ഒരു അടുക്കും ചിട്ടയുമില്ലാതെ, കുത്തഴിഞ്ഞ പോലെ ഒരു ജീവിതം എന്ന് ചിന്തിച്ചു തുടങ്ങിയിട്ട് കാലങ്ങളായോ. കാര്യങ്ങളൊന്നും വിചാരിച്ച പോലെ നടക്കുന്നില്ല, ഒന്നിനും സമയമില്ല എന്നൊക്കെ ഒഴിവുകഴിവ് പറഞ്ഞു കഴിയുകയാണെങ്കിൽ ആ ഗിയറൊന്ന് മാറ്റിയിട്ട് നോക്കിയാലോ. ഒരു ദിവസം വരുന്നത് പോലെ വന്ന്, പോകുന്നത് പോലെ പോവുന്നതിന് മാറ്റം വരുത്താം. സ്വയം ചിട്ടപ്പെടുത്തിയാൽ ജീവിതം ഫലപ്രദമാകും എന്ന് മാത്രമല്ല, കുറച്ചുകൂടി എളുപ്പമുള്ളതുമാകും.
1. എഴുതിക്കോ ലിസ്റ്റ്
ജീവിതത്തിൽ മെച്ചപ്പെടുത്തണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്ന എല്ലാ മേഖലകളുടെയും കണക്കെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതായത് സ്വയം മെച്ചപ്പെടുക, വീട് മെച്ചപ്പെടുത്തുക, കരിയർ മെച്ചപ്പെടുത്തുക എന്നിങ്ങനെ വിവിധ മേഖലകളായി തരം തിരിക്കുക. ഒന്നും മറ്റൊന്നിനോട് മേൽ കുഴഞ്ഞുമറഞ്ഞു പോകാതിരിക്കാനാണിത്. ഇനി ഇരുന്ന് ആലോചിച്ചോ, എന്തൊക്കെയാണ് നിങ്ങൾ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നത് എന്ന്. അതിന്റെ ലിസ്റ്റ് വെവ്വേറെ എഴുതിക്കോ. ഉദാഹരണങ്ങൾ തരാം.
സ്വയം മെച്ചപ്പെടുത്താൻ
നേരത്തെ എഴുന്നേൽക്കുക
ഭക്ഷണം നിയന്ത്രിക്കുക
വ്യായാമം ചെയ്യുക
വെള്ളം കുടിക്കുക
വൃത്തിയായി നടക്കുക
വീട്
മുറികൾ വൃത്തിയാക്കുക. ഇതിൽ ബെഡ്റൂം, ബാത്ത്റൂം, അടുക്കള എന്നിങ്ങനെയും അതിൽ തന്നെ വേർതിരിച്ചും എഴുതാം. ബെഡ്റൂമിലെ ചുവർ, നിലം, അലമാരകൾ, കണ്ണാടികൾ, എന്നിങ്ങനെയും.
മിക്സി, ഗ്രൈൻഡർ, വാഷിംഗ് മെഷീൻ എന്നിവ വൃത്തിയാക്കുക
കാർ, സ്കൂട്ടർ എന്നിവ വൃത്തിയാക്കാം
കരിയർ
പ്രമോഷന് വേണ്ടി ശ്രമിക്കുക
പുതിയ ജോലി നേടുക
പുതിയ സ്കിൽ വളർത്തിയെടുക്കുക
2. പ്രധാനപ്പെട്ടവയിൽ ശ്രദ്ധിക്കൂ
ലിസ്റ്റ് തയ്യാറായാൽ ഇതിൽ ഏതിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് തിരിച്ചറിയുക. അതായത്, കരിയർ മേഖലയിൽ പ്രമോഷന് വേണ്ടി ശ്രമിക്കുകയാണോ പുതിയ ജോലി നേടുകയാണോ പുതിയ സ്കിൽ ഡെവലപ്പ് ചെയ്യുകയാണോ പ്രധാനം എന്ന് മനസ്സിലാക്കുക. അതിന് പ്രാധാന്യം നൽകി ആദ്യം അത് ശരിയാക്കാൻ നോക്കുക. വീട് വൃത്തിയാക്കുന്നതിൽ ഏതാണോ ആദ്യം ചെയ്യേണ്ടത് അത് തിരിച്ചറിയുക. അതേസമയം, പഴ്സണൽ കാര്യങ്ങളും പ്രൊഫഷണൽ കാര്യങ്ങളും കൂടിക്കുഴയാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.
3. കളയാൻ പഠിക്കാം
മലയാളികളെ പൊതുവെ കളിയാക്കും ഒരു ബ്രഷിന്റെ അടിത്തട്ട് വരെ കണ്ടാലേ നാം കളയൂ എന്ന്. ആദ്യം ബ്രഷ്, പിന്നെ നഖം കഴുകാൻ, അതുകഴിഞ്ഞാൽ വേറെ എന്തെങ്കിലും വൃത്തിയാക്കാൻ അവസാനം അതിൽ നാരുകളൊന്നും അവശേഷിക്കുന്നില്ലെന്ന് കണ്ടാലേ കളയൂ. അങ്ങനെയാണോ നിങ്ങൾ. ആ ശീലം മാറ്റിക്കൊള്ളൂ. പഴ്സ്, ബാഗ്, എല്ലാം തുറന്നുനോക്കൂ. ആവശ്യമില്ലാത്തതെല്ലാം എടുത്ത് പുറത്ത് കളഞ്ഞേക്ക്. പലകാരണങ്ങൾ കൊണ്ട് കയ്യിലുള്ള വസ്തുക്കൾ കളയാൻ മടിക്കുന്നവരാണ് നാം. മിനിമലിസത്തിന്റെ കാലമാണിത്. ഏറ്റവും കുറഞ്ഞ വസ്തുക്കൾ കൊണ്ട് മാത്രം ജീവിച്ചു ശീലിക്കലാണ് മിനിമലിസം. അത്രയൊന്നും എത്തിയില്ലെങ്കിലും ആവശ്യമില്ലാത്തതൊക്കെ കളയാനും കേടായവയൊക്കെ എന്നെങ്കിലും നന്നാക്കാം എന്നുപറഞ്ഞ് മാറ്റിവയ്ക്കുന്നത് നിറുത്താനും ശീലിക്കാം. അലമാരയിൽ ഇടാതെ വച്ചിരിക്കുന്ന വസ്ത്രങ്ങളിൽ നല്ലത് ദാനമായി നൽകുകയോ മോശമായവ കളയുകയോ ചെയ്യാം.
4. ആരോഗ്യം പ്രധാനം
നല്ല ജീവിതം നയിക്കാൻ ഏറ്റവും അവശ്യമായത് ആരോഗ്യമുള്ള ശരീരം തന്നെയാണ്. അപ്പോൾ, അതിന് അതിന്റേതായ പ്രാധാന്യം കൊടുക്കൂ. മൂന്ന് നേരവും പുറത്ത് നിന്ന് ആഹാരം കഴിക്കുന്ന ആളാണെങ്കിൽ ആ ശീലത്തിന് മാറ്റം വരുത്താം. മാസത്തിൽ മൂന്നോ നാലോ തവണ മാത്രം പുറത്ത് നിന്നുള്ള ആഹാരം കഴിക്കൂ എന്ന് തീരുമാനിക്കാം. മധുരവും കുറയ്ക്കാം. നല്ല ആരോഗ്യത്തിനായി വ്യായാമം പതിവാക്കണം. നടക്കുകയോ യോഗ ചെയ്യുകയോ അങ്ങനെ എന്തുവേണമെങ്കിലും ചെയ്തോളൂ. പക്ഷേ, ദിവസവും അതിന് മുടക്കം വരാതെ നോക്കാം.
5. ശാന്തമായ മനസ്സ്, ശാന്തമായ ജീവിതം
ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. സ്ട്രെസ്, ആൻസൈറ്റി അങ്ങനെ പലവിധ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവരായിരിക്കും മിക്കവരും. പലരും തുറന്ന് പറയാൻ മടി പോലും കാട്ടാറുണ്ട്. പക്ഷേ, മനസ്സ് ശരിയല്ലെങ്കിൽ പിന്നെ ചെയ്യുന്നതൊന്നും ശരിയാവില്ല. ഡോക്ടറുടെ സഹായം ആവശ്യമെന്ന് തോന്നുകയാണെങ്കിൽ ഒരു കാരണവശാലും മടിക്കരുത്. നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അത് സഹായിക്കും.