പ്രസീത മേനോൻ, പേര് കേട്ടാലറിയാത്തവരും ബഡായി ബംഗ്ലാവിലെ അമ്മായിയെ അറിയും. മുപ്പതു വർഷത്തിലേറെയായി മലയാള സിനിമാരംഗത്തുള്ള സിനിമയിൽ തന്റെ പുതിയ ഇന്നിംഗ്സിന് തുടക്കം കുറിക്കുകയാണ്. ആർ.ജി.എം വെൻച്വേഴ്സ് എന്റർടെയിൻമെന്റ് കമ്പനി എന്ന തന്റെ നിർമ്മാണക്കമ്പനിയിലൂടെ ദക്ഷിണേന്ത്യൻ സിനിമാമേഖലയിൽ നിർമ്മാതാവായി ചുവടുറപ്പിക്കാൻ ലക്ഷ്യമിടുകയാണ് പ്രസീത. പുതുക്കോട്ടൈയിലെ പുതുമണവാളൻ, പത്രം, ഡാർലിംഗ് ഡാർലിംഗ് തുടങ്ങി ഒരുപിടി ചിത്രങ്ങളിലൂടെ മലയാളീപ്രേക്ഷകരുടെ ഇഷ്ടം നേടിയ താരം സിനിമാജീവിതവും വരും പ്രതീക്ഷകളും പങ്കുവയ്ക്കുകയാണ് മ്യൂസിൽ.
കുട്ടിക്കാലം നൈജീരിയയിലായിരുന്നുവല്ലോ. അവിടുത്തെ ജീവിതം ഓർമ്മയുണ്ടോ?
എന്റെ അച്ഛൻ ഒരു ഷിപ്പിംഗ് കമ്പനിയിൽ ലീഗൽ മാനേജറായി ജോലി ചെയ്യവേ ആണ് നൈജീരിയയിലെ ലാഗോസ് എന്ന നഗരത്തിൽ കുടുംബവുമൊത്ത് താമസമാക്കിയത്. വളരെ കുഞ്ഞായിരുന്നപ്പോഴാണ് ഞാൻ അവിടെ പോകുന്നതും അവിടുത്തെ പ്രൈമറി സ്കൂളിൽ പഠിക്കാൻ തുടങ്ങിയതും. അമ്മ അതേ സ്കൂളിൽ ടീച്ചറായിരുന്നു. സ്കൂളിന്റെ ഫോട്ടോസ് ഒക്കെ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. എന്റെ കൂട്ടുകാരേക്കാൾ എന്റെ ചേച്ചിയുടെ കൂട്ടുകാരെയാണ് ഓർമ്മ. സമ്പന്നമായ ഒരിടമായിരുന്നു ലാഗോസ്. നമ്മുടെ കേരളത്തിലെ അതേ കാലാവസ്ഥയായിരുന്നു അവിടെ. കാണുമ്പോൾ പേടി തോന്നുമെങ്കിലും ഞാൻ പരിചയപ്പെട്ടിട്ടുള്ളതിൽ ഏറ്റവും നല്ല മനുഷ്യരാണ് അവിടെയുള്ളത്. പ്രൈമറി സ്കൂൾ കാലഘട്ടം കഴിഞ്ഞപ്പോൾ അവിടെ ആഭ്യന്തര പ്രശ്നങ്ങൾ കാരണം ഭരണം മിലിട്ടറി ഏറ്റെടുക്കുന്ന സാഹചര്യം വന്നു. അത്തരം അവസ്ഥയിൽ മക്കളുമൊത്ത് നിൽക്കുന്നത് നല്ലതല്ലെന്ന് തോന്നി അച്ഛൻ അമ്മയെയും ഞങ്ങളെയും നാട്ടിലേക്ക് പറഞ്ഞുവിട്ടു. പിന്നീട് കലൂരിലെ സെവൻത് ഡേ അഡ്വന്റിസ്റ്റ് സ്കൂളിലായി വിദ്യാഭ്യാസം.
സിനിമാലോകത്തേക്കുള്ള വരവ് എങ്ങനെയായിരുന്നു?
വളരെ യാദൃശ്ചികമായിരുന്നു സിനിമയിലേക്ക് വരുന്നത്. നൈജീരിയയിൽ നിന്ന് അവധിക്കാലത്ത് വന്നപ്പോഴാണ് ആദ്യമായി ഒരു സിനിമാഷൂട്ടിംഗ് കാണുന്നത്. എന്റെ ബന്ധുവായിരുന്നു കാർത്തിക. ചേച്ചി നായിക ആയ നീയെത്ര ധന്യ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് സിനിമ എന്താണെന്ന് ഞാൻ ആദ്യമായി കാണുന്നതും മനസ്സിലാക്കുന്നതും. സെവൻ ആർട്സ് ഫിലിം ഇന്റർനാഷണലിലെ വിജയകുമാർ അങ്കിളും ജയകുമാർ അങ്കിളുമൊക്കെ ഞങ്ങളുടെ ഫാമിലി ഫ്രണ്ട്സ് ആണ്. ഒരു ഗെറ്റ് ടുഗെദറിൽ വച്ചാണ് അവർ മൂന്നാംമുറ എന്ന സിനിമയിലേക്ക് ബാലതാരത്തെ നോക്കുന്നുണ്ടെന്ന് പറയുന്നത്. പ്രസീതയെ വിടാമോ എന്ന് അവർ ചോദിച്ചു. അച്ഛനുമമ്മയും ആദ്യം എതിർത്തു. എന്നോട് ചോദിച്ചപ്പോൾ ചെയ്തിട്ട് തെറ്റിയാലോ എന്നോർത്ത് വേണ്ട അങ്കിളേ എന്ന് ഞാനും ഒഴിഞ്ഞു. എങ്കിലും അവരോട് നോ പറയാൻ പറ്റാത്തത് കൊണ്ട് ശ്രമിച്ചുനോക്കിക്കോളൂ എന്ന് അച്ഛൻ പറഞ്ഞു. ഡയറിമിൽക്ക് ഒക്കെ തരാമെന്ന് പറഞ്ഞപ്പോൾ ആ പ്രലോഭനത്തിൽ ഞാനും വീണു. അങ്ങനെയാണ് മൂന്നാംമുറയിലെ ആഭ്യന്തരമന്ത്രിയുടെ കൊച്ചുമകളായി ഞാൻ അഭിനയിക്കുന്നത്. ആദ്യത്തെ സിനിമയിൽ തന്നെ മൈ നെയിം ഈസ് അനിത എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഡയലോഗും കിട്ടി.
പിന്നീട് സിനിമയെ സീരിയസ് ആയി എടുക്കുകയായിരുന്നോ?
സിനിമ ഒരിക്കലും എന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല. നൈജീരിയയിലേക്ക് തന്നെ തിരികെ പോകും എന്നൊക്കെയായിരുന്നു അപ്പോഴും കരുതിയത്. എങ്കിലും സിനിമയെന്നത് ഒരു മായികലോകമാണ്. ഒരിക്കൽ ചെന്നുപെട്ടാൽ വീണ്ടും ചെയ്യാൻ തോന്നുന്ന ഇടം. അങ്ങനെ ഒരു ആകർഷണവലയമാണത്. ആ സിനിമയ്ക്ക് ശേഷം നാനാ മാഗസിനിൽ അഭിമുഖം വരികയും അതിൽ വീട്ടിലെ നമ്പർ നൽകുകയുമൊക്കെ ചെയ്തിരുന്നു. അങ്ങനെ കൂടുതൽ അവസരങ്ങൾ എന്നെ തേടിയെത്താൻ തുടങ്ങി. അവസരങ്ങൾ വരാൻ തുടങ്ങിയപ്പോൾ അതിൽ നല്ല വേഷങ്ങളെന്ന് തോന്നുന്നവ അച്ഛനും അമ്മയും തിരഞ്ഞെടുക്കുകയും ചെയ്യാൻ സമ്മതിക്കുകയും ചെയ്തു. അങ്ങനെ പഠിത്തത്തിനൊപ്പം അഭിനയിക്കാനും പോകും. അന്നും ഇന്നും തിരഞ്ഞെടുത്ത് മാത്രമേ ഞാൻ സിനിമ ചെയ്യാറുള്ളൂ.
മിമിക്രി എങ്ങനെ ജീവിതത്തിന്റെ ഭാഗമായി?
ഞാൻ പ്രൊഫഷണൽ മിമിക്രി ആർട്ടിസ്റ്റ് അല്ല. മൂന്നാംമുറയുടെ സെറ്റിൽ വച്ചാണ് ഞാൻ ഒരുപാട് താരങ്ങളെ നേരിൽ കാണുന്നത്. മലയാള സിനിമയിൽ മമ്മൂക്ക ഒഴിച്ച് ഒട്ടുമിക്ക താരങ്ങളും ആ ചിത്രത്തിലുണ്ടായിരുന്നു. അവിടെ വച്ച് അവരൊക്കെ ഇരിക്കുന്നതും നടക്കുന്നതും സംസാരിക്കുന്നതുമെല്ലാം വളരെ കൗതുകത്തോടെ നോക്കിക്കാണുമായിരുന്നു. പിന്നെ, വീട്ടിലെ ബാത്ത്റൂം എന്റെ പരീക്ഷണക്കളരിയായി. കുളിക്കാൻ കയറുമ്പോഴൊക്കെ ഇവരെ അനുകരിച്ച് നോക്കും. എന്റെ പരുക്കൻ ശബ്ദം അതിന് അനുകൂലമായി വന്നു. ഒരു ദിവസം എന്റെ ചേച്ചി പ്രിയ ഇത് കണ്ടുപിടിച്ചു. ബാത്ത്റൂമിൽ നിന്ന് എന്താ ആണുങ്ങളുടെ ശബ്ദം വരുന്നതെന്നാ അവൾ ചോദിച്ചത്. അങ്ങനെ അവൾക്ക് ഇത് കേൾപ്പിച്ചു കൊടുത്തു. കേട്ടപ്പോൾ വീട്ടിൽ എല്ലാവരും പ്രോത്സാഹിപ്പിച്ചു. യുവജനോത്സവത്തിൽ മത്സരിക്കാനൊക്കെ പോകാമെന്ന് അവർ പറഞ്ഞു. അങ്ങനെ അറിയാതെ വന്നതാണ് മിമിക്രിയിലേക്കും.
മിമിക്രി സിനിമയിൽ ഉപകാരപ്പെട്ടിട്ടുണ്ടോ?
ഡാർലിംഗ് ഡാർലിംഗിലെ വേഷം ചെയ്യാൻ ആ കഥാപാത്രത്തെ കുറിച്ച് വിശദീകരിച്ചപ്പോൾ ശാലിനി സുന്ദരിയാണ് എന്നാൽ ദിലീപേട്ടന്റെ കഥാപാത്രം എന്നെ നിരസിക്കണം എന്ന് സംവിധായകൻ രാജസേനൻ ചേട്ടൻ പറഞ്ഞു. അത് എങ്ങനെ സാധ്യമാകും എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. അപ്പോൾ ഞാൻ നിർദ്ദേശിച്ചതാണ് ശബ്ദം മാറ്റാമെന്ന്. അങ്ങനെയാണ് ആ കഥാപാത്രത്തിന്റെ ശബ്ദം ആണിന്റേതിന് തുല്യമാക്കി അവതരിപ്പിച്ചത്. മിമിക്രി അവിടെ ഒരുപാട് സഹായിച്ചു.
സിനിമ ചെയ്യാൻ തുടങ്ങിയപ്പോൾ മുതൽ സ്വഭാവനടിയായിരുന്നു. നായിക ആവുന്നതിൽ നിന്ന് മാറ്റിനിർത്തപ്പെട്ടുവെന്ന് തോന്നിയിട്ടുണ്ടോ?
ഒരു നായിക ആകണമെന്ന് ആഗ്രഹിച്ച് സിനിമയിൽ വന്ന ആളല്ല ഞാൻ. കാരക്ടർ റോളുകൾ ചെയ്യുന്നതിലായിരുന്നു കംഫർട്ട്. നായിക ആയി വൺഫിലിം വണ്ടർ ആവാൻ എനിക്ക് താൽപര്യമില്ലായിരുന്നു. ഒരുതവണ നായിക ആയാൽ മറ്റൊരു കഥാപാത്രമാവാൻ ഒരുപാട് ബുദ്ധിമുട്ടേണ്ടി വരും. നമ്മൾ മാനസികമായി മാറേണ്ടി വരുമെന്നതു മാത്രമല്ല, കാഴ്ച്ചക്കാരനും അത് ഉൾക്കൊള്ളാൻ പാകമാകണം. അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. എന്നാൽ, 2000 കാലഘട്ടത്തിൽ സ്വഭാവനടി ആയി അഭിനയിക്കവേ തന്നെ കെ.കെ ഹരിദാസിന്റെ ഒരു ചിത്രത്തിൽ മൂന്ന് നായികമാരിൽ ഒരാളാകാമോ എന്ന് ചോദിച്ചിരുന്നു. ആന്റോ ജോസഫ് ആയിരുന്നു നിർമ്മാതാവ്. ജഗതി ശ്രീകുമാർ, ഹരിശ്രീ അശോകൻ എന്നിങ്ങനെ താരങ്ങളുണ്ടായിരുന്നു. അത് ചെയ്യാമെന്ന് ഞാനും തീരുമാനിച്ചിരുന്നു. എന്നാൽ, എന്തുകൊണ്ടോ ആ സിനിമ പൂർത്തിയായില്ല.
സിനിമ ഉപജീവനമാർഗം ആക്കണമെന്ന് ആലോചിച്ചിരുന്നില്ലേ?
ഒരിക്കലുമില്ല. പഠിത്തം എന്റെ അച്ഛനുമമ്മയ്ക്കും വളരെ പ്രധാനമായിരുന്നു. അഭിനയം ഒരു ഹോബി ആയി കണ്ടാൽ മതി. അങ്ങനെയാകുമ്പോൾ മാനസിക സമ്മർദ്ദം കുറയ്ക്കാനും അത് സഹായിക്കുമെന്നാണ് അവർ പറഞ്ഞത്. അതുകൊണ്ട് അച്ഛന്റെ വഴിയെ നിയമം പഠിക്കുകയും വക്കീലാവുകയും ചെയ്തു. ഒരുപാട് സിനിമാഓഫറുകൾ വന്നിരുന്ന ആളാണ് ഞാൻ. എന്റേതായ കാരണങ്ങൾ കൊണ്ടാണ് പല സിനിമകളും ചെയ്യാതിരുന്നത്. സിനിമ കിട്ടിയില്ലെന്ന് ഒരിക്കലും ഞാൻ ആരെയും തള്ളിപ്പറയില്ല.
പത്രം സിനിമയിലെ കഥാപാത്രം ഒരു ഇമേജ് ബ്രേക്കറായിരുന്നു. അല്ലേ?
കോമഡി ചെയ്തുവന്നിരുന്ന എനിക്ക് ബ്രേക്ക് തന്ന സിനിമയാണ് പത്രം. രഞ്ജി പണിക്കർ എന്ന എഴുത്തുകാരന്റെ മിടുക്ക് ആണ് ആ കഥാപാത്രം. അദ്ദേഹം മറ്റൊരു സിനിമയ്ക്ക് വേണ്ടി എന്നെ വിളിച്ചിരുന്നു. അതിൽ അഭിനയിക്കാൻ ഞാൻ അമ്മയെയും കൂട്ടി ചെന്നപ്പോഴാണ് വേറെ ഒരാൾക്ക് അതു കൊടുത്തു എന്ന് സംവിധായകൻ പറയുന്നത്. സിനിമയിൽ അത് സാധാരണമാണ്. പക്ഷേ രഞ്ജിയേട്ടന് അത് സങ്കടമായി. അങ്ങനെ അതിന് പകരം തന്നതാണ് പത്രത്തിലെ മോണിക്ക ഡേവിഡ് സഭാപതി എന്ന കഥാപാത്രം. രഞ്ജിയേട്ടനും ജോഷി സാറിനുമാണ് നന്ദി പറയുന്നത്. ആദ്യം ചെയ്യാനിരുന്ന സിനിമ കണ്ടപ്പോൾ ആ കഥാപാത്രം ചെയ്യാതിരുന്നത് നന്നായി എന്നും തോന്നി.
ബഡായി ബംഗ്ലാവിലേക്കുള്ള വരവ് എങ്ങനെയായിരുന്നു?
ഏഷ്യാനെറ്റിന്റെ തുടക്കകാലം മുതൽ അതിൽ പലവിധ പരിപാടികൾ അവതരിപ്പിക്കുന്നുണ്ട് ഞാൻ. ഡയാന സിൽവസ്റ്റർ പ്രൊഡ്യൂസറായ സിനിമാലയ്ക്ക് തുടക്കമിട്ടത് ഞാനാണ്. അതിന്റെ 1000 എപ്പിസോഡിന്റെ ആഘോഷസമയത്ത് എന്നെയും ക്ഷണിച്ചിരുന്നു. കാലങ്ങൾക്ക് ശേഷം ഡയാനയെ കണ്ടുമുട്ടി. ഒരാഴ്ചയ്ക്ക് ശേഷം ഡയാന എന്നെ വിളിച്ച് ഹിന്ദിയിലെ കപിൽ ശർമ്മ ഷോയുടെ മലയാളം എന്ന നിലയിൽ തുടങ്ങിനിരിക്കുന്ന ബഡായിബംഗ്ലാവിന്റെ കാര്യം പറഞ്ഞു. ബഡായി ബംഗ്ലാവിലെ അമ്മായി എന്ന കഥാപാത്രത്തിന്റെ കാര്യവും സ്കെച്ചും പറയുന്നു. വിവാഹം കഴിക്കാതെ നിൽക്കുന്ന, എങ്ങനെയെങ്കിലും വിവാഹം കഴിക്കാൻ ആഗ്രഹിച്ചു നടക്കുന്ന, ഭക്ഷണപ്രിയയായ അമ്മായി. ഈ കഥാപാത്രം ചെയ്യാമോ എന്ന് കൽപന അടക്കം നിരവധി പേരോട് ചോദിച്ചെങ്കിലും ആരും തയ്യാറായില്ല എന്ന് ഡയാന വിഷമിച്ചുകൊണ്ട് എന്നോട് പറഞ്ഞു. കപിൽ ശർമ്മ പരിപാടിയുടെ ആരാധികയായിരുന്നു ഞാൻ. കേട്ടപ്പോൾ ഞാൻ ചെയ്യാമെന്ന് ഏറ്റു. ആ സമയം, മുകേഷേട്ടൻ അല്ലാതെ വേറെ ആരെയും ആ പരിപാടിയിൽ എനിക്ക് അറിയില്ല. പക്ഷേ, അതിൽ എനിക്ക് കിട്ടിയ സ്വീകരണം വലുതായിരുന്നു. ഇന്നും ഒരുപാട് പേർക്ക് എന്റെ പേര് അറിയില്ല. അമ്മായി എന്ന് പറഞ്ഞാലേ മനസ്സിലാകൂ. ലൈവ് പരിപാടിയായിരുന്നു. സ്ക്രിപ്റ്റ് ഉണ്ടെങ്കിലും അമ്മായിക്ക് അന്നത്തെ വിഷയം കിട്ടിയാൽ അതേക്കുറിച്ച് നാം നന്നായി അറിഞ്ഞിരിക്കണം. വളരെ ടൈമിംഗുള്ള മുകേഷേട്ടനോടൊക്കെ പിടിച്ചുനിൽക്കണമായിരുന്നു.
സിനിമയിൽ ഒരു വലിയ ബ്രേക്ക് വന്നിരുന്നുവോ?
ഇടയ്ക്ക് മകനൊക്കെ ഉണ്ടായപ്പോൾ ഒരു ബ്രേക്ക് എടുത്തിരുന്നു. 2019ൽ രണ്ട് ചിത്രങ്ങൾ ചെയ്തിരുന്നു. അതിന് ശേഷം കൊവിഡ് വരികയും കമ്മിറ്റ് ചെയ്ത ഒരുപാട് സിനിമകൾ ചെയ്യാൻ പറ്റാതെ പോവുകയും ചെയ്തു. ഇപ്പോൾ ഒരുപാട് ഓഫ്ബീറ്റ് സിനിമകൾ വരുന്നുണ്ട്. തമാശയ്ക്കപ്പുറം ചെയ്യാൻ പറ്റുന്ന വേഷങ്ങളാണ് അവ. നെഗറ്റീവ് വേഷം ചെയ്യണമെന്ന ആഗ്രഹവും ഉടൻ സഫലമാകും.
അഭിനയത്തിൽ സജീവമാകുമ്പോഴും എന്തുകൊണ്ടാണ് പ്രൊഡക്ഷൻ കമ്പനി തുടങ്ങാമെന്ന് ആലോചിച്ചത്?
30 വർഷത്തിലേറെയായി സിനിമയിൽ. മറ്റുള്ളവരുടെയത്ര അവകാശപ്പെടാൻ ഇല്ലെങ്കിലും എനിക്ക് എന്ന് പറയുന്ന സ്ഥാനം എന്നും ഇവിടെയുണ്ടായിരുന്നു. അപ്പോൾ സിനിമയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയപ്പോഴാണ് ആർജിഎം വെൻച്വേഴ്സിന് തുടക്കമിടാം എന്ന് തോന്നിയത്. സിനിമയുടെ അകവും പുറവും എനിക്ക് അറിയാം. എന്റെ അഭിനയകാലം തുടങ്ങിയപ്പോൾ മുതൽ എന്റെ കൂടെ സഞ്ചരിച്ചവരാണ് എന്റെ കുടുംബം. ജനിച്ചപ്പോൾ മുതൽ മകനും കാണുന്നുണ്ട്. അപ്പോൾ മേഖലയെ കുറിച്ച് എല്ലാവർക്കും അറിയാം. മകൻ ആർണവ് ആണ് സ്ട്രാറ്റജിക് ഡയറക്ടർ. സഹോദരൻ പ്രേംചന്ദ് ആണ് ഓപ്പറേഷൻസ് ഡയറക്ടർ. ഞാനതിന്റെ ക്രിയേറ്റീവ് തലമാണ് നോക്കുന്നത്.
സിനിമ മാറുന്ന കാലത്താണ് നിർമ്മാണത്തിലേക്ക് കടക്കുന്നത്. പ്രതീക്ഷകളെന്തൊക്കെയാണ്?
എന്നെ സംബന്ധിച്ച് സിനിമ എന്നും തിയേറ്ററിൽ കാണുന്ന ഒന്നാണ്. നല്ല കഥകളുള്ള സിനിമകൾക്ക് എന്നും തീയേറ്ററിൽ കാഴ്ചക്കാരുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ നല്ല കഥകളുള്ള സിനിമകൾ ഒരുക്കുക എന്നതാണ് ആദ്യം ലക്ഷ്യം വയ്ക്കുന്നത്. സത്യസന്ധമായ രീതിയിൽ ചിത്രീകരിക്കുന്ന ചിത്രം എത്തേണ്ടവരിലേക്ക് എത്തിക്കുക എന്നതാണ് ഉത്തരവാദിത്തം. നല്ല കണ്ടന്റ് പ്രേക്ഷകന് നൽകുക, പുതിയ ആളുകൾക്ക് അവസരം നൽകുക ഇതൊക്കെയാണ് പ്രധാന ലക്ഷ്യങ്ങൾ. ഇപ്പോൾ കഥകൾ കേൾക്കുകയാണ്. അടുത്ത കുറച്ചു മാസങ്ങൾക്കുള്ളിൽ തന്നെ ആദ്യത്തെ സിനിമ തീരുമാനിക്കും. മലയാളം മാത്രമല്ല, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ സൗത്ത് ഇന്ത്യൻ സിനിമാമേഖല മുഴുവനാണ് ലക്ഷ്യം വയ്ക്കുന്നത്. സിനിമയ്ക്ക് പുറമെ നല്ല തിയേറ്റർ പ്ലേ പ്രൊഡക്ഷനും ഇവന്റുകളും ലൈവ്, സ്റ്റേജ് ഷോകൾ പരസ്യച്ചിത്രങ്ങളും എല്ലാം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ഇതിനെല്ലാം യോജിച്ച ഒരു ടീമും ഒപ്പമുണ്ട്.