രാജ്യത്തിനാകെ അഭിമാനമായി ഒരു എൻജിനീയറിംഗ് അത്ഭുതം. കൊൽക്കത്തയിലെ അണ്ടർവാട്ടർ മെട്രോ ടണലിനെ അങ്ങനെ വിശേഷിപ്പിക്കാം. ഇന്ത്യയിലെ ആദ്യമായി മെട്രോട്രെയിൻ വെള്ളത്തിനടിയിലൂടെ സഞ്ചരിക്കാൻ തുടക്കമിടുമ്പോൾ കൊൽക്കത്തയും അവിടുത്തെ മെട്രോ ട്രെയിനുകളും വീണ്ടും ആളുകളെ അത്ഭുതപ്പെടുത്തുകയാണ്. ഈസ്റ്റ് വെസ്റ്റ് മെട്രോയുടെ ഭാഗമായി ഹൗറ മൈതാൻ മുതൽ എക്സ്പ്ലനേഡ് വരെ നീളുന്ന യാത്രയ്ക്കായാണ് ഹൂഗ്ലിനദിയിൽ 520 മീറ്റർ നീളമുള്ള മെട്രോ ടണൽ നിർമ്മിച്ചിരിക്കുന്നത്. 16.5 കിലോമീറ്റർ കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ 10.8 കിലോമീറ്റർ ഭൂമിക്കടിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഈ അണ്ടർ വാട്ടർ മെട്രോയ്ക്ക് ആറു സ്റ്റേഷനുകളുള്ളതിൽ മൂന്നെണ്ണം ഭൂമിക്കടിയിലാണ്. 2017ലാണ് ഈ അണ്ടർ വാട്ടർ മെട്രോ ടണലിന്റെ നിർമ്മാണം തുടങ്ങിയത്. ഏഴുവർഷം കൊണ്ട് പൂർത്തിയാക്കിയ ഈ അണ്ടർവാട്ടർ മെട്രോ ടണൽ കൊൽക്കത്ത സന്ദർശിക്കുന്നവരുടെ ലിസ്റ്റിലിടം നേടുമെന്ന് ഉറപ്പ്.
ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ ടണൽ എന്ന ഖ്യാതി പോലെ തന്നെ കൊൽക്കത്തയ്ക്ക് സ്വന്തമാണ് ഇന്ത്യയിലെ ആദ്യ മെട്രോ ട്രെയിൻ സർവീസും, അതും ഭൂഗർഭ മെട്രോ സർവീസ്. വിദ്യാബാലൻ നായിക ആയ കഹാനി എന്ന ബോളിവുഡ് സിനിമയുൾപ്പെടെ ഒട്ടനവധി ചിത്രങ്ങളിൽ കൽക്കത്തയിലെ ഭൂഗർഭ മെട്രോ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. കൊച്ചിമെട്രോ പോലും അത്ഭുതമാകുന്ന മലയാളികൾക്ക് ചിന്തിക്കാവുന്നതിന് അപ്പുറമാണ് കൊൽക്കത്തയിലെ ഭൂമിക്കടിയിലുള്ള മെട്രോ ട്രെയിൻ എന്നത്. പടികളിറങ്ങി മെട്രോ സ്റ്റേഷനിലേക്ക് എത്തുമ്പോൾ മുതൽ ആ യാത്രാനുഭവം നമുക്ക് സാധ്യമായി തുടങ്ങും. മുംബയ് പോലെ കൊൽക്കത്തയിലെ നഗരവാസികൾ ജോലി സ്ഥലത്തെത്താനും തിരികെ വീട്ടിലെത്താനും ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഈ മെട്രോ ട്രെയിനുകൾ തന്നെയായതിനാൽ തിരക്കിന് കുറവില്ല. 5 രൂപയിൽ ആരംഭിക്കുന്ന യാത്രാനിരക്കും മറ്റൊരു കാരണമാണ്. പ്രതിദിനം ഏഴ് ലക്ഷത്തോളം പേരാണ് മെട്രോസർവീസിനെ ആശ്രയിക്കുന്നത്. 2024 ഒക്ടോബറിൽ കൊൽക്കത്തയിൽ മെട്രോ സർവീസ് ആരംഭിച്ചിട്ട് 40 വർഷം പൂർത്തിയാകും. എന്നാൽ, മെട്രോകൾ മാത്രമല്ല കൊൽക്കത്തയിലെ യാത്രകൾ എളുപ്പവും അനുഭവവേദ്യവുമാക്കുന്നത്.
കൗതുകങ്ങൾ കാത്തുവച്ച കൊൽക്കത്ത
എന്നും സഞ്ചാരികൾക്കായി അത്ഭുതവും കൗതുകവും കാത്തുവച്ചിട്ടുള്ള നഗരമാണ് കൊൽക്കത്ത. ബ്രിട്ടീഷ് ഭരണകാലത്ത് തലസ്ഥാനനഗരിയായിരുന്ന കൊൽക്കത്തയ്ക്ക് അതിമനോഹരമായ ഒരു സംസ്കാരവുമുണ്ട്. എന്നാൽ, ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ലാത്ത വിധം വിവിധങ്ങളായ യാത്രാസൗകര്യങ്ങളാണ് കൊൽക്കത്തയെ വേറിട്ടുനിർത്തുന്നത്. ഭൂമിക്കടിയിലൂടെ പോകുന്ന മെട്രോട്രെയിനുകൾക്ക് പുറമെ റോഡിന് നടുവിലൂടെയുള്ള റെയിൽപാളങ്ങളിലൂടെ സഞ്ചരിക്കുന്ന ചെറുതീവണ്ടിയായ ട്രാം, മഞ്ഞ ടാക്സികാറുകൾ, ആളുകൾ വലിക്കുന്ന റിക്ഷകൾ, രാജ്യത്തെ ഏറ്റവും വലിയ സബർബൻ റെയിൽവേ ശൃംഖലയായ കൊൽക്കത്ത സബർബൻ റെയിൽവേ, വെള്ളത്തിലൂടെ പോകാൻ ബോട്ടുകൾക്ക് പുറമെ പായവഞ്ചികൾ, വട്ടവഞ്ചികൾ ഇവയൊക്കെ കൊൽക്കത്തയ്ക്കുണ്ട്. ബസുകൾ, ഓട്ടോറിക്ഷകൾ, പുത്തൻ ടാക്സി സംസ്കാരമായ ഓൺലൈൻ ടാക്സികൾ, സ്വകാര്യവാഹനങ്ങൾ എന്നിവയൊക്കെ തിങ്ങിനിറഞ്ഞു പോകുന്നതാണ് നഗരത്തിലെ റോഡുകൾ. എല്ലായിടത്തും ട്രാഫിക് വാർഡൻമാരും സിഗ്നലുകളുമെല്ലാമുണ്ടെങ്കിലും അതിനൊന്നും തടഞ്ഞുനിർത്താനാവാത്ത ജനസമുദ്രമാണ് നഗരത്തിലെപ്പോഴും. ഇവയ്ക്കിടയിലൂടെ എപ്പോഴും തിരക്കിട്ടോടുന്ന നഗരവാസികളെയും കാണാം.
കൊൽക്കത്തയിൽ ട്രാം ഓടിത്തുടങ്ങിയിട്ട് കഴിഞ്ഞ വർഷം ഒന്നര നൂറ്റാണ്ട് പിന്നിട്ടു. ബ്ലെസി സംവിധാനം ചെയ്ത് 2008ൽ പുറത്തിറങ്ങിയ കൽക്കട്ട ന്യൂസ് ഉൾപ്പെടെയുള്ള പല സിനിമകളിലൂടെയും കൽക്കത്തയിലെ ട്രാം മലയാളികൾക്ക് പരിചിതമാണ്. എവിടെയും തിരക്കിട്ട് എത്താനില്ലെങ്കിൽ കൽക്കത്തയിലെ അതിമനോഹരമായ ഒരു യാത്രാ അനുഭവം തന്നെയാണ് ട്രാം സമ്മാനിക്കുക. ഒരാൾക്ക് നടന്ന് കയറാവുന്ന വേഗതയിലാണ് ട്രാമിന്റെ സഞ്ചാരം. തിരക്കിട്ട നഗരത്തിലൂടെ ട്രാം പോകേണ്ട സമയമാകുമ്പോൾ പാളം കടന്നുപോകുന്ന റോഡുകളിലെ ട്രാഫിക്ക് ഒരു നിമിഷം നിശ്ചലമാകും. ട്രാമിലിരിക്കുമ്പോൾ നമ്മേക്കാൾ വേഗത്തിൽ സൈക്കിളുകാരൻ പോലും പോകുന്നത് കണ്ട് സ്വയം ചിരിച്ചുകൊണ്ട് ആ യാത്ര ആസ്വദിക്കാം. ലോകവും യാത്രാസൗകര്യങ്ങളും വേഗം വച്ചെങ്കിലും ഒരിടത്ത് നിന്ന് തൊട്ടടുത്തുള്ള മറ്റൊരിടത്തേക്ക് വെയിൽ കൊണ്ട് നടക്കാൻ വയ്യെന്ന് കരുതുന്നവർ ഇന്നും ട്രാമിനെ ഉപയോഗപ്പെടുത്തുന്നു. ബ്രിട്ടീഷുകാർ തുടങ്ങിവച്ച ഈ യാത്രാസൗകര്യം ഉള്ള ഇന്ത്യയിലെ ഏകനഗരം കൊൽക്കത്തയാണ്.
കൊൽക്കത്ത നഗരത്തിന്റെ മറ്റൊരു പ്രത്യേകതയാണ് മഞ്ഞ അംബാസിഡർ കാറുകൾ. ഓൺലൈൻ ടാക്സികൾ കളംപിടിച്ചിട്ടും പാരമ്പര്യം വിട്ടുകളയാൻ കൊൽക്കത്ത തയ്യാറല്ലെന്ന് തെളിയിക്കുന്നതാണ് നഗരത്തിലൂടെ ഇന്നും ഓടുന്ന ഈ മഞ്ഞ ടാക്സിക്കാറുകൾ. അംബാസിഡറുകൾക്ക് പുറമെ മാരുതി സ്വിഫ്റ്റ്, ഇൻഡിഗോ തുടങ്ങിയ മോഡലുകളുമുണ്ട്. കൽക്കത്തയിലെത്തിയാൽ സൗകര്യവും ആഡംബരവും പ്രതീക്ഷിച്ച് ഒരിക്കലും ഈ ടാക്സി യാത്രകൾ ചെയ്യാൻ തീരുമാനിക്കരുത്. പഴമയുടെ മണമാണ് ടാക്സികൾക്കേറെയും. ഡ്രൈവർ സീറ്റിലും മിക്കവാറും പ്രായമായ ആളുകൾ തന്നെയാവും. എങ്കിലും കൊൽക്കത്തയുടെ തിരക്കിനിടയിലൂടെ ആ വാഹനങ്ങൾ നിങ്ങളെ കൃത്യമായി എത്തിച്ചിരിക്കും. കയറും മുമ്പ് തുക പറഞ്ഞുറപ്പിക്കാൻ മറക്കരുതെന്ന് മാത്രം.
ഇന്നും കൊൽക്കത്തയിലെ പ്രധാനകാഴ്ചളിലൊന്നാണ് ആളുകൾ കൈകൊണ്ട് വലിക്കുന്ന റിക്ഷകൾ. രാജ്യത്തിന്റെ ഒട്ടുമിക്ക എല്ലാ നഗരങ്ങളും വിട ചൊല്ലിയ ഈ യാത്രാസൗകര്യം ഇന്നും വിടാതെ കൂടെക്കൂട്ടിയിരിക്കുകയാണ് കൊൽക്കത്ത. ദാരിദ്ര്യം പകൽപോലെ വ്യക്തമാണ് കൊൽക്കത്തയിൽ. വഴിയോരങ്ങളെല്ലാം തന്നെ ടെന്റുകളും അതിനുള്ളിൽ ജീവിതങ്ങളും സ്ഥാനം പിടിച്ചിരിക്കുകയാണ്. ഈ ദാരിദ്ര്യം തന്നെയാണ് ഇന്നും പലരെയും ഇത്തരം റിക്ഷകൾ വലിക്കാൻ പ്രേരിപ്പിക്കുന്നതും. തികച്ചും മനുഷ്യവിരുദ്ധമെന്ന് നമുക്ക് തോന്നാമെങ്കിലും വിശപ്പാണ് ഏറ്റവും വലുതെന്ന സത്യം നമുക്ക് കാട്ടിത്തരുന്നതാണ് ഈ റിക്ഷകളും അത് വലിക്കുന്നവരും. പ്രധാന നഗരവീഥികളിലല്ല, നഗരത്തിലെ തന്നെ ഇടുങ്ങിയ പാതകളിലാണ് മിക്കവാറും ഈ കൈവണ്ടികളിൽ ആളുകൾ യാത്ര ചെയ്യുന്നത്. കൊവിഡിന് ശേഷം റിക്ഷകൾ വലിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ട്.
കരയിലെ സൗകര്യങ്ങൾ പോലെ തന്നെയാണ് കൊൽക്കത്തയിലെ ജലഗതാഗതവും. ഹൂഗ്ലീ നദിയിലൂടെ ഒഴുകിപ്പോകുന്ന തോണികളും പായ്വഞ്ചികളും വട്ടവഞ്ചികളും നഗരത്തിലെ മനോഹരമായ കാഴ്ചകളും കൂടിയാണ്. പുലർച്ചെയും വൈകുന്നേരങ്ങളിലും സഞ്ചാരികളെ കാത്ത് ഒട്ടനവധി വഞ്ചികൾ നദീക്കരകളിലുണ്ടാകും. നഗരത്തിന്റെ ഇരുകരകളെ ബന്ധിപ്പിച്ചുകൊണ്ട് ഒരുപാട് ബോട്ട്സർവീസുകളും ഉണ്ട്. ഈ ബോട്ട് സർവീസ് ഉപയോഗപ്പെടുത്തിയാൽ ഹൗറ ബ്രിഡ്ജിന്റെ മറ്റൊരു മനോഹരദൃശ്യം കൂടി നമുക്ക് കാണാനാവും.