പുതുവർഷത്തിന് തുടക്കമാവുകയാണ്. ഓരോ വർഷവും സ്വയം മെച്ചപ്പെടുത്തി മുന്നോട്ടു പോകാൻ കൊതിക്കുന്നവരാണ് നാം ഓരോരുത്തരും. എന്നാൽ, എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണമെന്ന് എപ്പോഴും ആശയക്കുഴപ്പം ഉണ്ടാവുകയും ചെയ്യും. ഒരു കാര്യവും നാളത്തേക്ക് മാറ്റി വയ്ക്കാതെ അന്നന്നു തന്നെ ചെയ്തു തുടങ്ങുന്നതാണ് നല്ലത്. എന്നാൽ, നല്ല ശീലങ്ങൾക്ക് തുടക്കമിടാൻ നാം എപ്പോഴും ഒരു വർഷാരംഭത്തിന് കാത്തുനിൽക്കാറുണ്ട്. ഒരു വർഷത്തിന്റെയോ മാസത്തിന്റെയോ തുടക്കത്തിൽ ആരംഭിക്കുന്ന ശീലം തുടർന്നു പോകാനുള്ള സാദ്ധ്യത വളരെയേറെയാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ 2024 നല്ല ശീലങ്ങളോടെ തുടങ്ങാം. അങ്ങനെ സ്വയം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില നല്ല ശീലങ്ങളിതാ. മൂന്നുമാസം കൊണ്ട് മികച്ച നിങ്ങളെ തന്നെ കണ്ണാടിയിൽ കാണാം.
വെള്ളം വെള്ളം വെള്ളം
വെള്ളം കുടിക്കാൻ മടിയുള്ളവരാണോ നിങ്ങൾ? എങ്കിൽ പുതുവർഷത്തിൽ ആദ്യം തുടങ്ങാം ആ ശീലം. ഒരു ദിവസം കുറഞ്ഞത് എട്ട് ഗ്ളാസ് വെള്ളമെങ്കിലും നമ്മുടെ ശരീരത്തിന് ആവശ്യമാണെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു. 12 ഗ്ലാസ് വെള്ളം കുടിക്കുന്നത് ഏറ്റവും നല്ലത്. അതായത് മൂന്ന് ലിറ്റർ വെള്ളം. ഒരു ദിവസം രണ്ട് ഗ്ളാസ് വെള്ളം കുടിച്ച് തുടങ്ങിക്കോളൂ. ആ ദിവസം വ്യക്തതയോടെ തുടങ്ങാനും ശോധന മെച്ചപ്പെടുത്താനുമെല്ലാം ആ രണ്ട് ഗ്ലാസ് വെള്ളം നമ്മെ സഹായിക്കും. ഒരു ദിവസം മൂന്ന് ലിറ്റർ വെള്ളം കുടിക്കുന്നത് ആഹാരത്തോടുള്ള അമിതമായ പ്രിയം കുറയ്ക്കാനും ഭാരം നിയന്ത്രിക്കാനും സഹായിക്കും. വെള്ളംകുടി എന്നത് ഒരു ചലഞ്ച് ആക്കിയെടുക്കാം പുതുവർഷത്തിൽ.
സ്വ പരിചരണം മുദ്രാവാക്യം
2024 ന്റെ മുദ്രാവാക്യം തന്നെ സ്വയം പരിചരണത്തിന് പ്രാധാന്യം നൽകുക എന്നതാകട്ടെ. അതും ആദ്യദിനം മുതൽ. സ്നേഹവും പരിചരണവും ആഗ്രഹിക്കുന്ന ഒരു കുരുന്ന് നമുക്കുള്ളിലുണ്ട്. നമ്മെ സ്നേഹിക്കാനും സന്തോഷിപ്പിക്കാനും നമ്മേക്കാൾ ഇഷ്ടമുള്ള മറ്റൊരാളില്ല താനും. അവിടെയാണ് സ്വപരിചരണത്തിന് പ്രാധാന്യം കൈവരുന്നത്. നമ്മുടെ ആവശ്യങ്ങൾ എന്തെന്ന് തിരിച്ചറിഞ്ഞ് നമ്മുടെ ദൈന്യംദിന ജീവിതത്തിൽ അക്കാര്യങ്ങൾ ഉൾപ്പെടുത്തുന്നതാണ് സ്വപരിചരണത്തിന് ആവശ്യമുള്ള ആദ്യകാര്യം. നമ്മുടെ മനോവികാരവിചാരങ്ങളെ നിയന്ത്രിക്കുക, മുഖവും ശരീരവും പരിപാലിക്കുക, സൗഹൃദവലയം പരിപാലിക്കുക, മാനസിക ഉല്ലാസത്തിന് വഴിയുണ്ടാക്കുക, വീട്ടിലും പുറത്തും സന്തോഷവും സമാധാനവുമുള്ള മെച്ചപ്പെട്ട അന്തരീക്ഷം സൃഷ്ടിക്കുക ഇവയൊക്കെ സ്വപരിചരണത്തിലേക്കുള്ള മാർഗ്ഗങ്ങളാണ്.
എഴുതിത്തുടങ്ങാം
ഡയറി എഴുതാനൊക്കെ എവിടെ സമയം എന്ന് ചിന്തിച്ച് അത് വേണ്ടെന്ന് വച്ചവരാണോ? എന്നാൽ, 2024ൽ തുടങ്ങാൻ പറ്റിയ ഏറ്റവും നല്ല ശീലങ്ങളിലൊന്ന് അതാണ്. ഡയറി എഴുതിയിട്ട് എന്ത് കിട്ടാനാണ്, അത് എന്ത് ചെയ്യാനാണ് എന്നൊക്കെയാണോ ചിന്തകൾ. എന്നാൽ, നിങ്ങൾ ഓരോ ദിവസവും അല്ലെങ്കിൽ ഒരു വർഷം കഴിയുമ്പോൾ എത്ര മാറി എന്ന് മനസ്സിലാക്കാൻ, ഇനിയും എന്തൊക്കെ മെച്ചപ്പെടുത്താനുണ്ട് എന്ന് തിരിച്ചറിയാൻ ഒരു ഡയറിയോളം സഹായിക്കുന്ന മറ്റൊന്നില്ല. സ്വയം ആശയവിനിമയം നടത്താൻ സഹായിക്കുന്ന ഒന്ന് കൂടിയാണത്. ഡയറി അല്ലെങ്കിൽ ഒരു നോട്ട്ബുക്കിൽ നിങ്ങളുടെ ആശയങ്ങൾ കുറിച്ചിട്ട് തുടങ്ങിയാലും മതി. ഒരുദിവസം എന്തൊക്കെ കാര്യങ്ങൾ തലച്ചോറ് ചിന്തിച്ച് കൂട്ടുന്നുണ്ട്. അതിൽ നിങ്ങൾക്ക് ആവശ്യമുള്ളത് എന്തൊക്കെ എന്ന് തിരിച്ചറിഞ്ഞ് കുറിച്ചിട്ടാൽ കാര്യങ്ങൾ കുറച്ച് കൂടി കൃത്യതയോടെ ചെയ്തുതീർക്കാൻ ഈ എഴുത്ത് നിങ്ങളെ സഹായിക്കും. ദിവസം 10 മിനിട്ട് തന്നെ ധാരാളം.
മനസ്സറിഞ്ഞ് കഴിക്കാം നല്ല ആഹാരം
പുതുവർഷത്തിൽ എല്ലാവരും തുടക്കമിടുന്നതാണ് ഡയറ്റ് എന്ന ശീലത്തിന്. ആഹാരം നിയന്ത്രിക്കുക എന്നതാണ് പലരും ചെയ്യാറുള്ളത്. എന്നാൽ, ഇഷ്ടമുള്ള ആഹാരമെല്ലാം ഉപേക്ഷിച്ച് ചെയ്യുന്ന ഡയറ്റ് പലപ്പോഴും തുടർന്ന് പോകാൻ എല്ലാവർക്കും സാധിക്കില്ല. 2024ൽ ഇതിന് ഒരു മാറ്റം വരുത്തി നോക്കിയാലോ. നല്ല ആഹാരം മനസ്സറിഞ്ഞ് കഴിക്കുക എന്ന ശീലത്തിന് തുടക്കമിടാം. കഴിക്കുന്നത് എന്തൊക്കെയാണെന്ന്
അറിഞ്ഞ് കഴിക്കുക. ഭക്ഷണം തയ്യാറാക്കാനുള്ള സാധനങ്ങൾ വാങ്ങുന്നത് മുതൽ തയ്യാറാക്കുമ്പോഴും വിളമ്പുമ്പോഴും കഴിക്കുമ്പോഴുമെല്ലാം മനസ്സ് അതിൽ തന്നെയാവണം. മറ്റെന്തെങ്കിലും ജോലി ചെയ്യുമ്പോൾ അതിന്റെ ഒപ്പം ചെയ്യാനുള്ളതല്ല കഴിക്കുക എന്നത്. അങ്ങനെ ചെയ്യുമ്പോൾ നാം എന്തൊക്കെ, എത്രയൊക്കെ കഴിച്ചു എന്നത് അറിയാതെ പോകും. ഫലമോ ശരീരഭാരം അതിന്റെ പാട്ടിനും പോകും. കഴിക്കുമ്പോൾ ഫോൺ മാറ്റിവയ്ക്കാൻ ശ്രദ്ധിക്കുമല്ലോ.
മോശം ഭക്ഷണശീലം ഉപേക്ഷിക്കാം
ഇഷ്ടമുള്ള ആഹാരങ്ങൾ ഉപേക്ഷിക്കാനല്ല ഉദ്ദേശിച്ചത്. കഴിക്കുന്നതിൽ നിങ്ങൾക്കോ നിങ്ങളുടെ ശരീരത്തിനോ ഒരു ഗുണവും ചെയ്യില്ലെന്ന് ഉറപ്പുള്ള ഭക്ഷണശീലങ്ങൾ ഉപേക്ഷിക്കാം. നല്ല ടെൻഷൻ വരുമ്പോൾ വാരിവലിച്ചു കഴിക്കുന്നത്, പാതിരാത്രി എഴുന്നേറ്റ് ഫ്രിഡ്ജിൽ നിന്ന് ചോക്ളേറ്റെടുത്ത് കഴിക്കുന്നത്, പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്, പ്രാതൽ, ഊണ്, അത്താഴം ഇതൊക്കെ നേരമല്ലാനേരത്ത് കഴിക്കുന്നത്, ഒരുപാട് ജങ്ക്ഫുഡ് കഴിക്കുന്നത്, ആഹാരം അതിവേഗം കഴിക്കുന്നത്, ഒരുപാട് മധുരം കഴിക്കുന്നത് ഇതൊക്കെ മോശം ഭക്ഷണശീലങ്ങളാണ്. ഇവയിൽ ഏതൊക്കെ വേണ്ടെന്ന് വയ്ക്കണമെന്ന് തീരുമാനിച്ചാൽ തന്നെ നിങ്ങളുടെ ശരീരവും മനസ്സും നന്നാവും.
പ്രകൃതിയോടിണങ്ങാം
2024ൽ പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ ശീലിക്കാം. മനസ്സ് ശാന്തമാക്കാൻ അതിലും മികച്ച ഉപാധിയില്ലെന്ന് തന്നെ പറയാം. സൂര്യനുദിക്കുന്നതും അസ്തമിക്കുന്നതും കാണാൻ ശ്രമിക്കാം, നിലാവിലിരിക്കാം, ട്രെഡ്മില്ലിന് പകരം പുറത്തിറങ്ങി നടക്കാം, വെള്ളച്ചാട്ടം കാണാനിറങ്ങാം, ചെടികൾ നട്ടുപരിപാലിക്കാം അങ്ങനെ പലവിധ മാർഗ്ഗങ്ങളിലൂടെ പ്രകൃതിയിലേക്കിറങ്ങാം. നമുക്ക് ചുറ്റിനും പച്ചപ്പ് നിറയുന്നത് തന്നെ സന്തോഷം നിറയ്ക്കും.
ആരോഗ്യമാണ് സമ്പത്ത്
കുട്ടിക്കാലത്ത് പഠിച്ചത് ഓർമ്മയില്ലേ. ആരോഗ്യമുള്ള ശരീരമാണ് മനുഷ്യന്റെ സമ്പത്ത്. അത് മാനസികമായും സാമ്പത്തികമായും ഉന്നതിയേകും. അതിനാൽ ഈ പുതുവർഷത്തിൽ ആരോഗ്യപരിപാലനത്തിൽ അൽപം കരുതലാകാം. ഒന്നാംതീയതി തന്നെ ഓടിപ്പോയി ജിമ്മിൽ പോയി 10 ദിവസം കൊണ്ട് നന്നായിക്കളയാം എന്ന് ചിന്തിക്കണ്ട. ഒരു ദിവസം 10,000 അടി നടക്കാമെന്ന് തീരുമാനിക്കാം, അരമണിക്കൂർ ഓടാം, ഒരു മണിക്കൂർ യോഗയോ വ്യായാമോ ചെയ്യാം, അങ്ങനെ ആരോഗ്യ പരിപാലനത്തിന് നമ്മെ സഹായിക്കുന്ന മാർഗങ്ങൾ അനവധിയാണ്. ഇതിൽ നിങ്ങളുടെ ജീവിതരീതിക്കും സമയത്തിനും യോജിച്ചത് എന്തെന്ന് തീരുമാനിച്ച് തുടങ്ങിക്കോളൂ. പതുക്കെ ജിമ്മിലേക്ക് കളംമാറ്റാനും ഈ തുടക്കം നമ്മെ സഹായിക്കും.
നന്നായുറങ്ങാം
അതെ. 2024ൽ തുടങ്ങേണ്ട ഒരു ശീലം ഉറക്കം തന്നെയാണ്. എട്ടുമണിക്കൂറിൽ കൂടുതൽ സമയം ഉറങ്ങുക എന്നതല്ല. ഉറങ്ങുന്ന സമയം നന്നായി ഉറങ്ങുക എന്നതാണ്. എട്ടുമണിക്കൂർ ഉറക്കമാണ് നമ്മുടെ ശരീരത്തിന് ആവശ്യം. ഏറ്റവും കുറഞ്ഞത് ഏഴുമണിക്കൂർ ഉറക്കമെങ്കിലും നേടാൻ ശ്രമിക്കണം. ജോലിയുള്ളതിനാൽ ഉറക്കം നന്നായി ലഭിക്കാറില്ലെന്നത് നാം നമ്മോട് തന്നെ പറയുന്ന കള്ളമാണ്. കൈയിലെ ഫോൺ മാറ്റിവച്ചാൽ പോലും രാത്രി രണ്ടോ മൂന്നോ മണിക്കൂർ നമുക്ക് ലഭിക്കും. മാനസിക സമ്മർദ്ദം കുറയ്ക്കുക, നല്ല ആഹാരം ശീലമാക്കുക, നല്ല രാത്രിശീലങ്ങളുണ്ടാക്കുക എന്നിവയൊക്കെ നന്നായി ഉറങ്ങാൻ നമ്മെ സഹായിക്കും. നല്ല നിദ്രയ്ക്ക് സഹായിക്കുന്ന ശീലങ്ങൾ
വായിക്കാം വളരാം
മൊബൈൽ ഫോൺ കയ്യിലെത്തിയതോടെ പലരും മറന്നുപോയ ശീലങ്ങളിലൊന്നാണ് വായന. 2024ൽ ആ ശീലം വീണ്ടെടുത്താലോ. ഈ വർഷം 10 പുസ്തകം വായിക്കും എന്നൊരു പ്രതിജ്ഞയെടുത്താലോ. ആ വായിക്കാനെടുക്കുന്ന പുസ്തകങ്ങൾ ഏതൊക്കെയെന്ന് തീരുമാനിച്ചും വയ്ക്കാം. ഒരു മാസം ഒരു പുസ്തകം എന്ന കണക്കിൽ വായിച്ചാൽ പോലും പത്തിൽ കൂടുതൽ പുസ്തകങ്ങൾ വായിക്കാൻ സമയവും കിട്ടും. വായിച്ചു കളയാനുള്ളതല്ല, ജീവിതകാലം മുഴുവൻ കൂടെ കൂട്ടാനാവുന്ന, പ്രചോദനകരമാകുന്ന പുസ്തകങ്ങൾ തിരഞ്ഞെടുക്കാം. ദിവസവും രാവിലെ പതിനഞ്ചുമിനിട്ടും രാത്രി 15 മിനിട്ടും വായനയ്ക്കായി മാറ്റി വയ്ക്കാം.
ഒരുദിനം മാറ്റിവയ്ക്കാം
തിരക്ക് പിടിച്ച ദിനങ്ങളാണ് എല്ലാവർക്കും. ഒന്നിനും ആർക്കും സമയമില്ലാതെ ഓടെടാ ഓട്ടം. ആ ഓട്ടത്തിന് തന്നെ ഒന്ന് കടിഞ്ഞാണിട്ടു നോക്കൂ. 2024ൽ മാസത്തിലെ ഒരു ദിനം നിങ്ങൾക്കായി മാറ്റിവയ്ക്കുക എന്നത് ശീലമാക്കാം. ആ ഒരു ദിവസം മുൻകൂട്ടി പ്ളാൻ ചെയ്ത് ജോലിയിൽ നിന്ന് അവധിയെടുക്കാം. പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാം, നിങ്ങൾക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് ഒരു യാത്രയാവാം, തിരക്കൊഴിഞ്ഞ ബസിലെ സൈഡ്സീറ്റ് യാത്ര പോലെ കുട്ടിക്കുട്ടി സന്തോഷങ്ങൾ ആസ്വദിക്കാം. ഇതൊന്നുമല്ലെങ്കിൽ വെറുതെയിരിക്കാം. ജീവിതത്തിന്റെ വേഗം നിയന്ത്രിക്കാൻ ആ ഒരു ദിവസം നിങ്ങളെ സഹായിക്കും.