×
സച്ചിൻ ബിസിനസിൽ ​'ചെറിയകാര്യങ്ങളുടെ വലിയ തമ്പുരാൻ'

സച്ചിൻ ടെണ്ടുൽക്കർ, ക്രിക്കറ്റിന്റെ ദൈവം കഴിഞ്ഞ ദിവസം 51 വയസ് പിന്നിട്ടു. ബാറ്റ് കൊണ്ട് ചരിത്രം രചിച്ചിട്ടുള്ള സച്ചിൻ തന്റെ  39ാമത്തെ വയസിലാണ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നത്. എന്നാൽ, വെറും 22 യാർഡിനുള്ളിൽ അവസാനിക്കുന്നതല്ല സച്ചിന്റെ മികവ്. 2024ൽ 165ദശലക്ഷം ഡോളറാണ് സച്ചിന്റെ ആസ്തി. ഇത് ക്രിക്കറ്റ് കളിച്ച് മാത്രം ഉണ്ടാക്കിയതാണോ? അല്ല എന്നാണ് ഉത്തരം! ക്രിക്കറ്റ് കളിച്ചു നേടിയ പണം മികച്ച സംരംഭങ്ങളിൽ നിക്ഷേപിച്ചും പുതിയ സംരംഭങ്ങൾ തുടങ്ങിയും തന്റെ സമ്പത്ത് സച്ചിൻ വളർത്തിയെടുക്കുകയായിരുന്നു. ബി.എം.ഡബ്ല്യു, അഡിഡാസ്, അൺഅക്കാഡമി തുടങ്ങിയ കമ്പനികൾക്ക് ബ്രാൻഡ് അംബാസിഡറായും സച്ചിൻ വർഷാവർഷം കോടികൾ സമ്പാദിക്കുന്നുണ്ട്. സച്ചിൻ ഒരു മികച്ച സംരംഭകനുമാണ്. വ്യത്യസ്തമായ ക്രിക്കറ്റ് ഷോട്ടുകൾ പോലെ തന്നെ വ്യത്യസ്തമാണ് അദ്ദേഹത്തിന്റെ ബിസിനസ് സംരംഭങ്ങളും. അവയെന്തൊക്കെ എന്നറിയാം. 

2002ൽ ടെൻഡുൽക്കർസ് എന്ന പേരിൽ ഹോട്ടൽ ബിസിനസ് ആരംഭിച്ചിരുന്നു സച്ചിൻ. മുംബൈയിലും ബാം​ഗ്ളൂരുവിലും സച്ചിൻസ് എന്ന പേരിൽ ഹോട്ടലുകൾ ആരംഭിച്ചിരുന്നുവെങ്കിലും ഇതൊന്നും വിജയം കണ്ടില്ല. തുടർന്ന് മറ്റു ബിസിനസിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ഇദ്ദേഹം. ബി​ഗ് ബസാർ സച്ചിനോടുള്ള ആദരമായി സച്ച് എന്ന പേരിൽ ഉത്പന്നങ്ങൾ ഇറക്കിയിരുന്നു. ഇതിൽ സച്ചിനും പങ്കാളിയായിരുന്നു. യു.എ.ഇ കേന്ദ്രീകരിച്ചുള്ള മുസാഫിർ എന്ന ട്രാവൽ പോർട്ടലിന്റെ ബ്രാൻഡ് അംബാസിഡ‌ർ എന്നതിന് പുറമെ കമ്പനിയുടെ 7.5 ശതമാനം പങ്കും സച്ചിനുണ്ട്. ഐഎസ്എലിന്റെ ആരംഭകാലത്തെ ഉടമകളിൽ ഒരാളായിരുന്നു സച്ചിൻ. എന്നാൽ, നാല് വർഷത്തിന് ശേഷം 2018ൽ തന്റെ ഓഹരികൾ സച്ചിൻ വിറ്റു.  

നിലവിൽ ട്രൂ ബ്ലൂ എന്ന പേരിൽ ഒരു വസ്ത്ര ബ്രാൻഡ് ഉണ്ട് സച്ചിൻ ടെണ്ടുൽക്കറിന്. അർവിന്ദ് ഫാഷൻ ബ്രാൻഡുമായി സഹകരിച്ച് 2016 മേയിലാണ് സച്ചിൻ ട്രൂ ബ്ലൂവിന് തുടക്കമിട്ടത്.  പരമ്പരാ​ഗത വസ്ത്രങ്ങളിൽ ആധുനികത ചാലിച്ചുള്ള വസ്ത്ര വൈവിധ്യങ്ങളാണ് പുരുഷന്മാരെ ലക്ഷ്യമിട്ടുള്ള ട്രൂ ബ്ലൂ പുറത്തിറക്കുന്നത്. ഷർട്ട്, കുർത്ത, ഡെനിം, എന്നിങ്ങനെ നീളുന്ന വസ്ത്രശേഖരങ്ങളുള്ള ട്രൂ ബ്ലൂവിന്റെ മുഖവും മോഡലുമെല്ലാം സച്ചിൻ തന്നെ. ഇതുകൂടാതെ, സച്ചിനും ഭാര്യ അഞ്ജലിയും ചേർന്ന് നടത്തുന്ന എസ്. ആർ.ടി സ്പോർട്സ് മാനേജ്മെന്റ് എന്ന കമ്പനിയുമുണ്ട്. കായികവിനോദങ്ങളെ സ്നേഹിക്കുന്ന രാജ്യം എന്നതിൽ നിന്ന് കായികവിനോദങ്ങളിൽ മുൻപന്തിയിലുള്ള രാജ്യം എന്നതിലേക്ക് രാഷ്ട്രത്തെ വളർത്തുക എന്ന സച്ചിന്റെ സ്വപ്നത്തെ സാക്ഷാത്കരിക്കാൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ പൊതുജന മധ്യത്തിലെത്തിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ചതാണ് എസ്.ആർ.ടി സ്പോർട്സ് മാനേജ്മെന്റ് കമ്പനി. ഇത് കൂടാതെ സ്മാർട്രണുമായി സഹകരിച്ച് എസ്ആർടി ഫോണും സച്ചിൻ വിപണിയിലെത്തിച്ചിട്ടുണ്ട്. ഇവ കൂടാതെ നിരവധി സംരംഭങ്ങളിൽ പണമിറക്കിയിട്ടുമുണ്ട് സച്ചിൻ