×
മാസത്തിൽ തുടങ്ങി  പുതുവർഷം മികച്ചതാക്കാം

അതിനായി ചെയ്യേണ്ട 5 കാര്യങ്ങൾ


ഓരോ പുതുവർഷത്തിലും പുതിയ പ്രതിജ്ഞകളെടുക്കാൻ ആവേശഭരിതരായി കാത്തിരിക്കുന്നവരാണല്ലോ നാം. എന്നാൽ, എടുക്കുന്ന പ്രതിജ്ഞകൾക്ക് തുടക്കത്തിലെ ആവേശം പാതിവഴിയിൽ നഷ്ടപ്പെടുകയാവും പതിവ് അല്ലേ. എന്നാൽ, പുതുവർഷ പ്രതിജ്ഞകൾക്ക് മുതൽക്കൂട്ടാകുന്ന ഒരു ഐഡിയ പറഞ്ഞു തന്നാലോ? അതിനായി ഒരു ചെറിയ മാറ്റം നടപ്പിലാക്കിയാൽ മതി. മാസാദ്യ പ്ളാനിംഗ് ആണ് ആ മാറ്റം. ഒരു മാസം മുൻകൂട്ടി പ്ലാൻ ചെയ്താൽ ഒരു വർഷം എളുപ്പമായി, സന്തോഷമായി, ഫലപ്രദമായി ജീവിക്കാം. മെല്ലെ തിന്നാൽ പനയും തിന്നാമെന്ന് കേട്ടിട്ടില്ലേ. ഇതുതന്നെ കാര്യം.


ലക്ഷ്യം മുന്നിൽകാണാം

ആശകളും പ്രതീക്ഷകളുമാണല്ലോ നമ്മെ ജീവിപ്പിക്കുന്നത്. ആശകൾ നേടിയെടുക്കാൻ അത് വെറും ആശയായി മനസ്സിൽ കൊണ്ടുനടന്നാൽ മാത്രം പോരല്ലോ. അത് ഒരു ലക്ഷ്യമായി മാറണം. പറഞ്ഞുവരുന്നത്, ഒരു മാസം തുടങ്ങും മുമ്പ് തന്നെ ആ മാസം ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് ലക്ഷ്യമിടുക. അത് ഒരു ഡയറിയിലോ നോട്ടുബുക്കിലോ എഴുതി വയ്ക്കുക. ചെറിയ കാര്യമാണെങ്കിലും അത് വലിയ മാറ്റമാകും. ഉദാഹരണത്തിന് കുറേക്കാലമായി വ്യായാമം ചെയ്യാതെ ഇരിക്കുകയാണെങ്കിൽ അത് തുടങ്ങാം. രാത്രി 11 മണി കഴിഞ്ഞാണ് ഉറക്കം. അത് മാറ്റാൻ കുറേക്കാലമായി ആഗ്രഹിക്കുന്നെങ്കിൽ 10 മണിക്ക് ഉറങ്ങാമെന്ന് തീരുമാനിക്കുകയും അത് ലക്ഷ്യമായി എഴുതി വയ്ക്കുകയും ചെയ്യുക. ചുരുക്കിപ്പറഞ്ഞാൽ സ്വയം നന്നാക്കണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾ, ചെയ്യാൻ പറ്റുന്നവ മാത്രം എഴുതുക. നന്നായി നടക്കുന്ന കാര്യം ഒന്ന് കൂടി മെച്ചപ്പെടുത്തിക്കളയാമെന്ന് ചിന്തിച്ച് നടക്കാൻ പറ്റാത്ത ലക്ഷ്യങ്ങളാക്കി ആകെ വഷളാക്കരുത്. ഉദാഹരണത്തിന് രാവിലെ ആറരയ്ക്ക് എഴുന്നേറ്റ് ദിവസം നല്ലരീതിയിൽ കൊണ്ടുപോകുന്ന ആളാണെങ്കിൽ, ഒറ്റയടിക്ക് അഞ്ചുമണിക്ക് എഴുന്നേറ്റ് നന്നായി കളയാം എന്ന് തീരുമാനിക്കരുത്. അങ്ങനെ സമയം മെച്ചപ്പെടുത്തുന്നെങ്കിലും പതുക്കെയേ പാടുള്ളൂ. അതായതുത്തമാ, ചെയ്യാൻ പറ്റുമെന്ന് ഉറപ്പുള്ള, പ്രായോഗികമായ, മാനസിക പിരിമുറുക്കം ഉണ്ടാക്കാത്ത കാര്യങ്ങളാവട്ടെ ലക്ഷ്യങ്ങൾ. പ്ലാനിംഗ് എഴുത്ത് തന്നെ ആവട്ടെ അതിലാദ്യം.


ചില ആശയങ്ങളിതാ-

പണം മിച്ചം വയ്ക്കാം

ദിവസം 8000 ചുവടുകൾ വയ്ക്കാം. നടക്കാമെന്ന് ചുരുക്കം

ഒന്നോ രണ്ടോ പുസ്തകങ്ങൾ വായിക്കാം


ചെയ്യേണ്ട കാര്യങ്ങൾ മറക്കാതിരിക്കാം

ഒരു മാസം ചെയ്തുതീർക്കേണ്ട കാര്യങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാം. അത് ലക്ഷ്യങ്ങളല്ല. എന്നാൽ, അത്രതന്നെ പ്രധാനപ്പെട്ടവയാണ് താനും. ലക്ഷ്യങ്ങൾ സ്വയം മെച്ചപ്പെടാൻ വേണ്ടി നാം നടത്തുന്ന പരിശ്രമങ്ങളാണ്. എന്നാൽ, ഇത് ഒരു മണിക്കൂർ കൊണ്ടോ ഒരു ദിവസം കൊണ്ടോചെയ്തു തീർക്കേണ്ട, നമുക്ക് ആവശ്യമായ പണികളാണ്. വീട് വൃത്തിയാക്കുക, അലമാര വൃത്തിയാക്കുക, ജനാല തുടയ്ക്കുക, വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങുക, കറണ്ട് ബിൽ അടയ്ക്കുക ഇതൊക്കെ അത്തരം പണികളാണ്.


അറിഞ്ഞ് ചെലവഴിക്കാം

ജീവിക്കാൻ അത്യാവശ്യം വേണ്ട ഒന്നാണല്ലോ പണം. എന്നാൽ, തോന്നുന്നത് പോലെ ചെലവഴിച്ചാൽ ഒരിക്കലും കയ്യിൽ ആവശ്യത്തിന് അത് കാണില്ല എന്നത് ഓർമ്മയിലുണ്ടാകണം. അതുകൊണ്ട്, ഒരു മാസം തുടങ്ങും മുമ്പ് തന്നെ വരുമാനത്തിന് അനുസരിച്ച് എങ്ങനെ ചെലവഴിക്കാം, എത്ര സമ്പാദിക്കാം എന്നൊക്കെ കൃത്യമായി തീരുമാനമെടുക്കുന്നത് നന്നാവും. ശമ്പളം കിട്ടുമ്പോൾ സമ്പാദ്യമായി മാറ്റി വയ്ക്കേണ്ട തുക, വീട്ടുചെലവിന്, ലോണിന്, ഹോസ്പിറ്റൽ ആവശ്യങ്ങൾക്ക്, യാത്രാച്ചെലവ്, ഭക്ഷണം, കറങ്ങാൻ പോകാനുള്ളത് എന്നിങ്ങനെ കൃത്യമായി പ്ലാനുണ്ടാക്കാം. പ്ലാനിന് ശേഷം കയ്യിൽ മിച്ചമൊന്നുമില്ലല്ലോ എന്ന് കരുതേണ്ട. അത്ര അത്യവശ്യമില്ലാത്ത, ഒഴിവാക്കാൻ സാധിക്കുന്ന ചെലവുകൾ ഇഷ്ടം പോലെ നമുക്കുണ്ട്. സ്വയം സന്തോഷിപ്പിക്കുന്ന കാര്യങ്ങളിൽ വിട്ടുവീഴ്ച ഇല്ലാതെ. ഉദാഹരണത്തിന് തീയേറ്ററിലെ സിനിമ. സിനിമ കാണേണ്ട എന്നല്ല, എന്നാൽ, അവിടെ നിന്നുള്ള കാപ്പി, പലഹാരങ്ങൾ നമുക്ക് ഒഴിവാക്കിയാലും നഷ്ടമൊന്നുമില്ല.


സ്വരക്ഷ അത്യവശ്യം

മലയാളികൾ പൊതുവെ ആശുപത്രികളിൽ പോകാൻ മടി കാണിക്കുന്നവരാണ്. എന്നാൽ, നാട്ടിൽ ആശുപത്രികൾക്കോ രോഗികൾക്കോ കുറവില്ലതാനും. അറ്റപറ്റെ എത്തിയാൽ ആശുപത്രിയിൽ പോകാനിറങ്ങുന്നവരാണ് നാം. നമ്മുടെ ശരീരത്തിന്റെ വയ്യായ്ക അതുതന്നെ കാണിച്ചു തരും. അൽപം ശ്രദ്ധ അതിൽ കൊടുക്കാം. കുറേക്കാലമായി ഡോക്ടറെ കാണിക്കാൻ മടി കാണിച്ച് മാറ്റി വെച്ച രോഗലക്ഷണങ്ങളോ രോഗങ്ങളോ ഉണ്ടെങ്കിൽ മടി കാണിക്കാതെ ഡോക്ടറുടെ അപ്പോയ്ൻമെന്റ് എടുക്കാൻ മാസം തുടങ്ങുമ്പോൾ തീരുമാനിക്കുകയും കാണിക്കുകയും ചെയ്യുക. പല്ലുവേദന, ചെവിവേദന, കാൽ വിരലിലെ വേദന അങ്ങനെ നിസാരമെന്ന് തോന്നുന്ന വേദനകൾ പോലും കാണിച്ചേക്കാം. വന്നേക്കാവുന്ന വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ അതു നിങ്ങളെ സഹായിക്കും. 


ഗാഡ്ജറ്റുകൾക്ക് ചികിത്സ

ഇന്നത്തെ കാലത്ത് മൊബൈലും കമ്പ്യൂട്ടറും ഇല്ലാതെ ജീവിക്കാനാവില്ല. അപ്പോൾ, അവയെ സംരക്ഷിക്കാനും നമ്മൾ സമയം കണ്ടെത്തണം. ഗുഡ്മോണിംഗ്, ഗുഡ്നൈറ്റ് മെസേജുകൾ, വീഡിയോകൾ, എത്ര ജി.ബി കൂടിയ ഫോൺ വാങ്ങിയാലും അത് നിറഞ്ഞു പോകാൻ അധിക സമയം വേണ്ട. എന്നാൽ, അവയ്ക്ക് ശ്വാസമെടുക്കാൻ അൽപസ്ഥലം കൊടുത്താൽ തീരാവുന്ന പ്രശ്നമേയുള്ളൂ. മൊബൈൽ ഫോൺ, കമ്പ്യൂട്ടർ, ഇ- മെയിൽ ആവശ്യമില്ലാത്ത മെസേജുകൾ, മെയിലുകൾ എല്ലാം കളയാൻ അൽപസമയം  മാസത്തിൽ നൽകി നോക്കൂ. അത് ദിവസം 10 മിനിട്ടോ മാസത്തിലൊരിക്കൽ ഒന്നോ രണ്ടോ മണിക്കൂറോ ആവാം. വർക്ക് ലൈഫ് കുറച്ചൂടെ എളുപ്പമാകും. ഗാഡ്ജറ്റ്സുകൾക്കും സമാധാനം കിട്ടും.