ഒരു അമ്മ ആകുന്നത് വരെ അതിന്റെ ഭാരിച്ച ഉത്തരവാദിത്തങ്ങൾ എന്തൊക്കെയാണെന്ന് പലരും തിരിച്ചറിയാറില്ല. ഒരു കുഞ്ഞ് വരുന്നു, കൊഞ്ചിക്കുന്നു, കളിപ്പിക്കുന്നു, കൂടി വന്നാൽ ഡയപ്പർ ചേഞ്ച് ചെയ്യേണ്ടി വരുന്നു. ഇതൊക്കെയാവും മനസ്സിൽ. എന്നാൽ, അങ്ങനെയല്ല കാര്യങ്ങൾ. അണുകുടുംബ സംവിധാനത്തിൽ അമ്മയ്ക്ക് ഉത്തരവാദിത്തങ്ങൾ ഇരട്ടിയാണ്. കുഞ്ഞ് ഉണർന്നിരിക്കുന്ന സമയം മുഴുവൻ കുഞ്ഞിനൊപ്പവും, ഉറങ്ങുന്ന സമയം വീട്ടുജോലികളും ചെയ്യേണ്ടി വരും. മൂന്ന് നേരം പോഷകസമ്പുഷ്ടമായ ആഹാരവും രണ്ടുനേരം സ്നാക്ക്സും തയ്യാറാക്കേണ്ടി വരും. ഇതിന് പുറമെ ജോലിക്ക് പോകേണ്ടി വരുന്നവരുമുണ്ട്. പല സ്ത്രീകളും സ്വയം മറക്കാൻ തുടങ്ങും. ദേഷ്യവും വാശിയും പിരിമുറുക്കവും കൂടും. അത് വീട്ടുകാരോടും ചിലപ്പോൾ കുഞ്ഞിനോടും കാണിക്കാൻ തുടങ്ങും. ജീവിതത്തിലെ സന്തോഷം മാഞ്ഞുപോയെന്ന് തോന്നാം. എന്നാൽ, മനം നിറഞ്ഞ് അമ്മത്തം ആസ്വദിക്കാനായുള്ള ചെറുചുവടുകൾ പങ്കുവയ്ക്കാം.
സ്വന്തം കാര്യങ്ങൾക്കും വേണം സമയം
കുഞ്ഞിലും കുടുംബത്തിലും ശ്രദ്ധയൂന്നുമ്പോൾ സ്വന്തം കാര്യം മറന്നുപോവുകയെന്നത് സ്വാഭാവികമാണ്. പക്ഷേ, മറ്റുള്ളവരുടെ കാര്യം നന്നായി നോക്കണമെങ്കിൽ സ്വന്തം ആരോഗ്യം നന്നായിരിക്കണം. അതുകൊണ്ട് അതിനായി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ചിന്തിക്കുക, എഴുതിവയ്ക്കുക, പ്രാവർത്തികമാക്കുക. നന്നായി ഉറങ്ങുക, ധാരാളം വെള്ളം കുടിക്കുക, ദിവസത്തിൽ എപ്പോഴെങ്കിലും കുറച്ച് സമയം വെറുതെ ഇരിക്കാൻ നീക്കി വയ്ക്കുക, വീടിന് പുറത്തിറങ്ങി സമാനപ്രായമുള്ളവരുമായി ചങ്ങാത്തം വയ്ക്കുക, ഒരു ഹോബി കണ്ടുപിടിക്കുക ഇതൊക്കെ ചെയ്യാവുന്നതാണ്. എവിടെയും പോകാനില്ലെങ്കിൽ കൂടി സ്വന്തം സൗന്ദര്യവും കൂടി ശ്രദ്ധിക്കാം. അതിനായി ഒരു ദിനചര്യ രൂപപ്പെടുത്തുന്നത് നല്ലതാണ്.
ചിട്ടയാണ് ചട്ടം
കുഞ്ഞ് ഉറങ്ങുമ്പോഴോ ഭർത്താവ് വീട്ടിലുള്ളപ്പോഴോ മാത്രം വീട്ടുജോലികൾ ചെയ്യാൻ സമയം കിട്ടുന്നവരാണോ നിങ്ങൾ. അപ്പോൾ സമയം അതിന് അനുസരിച്ച് ക്രമപ്പെടുത്തിയാൽ മതി. ചെയ്തു തീർക്കേണ്ട കാര്യങ്ങൾ ദിവസം,ആഴ്ച, മാസം എന്നിങ്ങനെ തരം തിരിക്കാം. അതായത് ദിവസം ചെയ്യേണ്ട ജോലികൾ ഭക്ഷണം ഉണ്ടാക്കൽ, പാത്രം കഴുകൽ, വീട് തുടയ്ക്കൽ, എന്നിങ്ങനെ. ആഴ്ചയിൽ ഒരിക്കൽ ബാത്ത്റൂം വൃത്തിയാക്കൽ, ബെഡ്ഷീറ്റ് മാറ്റി അത് കഴുകുക എന്നിങ്ങനെ. മാസത്തിൽ വീട്ടിലേക്ക് ആവശ്യമായ കാര്യങ്ങളെല്ലാം വാങ്ങിക്കുന്നതും ഉൾപ്പെടുത്താം. ഓരോ ജോലിയും ഒരു ഡയറിയിൽ കൃത്യമായി എഴുതിവച്ച് ചെയ്യുന്നത് കൂടുതൽ സഹായിക്കും. ഒരുമാസത്തെ ഭക്ഷണത്തിന്റെ മെനു ഉൾപ്പെടെ. രാവിലെ എഴുന്നേറ്റ് എന്തുണ്ടാക്കും എന്ന് ചിന്തിച്ച് സമയം കളയാതിരിക്കാം. തലേ ദിവസം തന്നെ പിറ്റേന്നുള്ള ഭക്ഷണത്തിനായി ഒരുക്കി വച്ചാൽ രാവിലെ നിങ്ങൾക്കായുള്ള സമയം കണ്ടെത്താൻ എളുപ്പമാകും.
സമയം ഫലപ്രദമാക്കുക
കിട്ടുന്ന സമയം അതെത്ര കുറവാണെങ്കിൽ തന്നെയും ഫലപ്രദമായി ഉപയോഗിക്കാൻ ശീലിക്കാം. നിങ്ങൾക്ക് ഇഷ്ടമുള്ളത് എന്തും ചെയ്യാൻ ഈ ലഭിക്കുന്ന സമയം ഉപയോഗപ്പെടുത്തി നോക്കൂ. തയ്ക്കാനോ വരയ്ക്കാനോ എഴുതാനോ പാട്ടുപഠിക്കാനോ ഡാൻസ് ചെയ്യാനോ അങ്ങനെ എന്തും ചെയ്യാം. കാലങ്ങൾക്ക് ശേഷം തിരിഞ്ഞു നോക്കുമ്പോൾ കുഞ്ഞിനെ നോക്കി സമയം പാഴായെന്ന് തോന്നാതിരിക്കാൻ ഇത് സഹായിക്കും.
സഹായം രണ്ടുകയ്യും നീട്ടി സ്വീകരിച്ചോ
അടുത്ത വീട്ടിലെ ചേച്ചി വന്ന് എന്തെങ്കിലും സഹായം വേണോ എന്ന് ചോദിച്ചാൽ ഒട്ടും മടിക്കാതെ വേണം എന്നുതന്നെ പറഞ്ഞോളൂ. സംസാരിച്ചിരിക്കുമ്പോൾ രണ്ട് ഉള്ളി തൊലി കളഞ്ഞുകിട്ടിയാൽ പോലും വലിയ ഉപകാരമാകും. സഹായത്തിന്റെ കാര്യം പറയുമ്പോൾ ഉത്തരവാദിത്തം പങ്കിടുന്ന കാര്യം കൂടി ഓർക്കുക. വീട്ടുകാര്യങ്ങളിലും കുഞ്ഞിന്റെ കാര്യങ്ങളിലും ഭാര്യയ്ക്കും ഭർത്താവിനും തുല്യ ഉത്തരവാദിത്തമാണ്.
നിങ്ങളേക്കാൾ മികച്ച അമ്മയില്ല
അതെ, ലോകത്ത് നിങ്ങളുടെ കുഞ്ഞിന് നിങ്ങളേക്കാൾ മികച്ച അമ്മയെ കിട്ടാനില്ല എന്ന് മനസ്സിലാക്കുക. കുഞ്ഞിനെ നേരെ നോക്കാനായില്ല, അവനോട് വഴക്കിട്ടു എന്നൊക്കെ പറഞ്ഞ് സങ്കടപ്പെടുകയും അതിന്റെ ദേഷ്യം മറ്റുള്ളവരോട് കാട്ടുകയും ചെയ്യാതിരിക്കുക. കുഞ്ഞിനെ നോക്കുന്നതിൽ കുറ്റബോധം ആവശ്യമില്ലെന്ന് മനസ്സിലാക്കുക. അവർക്ക് ഏറ്റവും മികച്ചത് നൽകാൻ നാം എപ്പോഴും പരിശ്രമിക്കുന്നുണ്ടെന്ന് തിരിച്ചറിയുക. മറ്റുള്ളവരെ ബോധ്യപ്പെടുത്താനായി നല്ല അമ്മ ചമയേണ്ടതില്ല. എപ്പോഴും പെർഫക്ഷനിസ്റ്റായി ഇരിക്കേണ്ടതില്ലെന്നും അറിഞ്ഞിരിക്കുക.