100 കോടി ക്ലബിൽ ഇടം നേടിയ മലയാള സിനിമകളിൽ ഒന്നായി ചരിത്രത്തിലിടം നേടിയെന്ന് മാത്രമല്ല ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് മുന്നേറുകയാണ് പ്രേമലു. ചിത്രത്തിന്റെ ആഘോഷവേളയിൽ തെലുങ്ക്, തമിഴ് സംഗീതസംവിധായകൻ എം.എം കീരവാണി എടുത്തഭിനന്ദിച്ച പേരാണ് സൗണ്ട് മിക്സിംഗ് എൻജിനീയർ വിഷ്ണു സുജാതന്റേത്. എട്ടാംക്ലാസ് മുതൽ സ്വപ്നം കണ്ട രംഗത്തേക്ക് എത്തിച്ചേർന്നതിനെക്കുറിച്ചും ചെറുപ്രായത്തിൽ വിജയത്തിലെത്തിയ വഴികളെക്കുറിച്ചും മ്യൂസുമായി സംസാരിക്കുകയാണ് ഇരുപത്തിയെട്ടുകാരനായ വിഷ്ണു സുജാതൻ.
സിനിമയുടെ പിന്നണിയിൽ, അതും ശബ്ദരംഗത്ത് പ്രവർത്തിക്കാൻ തീരുമാനിച്ചത് എപ്പോഴാണ്?
അങ്കമാലി വേങ്ങൂരാണ് ജനിച്ചുവളർന്നത്. അച്ഛൻ സുജാതൻ കർഷകനും അമ്മ ജയശ്രീ അദ്ധ്യാപികയുമാണ്. സിനിമ എനിക്ക് കുട്ടിക്കാലം മുതൽ ഇഷ്ടമായിരുന്നു. ഞാൻ എട്ടാംക്ലാസിൽ പഠിക്കുമ്പോഴാണ് സ്ലം ഡോഗ് മില്യനർ എന്ന സിനിമയിലൂടെ ആദ്യമായി ഇന്ത്യക്കാർക്ക് ഓസ്കാർ ലഭിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടത്. അതിൽ ഒരു മലയാളിയും, റസൂൽ പൂക്കുട്ടി. അന്നാണ് സിനിമയിൽ സൗണ്ട് മിക്സിംഗ് എൻജിനീയറിംഗ് എന്ന വിഭാഗമുണ്ടെന്ന് അറിയുന്നത്. അതുവരെ സ്കൂളിൽ ചെറിയ പരിപാടികൾക്കൊക്കെ വീഡിയോ ചെയ്യാറുണ്ടെങ്കിലും സിനിമയ്ക്ക് ശബ്ദം എത്ര പ്രധാനമാണെന്ന് തിരിച്ചറിയുന്നത് അപ്പോഴാണ്. അന്നുമുതൽ സിനിമ കാണുമ്പോൾ ശബ്ദം ശ്രദ്ധിക്കാൻ തുടങ്ങി. സിനിമ കാണും മുമ്പ് അതിലെ ആളുകളുടെ പേരെഴുതി കാണിക്കുമ്പോൾ ശബ്ദമിശ്രണം ആരാണെന്ന് അറിയാൻ കൗതുകമായി. അങ്ങനെയാണ് എം.ആർ രാജാകൃഷ്ണൻ സാറിന്റെ പേര് ശ്രദ്ധയിൽപ്പെടുന്നത്. അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയി സിനിമയിൽ സൗണ്ട് എൻജിനീയറാകണമെന്നായി എന്റെ ആഗ്രഹവും ലക്ഷ്യവും. ഒരുപാട് ആഗ്രഹിച്ചാൽ പ്രപഞ്ചം നടത്തിത്തരുമെന്ന് പറയുന്നത് പോലെ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആകാനും സിനിമയിൽ സൗണ്ട് മിക്സിംഗ് എൻജിനീയറാകാനും പറ്റി.
അത് ലക്ഷ്യം വച്ചായിരുന്നോ പിന്നീടുള്ള പഠിത്തം?
അതെ. സയൻസ് എനിക്ക് വലിയ ഇഷ്ടമല്ല. എങ്കിലും സൗണ്ട് എൻജിനീയറിംഗ് പഠിക്കണമെങ്കിൽ ഫിസിക്സ് ബിരുദമാണ് മാനദണ്ഡം. അങ്ങനെ പ്ലസ് ടുവിന് സയൻസ് പഠിച്ചു. എങ്കിലും മൂന്ന് വർഷം ഫിസിക്സ് ബിരുദം പഠിച്ച് സമയം കളയാൻ എനിക്ക് ഇഷ്ടമുണ്ടായിരുന്നില്ല. എന്നാൽ, ഡിപ്ലോമ കോഴ്സ് മാത്രം പഠിക്കുന്നത് വീട്ടിൽ എതിർത്തു. സിനിമയിൽ സൗണ്ട് മിക്സിംഗ് എൻജിനീയർ ആകുന്നതിന് അവർ എതിരായിരുന്നില്ല. എന്നാൽ, ബിരുദമെടുക്കണമെന്ന് അച്ഛനും അമ്മയും പറഞ്ഞു. അന്വേഷിച്ചപ്പോൾ പൂനെയിലെ സീമഡു ഇൻസ്റ്റിറ്റ്യൂട്ടിൽ മാസ് കമ്മ്യൂണിക്കേഷൻ ബിരുദ കോഴ്സുണ്ടെന്നും അതിൽ സൗണ്ട് എൻജിനീയറിംഗിൽ സ്പെഷ്യലൈസ് ചെയ്യാമെന്നും അറിഞ്ഞു. അങ്ങനെ അവിടെ പോയി പഠിച്ചു. സൗണ്ട് എൻജിനീയറിംഗ് രംഗത്തേക്ക് വരുന്നവർ മിക്കവരും അത് തന്നെ ലക്ഷ്യം വച്ചും ഇഷ്ടം കൊണ്ടും വരുന്നതാണ്. ലക്ഷങ്ങൾ കൊടുത്ത് അവിടെ ബിരുദം പഠിക്കുന്നതിന് പകരം ഡിപ്ലോമ കോഴ്സ് ചെയ്തിരുന്നെങ്കിൽ കുറച്ചൂടെ നേരത്തെ ഈ രംഗത്തേക്ക് വരാമായിരുന്നുവെന്ന് പിന്നീട് എനിക്ക് തോന്നിയിട്ടുണ്ട്.
എം.ആർ. രാജാകൃഷ്ണന്റെ അസിസ്റ്റന്റ് ആകാനുള്ള അവസരം കൈവന്നത് എങ്ങനെയാണ്?
കോഴ്സിന്റെ അവസാന വർഷത്തിൽ ഇന്റേൺഷിപ്പ് ചെയ്യണമായിരുന്നു. ആ സമയം അസിസ്റ്റന്റ് ആയി ഇന്റേൺഷിപ്പ് ചെയ്തോട്ടെ എന്ന് ചോദിച്ച് അദ്ദേഹത്തിന് ഒരു മെസേജ് അയച്ചു. അദ്ദേഹം സമ്മതിച്ചു. ഞാൻ പോയ സമയം അദ്ദേഹത്തിന്റെ സഹായികളെ ആവശ്യമായ സമയമായിരുന്നു. ഇന്റേൺഷിപ്പ് കഴിഞ്ഞപ്പോൾ അസിസ്റ്റന്റ് ആയിക്കോളാൻ അദ്ദേഹം പറഞ്ഞു. അങ്ങനെ കോഴ്സ് പൂർത്തീകരിക്കുകയും അദ്ദേഹത്തിന്റെ കീഴിൽ അസിസ്റ്റന്റ് ആയി ജോലിയ്ക്ക് കയറുകയും ചെയ്തു. ശരിക്കും ആ സമയത്താണ് സൗണ്ട് മിക്സിംഗിനെ കുറിച്ച് ശരിക്കും ഞാൻ പഠിക്കുന്നത്. തമിഴിലെയും തെലുങ്കിലെയുമൊക്കെ സിനിമകളാണ് ആദ്യം ചെയ്തത്. മലയാളത്തിൽ വർണ്ണ്യത്തിലാശങ്ക എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ കീഴിൽ ആദ്യം ചെയ്തത്.
ഒരു സിനിമയിൽ ശബ്ദം എത്രത്തോളം പ്രധാനപ്പെട്ടതാണ്?
ഒരു സിനിമയിൽ കാഴ്ചകൾ എത്രത്തോളം പ്രധാനപ്പെട്ടതാണോ അത്രതന്നെ പ്രധാനപ്പെട്ടതാണ് ശബ്ദവും എന്ന് ഞാൻ പറയും. ശബ്ദമെന്നാൽ സംഭാഷണം മാത്രമല്ല. ഒരു രംഗത്തിലെ ശബ്ദങ്ങൾ, അത് വാഹനങ്ങളുടേതാകാം, മറ്റൊരാൾ നടക്കുന്നതാകാം, കാറ്റടിക്കുന്നതാകാം, രണ്ടാളുകൾ സംസാരിക്കുന്നതാവാം, ചിലപ്പോൾ ഇവയെല്ലാം ഒരുമിച്ചും വരാം. സംഭാഷണം ഡബ്ബിംഗ് വിഭാഗത്തിൽ ചെയ്യുന്നത് പോലെ ഇതെല്ലാം സിനിമയിലെ പലവിഭാഗങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ഇതെല്ലാം ഒരുമിച്ച് ചേർക്കുകയാണ് സൗണ്ട് എൻജിനീയറുടെ ജോലി. ഒരു കറി ഉണ്ടാക്കുന്നത് പോലെ എന്നുപറയാം. കറിയിൽ ഏത് മസാലയ്ക്ക് പ്രാധാന്യം കൊടുക്കണമെന്ന് പാചകക്കാരൻ തീരുമാനിക്കുന്നത് പോലെ ആ രംഗത്തിൽ ഏത് ശബ്ദത്തിന് എത്രത്തോളം പ്രാധാന്യം കൊടുക്കണമെന്ന തീരുമാനമെടുക്കുന്ന ആളാണ് സൗണ്ട് മിക്സിംഗ് എൻജിനീയർ. അവിടെയാണ് ഞങ്ങളുടെ ക്രിയേറ്റിവിറ്റിയും. പ്രേക്ഷകനെ ആ സിനിമ പൂർണ്ണമായും ഉൾക്കൊള്ളാൻ ശബ്ദം വളരെയേറെ സഹായിക്കും. സംവിധായകൻ, സൗണ്ട് ഡിസൈനർ, സംഗീത സംവിധായകൻ എന്നിവരോട് അടുത്ത് പ്രവർത്തിക്കേണ്ട വിഭാഗമാണ് സൗണ്ട് മിക്സിംഗ്.
കേരളത്തിലെ തീയേറ്ററുകൾ ശബ്ദത്തിന് വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ലെന്ന് തോന്നിയിട്ടുണ്ടോ?
പല തീയേറ്ററുകളും പല രീതിയിലാണ്. ഒരു തീയേറ്റർ സെറ്റ് അപ്പ് ഉള്ള സ്റ്റുഡിയോയിൽ ഇരുന്നാണ് ഞങ്ങൾ ജോലി ചെയ്യാറുള്ളത്. ആദ്യകാലത്തൊന്നും ചെയ്ത വർക്കൊന്നും ഞാൻ തീയേറ്ററിൽ പോയി ശ്രദ്ധിക്കാറൊന്നുമില്ലായിരുന്നു. എന്നാൽ, സ്വതന്ത്രമായി ചെയ്ത തണ്ണീർ മത്തൻ ദിനങ്ങൾ പല തീയേറ്ററുകളിലായി കാണാൻ പോയപ്പോൾ ഈ സങ്കടം ഉണ്ടായി. തീയേറ്ററുകാരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അത് കണ്ടന്റ് പ്രശ്നമാണെന്നാണ് അവർ പറഞ്ഞത്.
തണ്ണീർമത്തൻ ദിനങ്ങൾ മുതൽ പ്രേമലു വരെയുള്ള കാലം എങ്ങനെയായിരുന്നു?
ഫേസ്ബുക്കിലെ സിനിമാപാരഡിസോ ഗ്രൂപ്പിൽ വച്ച് പരിചയപ്പെട്ടതാണ് സംവിധായകൻ ഗിരീഷ് എ.ഡിയെ. ഗിരീഷിന്റെ ഷോർട്ട്ഫിലിമുകളുടെ സൗണ്ട് ഒക്കെ ചെയ്തു കൊടുത്തിരുന്നു. രാജാകൃഷ്ണൻ സാറിനെ അസിസ്റ്റ് ചെയ്യണമെന്ന് ആഗ്രഹിച്ചതു പോലെ ഗിരീഷ് എന്നെങ്കിലും സിനിമ ചെയ്താൽ എനിക്ക് ചാൻസ് കിട്ടുമെന്ന ഒരു ആഗ്രഹം എനിക്കുണ്ടായിരുന്നു. എങ്ങനെയൊക്കെയോ ആ ആഗ്രഹങ്ങൾ നടന്നു. തണ്ണീർമത്തന് ശേഷം പുതിയ സിനിമകൾ വന്നുതുടങ്ങിയ കാലത്താണ് കൊവിഡ് കാരണം എല്ലാം അടച്ചിടുന്നത്. എങ്കിലും അതിന് ശേഷം കപ്പേള, മധുരം, മധുരമനോഹര മോഹം എന്ന് തുടങ്ങി പ്രേമലു വരെ ഇരുപത്തിയഞ്ചോളം സിനിമകൾ ചെയ്യാനായി.
പൂർണ്ണമായും ക്രിയേറ്റീവ് ആയ ജോലികൾക്ക് വരെ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിനെ ആശ്രയിക്കുന്ന കാലത്ത് പാതിയിലേറെ ടെക്നോളജി പ്രയോജനപ്പെടുത്തുന്ന സൗണ്ട് എൻജിനീയറിംഗ് പ്രൊഫഷന്റെ നിലനിൽപ്പ് എത്രത്തോളമുണ്ട്?
ജോലി വളരെ എളുപ്പമാക്കുന്ന ടെക്നോളജിയാണ് എ.ഐ. സിങ്ക് സൗണ്ട് ചെയ്യുന്ന സിനിമകളിൽ ശബ്ദം ക്ലിയർ ചെയ്യാൻ നേരത്തെ തന്നെ എ.ഐ ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാൽ, ഒരു മനുഷ്യൻ ചെയ്യുന്ന ജോലികളെ മികച്ചതാക്കുക മാത്രമേ ഇതുവരെ എ.ഐയ്ക്ക് പറ്റൂ എന്ന് എനിക്കു തോന്നുന്നു. ഉദാഹരണത്തിന് ഒരാൾ ഡബ് ചെയ്തിട്ട് അതിന് എ.ഐ ഉപയോഗിച്ച് നടന്റെയോ നടിയുടെയോ ശബ്ദത്തിലേക്ക് മാറ്റുന്നതൊക്കെയാണ് നിലവിൽ ചെയ്യുന്നത്. ചെറിയ ബഡ്ജറ്റിലുള്ള ഷോർട്ട് ഫിലിമുകൾക്കൊക്കെ എ.ഐ ഉപകാരപ്പെടാം. എന്നാൽ, ഒരു സോഫ്റ്റ് വെയറിന് ചെയ്യാവുന്നതിന് ഒരു പരിമിതി ഉണ്ടെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. എന്തൊക്കെയാണെങ്കിലും നമ്മുടെ പ്രൊഫഷനിൽ നാം അപ്ഗ്രേഡ് ആയിക്കൊണ്ടേയിരിക്കണം. സ്വയം അത് പഠിച്ചെടുക്കുക തന്നെ വേണം.