതിലേക്ക് മാറിയതിനാൽ ഇത് വളരെ എളുപ്പത്തിൽ നടപ്പാക്കാം. വാങ്ങാൻ ആഗ്രഹിക്കുന്ന സാധനം കാർട്ടിലേക്ക് മാറ്റുകയും ഒരു മാസം കാത്തിരിക്കുകയും ചെയ്യാം. ആ ഒരു മാസത്തിൽ വാങ്ങാൻ ഉദ്ദേശിക്കുന്ന വസ്തു അത്യാവശ്യമുള്ളതാണോ ആഡംബരമാണോ എന്ന് കണക്കാക്കാം. ഒരു മാസം വരെ കാത്തിരിക്കാനുള്ള ക്ഷമ ഇല്ലെങ്കിൽ ഒരു ദിവസമെങ്കിലും കാത്തിരിക്കാൻ ക്ഷമ കാണിക്കുക.
ലക്ഷ്യം പ്രധാനം
സമ്പാദിക്കാൻ ഏറ്റവും വലിയ പ്രചോദനം ഒരു ലക്ഷ്യം ഉണ്ടായിരിക്കുക എന്നതാണ്. എന്തിന് വേണ്ടി സമ്പാദിക്കുന്നു എന്ന ലക്ഷ്യബോധം നമുക്കുണ്ടെങ്കിൽ ആ ലക്ഷ്യത്തിലെത്താൻ നാം കരുതലുമെടുക്കും. ഒരു പുതിയ വാഹനം വാങ്ങുകയോ വീട് വയ്ക്കുകയോ പോലുള്ള ദീർഘകാല ലക്ഷ്യം മനസ്സിൽ വച്ചാൽ അതിന് വേണ്ടി പണം സ്വരൂപിച്ച് തുടങ്ങാൻ നാം തയ്യാറാകും. ബഡ്ജറ്റ് തയ്യാറാക്കുമ്പോൾ ഇതിന് വേണ്ടിയുള്ള പണം പ്രത്യേകം സമ്പാദിക്കാൻ ശീലമാക്കുക.
സമ്പാദ്യം വളരുന്നത് ആസ്വദിക്കാം
ഓരോ മാസത്തെയും ബഡ്ജറ്റ് കൃത്യമായി നിരീക്ഷിക്കുകയും സമ്പാദ്യം വളരുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക. ഇത് നിങ്ങളുടെ പാഴ്ചെലവുകൾ തിരിച്ചറിയാനും തിരുത്താനും സഹായിക്കും. സമ്പാദ്യമാർഗ്ഗങ്ങൾ കൃത്യമായി തിരഞ്ഞെടുക്കാനും ശ്രദ്ധിക്കണം. ഒരേ മാർഗ്ഗത്തിലുള്ള സമ്പാദ്യം മികച്ച തീരുമാനമല്ലെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. ബാങ്കിൽ നിക്ഷേപിക്കുന്ന ഫിക്സഡ് ഡെപ്പോസിറ്റ് പോലുള്ളവ സുരക്ഷിതമാണെങ്കിലും സമ്പാദ്യത്തിൽ വലിയ വളർച്ച നൽകണമെന്നില്ല. അതേസമയം, സ്റ്റോക്ക് മാർക്കറ്റ്, മ്യൂച്ചൽ ഫണ്ട് പോലുള്ള നിക്ഷേപങ്ങൾ സാമ്പത്തിക ലാഭം ഉണ്ടാക്കുമെങ്കിലും അൽപം റിസ്കുള്ളതാണ്. നിക്ഷേപങ്ങൾക്ക് മുമ്പ് കൃത്യമായി പഠനം നടത്തണമെന്ന് മാത്രം.