അഭിജിത്ത് അശോകൻ, സിനിമ സ്വപ്നം കണ്ട് ജീവിക്കുന്ന, അതിൽ സ്ഥാനമുറപ്പിച്ച ചെറുപ്പക്കാരൻ. ആദ്യം നിർമ്മിച്ച കോലുമിട്ടായി എന്ന ചിത്രത്തിന് കുട്ടികളുടെ സിനിമാവിഭാഗത്തിലെ മികച്ച സിനിമ എന്ന സംസ്ഥാന പുരസ്കാരം കൈകളിലേന്തുമ്പോൾ അഭിജിത്തിന് 22 വയസ്. വർഷങ്ങൾക്കിപ്പുറം തന്റെ അടുത്ത ചിത്രവുമായി എത്തുമ്പോൾ നിർമ്മാതാവ് എന്നതിനൊപ്പം സംവിധായകന്റെ വേഷവും അണിയുകയാണ് അദ്ദേഹം. സ്വയം തിരക്കഥയൊരുക്കിയ ജനനം 1947 , പ്രണയം തുടരുന്നു എന്ന ചിത്രം റിലീസിന് ഒരുങ്ങുമ്പോൾ താൻ കടന്നുവന്ന വഴികൾ ഓർത്തെടുക്കുകയാണ് അഭിജിത്ത്.
എങ്ങനെയാണ് ജനനം 1947 , പ്രണയം തുടരുന്നുവിന്റെ തുടക്കം?
ഒരു പ്രണയകഥ പറയണമെന്നായിരുന്നു ഉള്ളിൽ. അതിൽ എന്ത് വ്യത്യസ്തത കൊണ്ടുവരാമെന്ന് ചിന്തിച്ചപ്പോഴാണ് അധികം ആളുകൾ ചർച്ച ചെയ്യാത്തതും എന്നാൽ കാണുന്നവർക്ക് സന്തോഷം നൽകുന്നതുമായ വാർദ്ധക്യകാലത്തെ പ്രണയം എന്ന വിഷയം എടുത്തത്. പ്രായമുള്ളവർക്ക് ആസ്വദിക്കാൻ, അവർക്ക് വേണ്ടിയൊന്നും സിനിമകൾ വരുന്നില്ല. എന്നാൽ വീടുകളിൽ ഇരുന്ന് ഏറ്റവും കൂടുതൽ സിനിമ കാണുന്നവർ ഇക്കൂട്ടരാണ്. പത്തനംതിട്ടയിലെ ഒരു ഗ്രാമത്തിലെ പല വീടുകളിലും പ്രായമായവർ മാത്രമേയുള്ളൂ. വാർദ്ധക്യത്തിലെ ഒറ്റപ്പെടൽ പണ്ടത്തേതിൽ നിന്ന് വളരെ കൂടുതൽ ആളുകൾ അനുഭവിച്ചു വരികയാണ്. ശ്രദ്ധിക്കപ്പെടേണ്ട വിഷയമാണിത്. ജീവിതത്തിൽ ഒരു കൂട്ടുണ്ടെങ്കിലേ അതിന് ഒരു രസമുണ്ടാവൂ. കാഴ്ചപ്പാടുകൾ മാറുന്നതിന്റെയാവാം ഇന്ന് റിലേഷൻഷിപ്പുകൾക്ക് ആയുസ് കുറവാണ്. എന്നാൽ, ജീവിതത്തിന്റെ ഒരു ഘട്ടമെത്തിയാൽ ജാതി, വിദ്യാഭ്യാസം, നിറം ഒന്നും മറ്റൊരാളെ ബാധിക്കില്ല. അത് നാം മനസ്സിലാക്കുന്നതിന്റെ ഒരുപക്ഷേ, ജീവിതത്തിന്റെ അവസാനഘട്ടത്തിലാകും. അപ്പോൾ അത് തിരുത്താൻ ഒരു അവസരം പോലും ലഭിച്ചുവെന്ന് വരില്ല. ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ ടീച്ചറും ശിവൻചേട്ടനും അവരുടെ നല്ലകാലത്ത് ഒരിക്കലും ഒന്നിക്കാൻ സാധ്യതയില്ലാത്ത രണ്ട് തലത്തിലുള്ളവരാണ്. കാഴ്ചയിലും വിദ്യാഭ്യാസത്തിലും ജോലിയിലും ഒക്കെ രണ്ട് തട്ടിലുള്ളവരാണ്. എന്നാൽ, ജീവിതത്തിന്റെ അവസാനകാലത്ത് ഇതിലൊന്നുമല്ല നമ്മെ കേൾക്കാൻ ഒരാൾ ഉണ്ടായിരിക്കുക എന്നതാണ് പ്രധാനം. സമീപകാലത്ത് വാർദ്ധക്യത്തിൽ വിവാഹം കഴിക്കുന്നവരുടെ വാർത്തകൾ നിരവധിയായി വരുന്നുണ്ട്. അത്തരത്തിൽ ഒരു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എടുത്ത ചിത്രമാണിത്.
തിരക്കഥ, സംവിധാനം എന്നതിനൊപ്പം ഈ ചിത്രം നിർമ്മിക്കാൻ എന്തുകൊണ്ട് തീരുമാനിച്ചു?
എന്റെ രണ്ടാമത്തെ നിർമ്മാണമാണ് ഈ ചിത്രം. ആദ്യചിത്രം കോലുമിട്ടായി 2016ൽ സംസ്ഥാനപുരസ്കാരം നേടിയിട്ടുണ്ട്. അതിന് ശേഷം എനിക്ക് ഇഷ്ടമുള്ള സിനിമ, ആളുകൾക്ക് ഒരു അനുഭവമേകുന്ന ചിത്രമെടുക്കണം എന്നതായിരുന്നു ഉള്ളിൽ. 2 മണിക്കൂർ കൊണ്ട് ആളുകളെ എന്റർടെയിൻ ചെയ്യിക്കുന്നതിനൊപ്പം ആളുകൾക്ക് ജീവിതവുമായി ബന്ധപ്പെടുത്താൻ കഴിഞ്ഞാൽ നന്നാകുമെന്ന് എനിക്ക് തോന്നി. എന്റെ സാമ്പത്തിക സ്ഥിതി വച്ച് ചെയ്യാൻ പറ്റുന്ന ഒരു കൊച്ചുസിനിമയായിരുന്നു ഇത്. എന്നാൽ, ചെയ്തുവന്നപ്പോൾ ലീല സാംസണിനെ പോലെ, ഗോവിന്ദ് വസന്തയെ പോലെ പ്രഗത്ഭർ ചിത്രത്തിന്റെ ഭാഗമാവുകയും വലിയ സിനിമയായി മാറുകയും ചെയ്തു.
വളരെ ചെറിയപ്രായത്തിൽ സിനിമാനിർമ്മാണരംഗത്തേക്ക് കടന്നുവന്ന ആളാണ്. എന്തായിരുന്നു കൈമുതൽ?
എറണാകുളം ജില്ലയിലെ കാഞ്ഞിരമറ്റത്ത് ആണ് എന്റെ വീട്. അച്ഛൻ അശോകൻ, അമ്മ ഗിരിജ. അച്ഛന്റെ കഷ്ടപ്പാടും അതിലൂടെ അദ്ദേഹം നേടിയ വിജയവും കണ്ടുവളർന്ന ആളാണ് ഞാൻ. ഒരു സൈക്കിൾ റിപ്പയർ കടയിൽ നിന്ന് സ്പെയർ പാർട്സ് കടയുടമ ആയി അദ്ദേഹം. അത് കണ്ട് ജീവിതത്തിൽ എന്തെങ്കിലും ചെയ്യണമെന്ന് എനിക്കും ഉണ്ടായിരുന്നു. പത്താംക്ലാസ് വരെ പഠിക്കാൻ മടിയനും വലിയ തോൽവിയുമായിരുന്നു. സ്കൂളിന്റെ 100 ശതമാനം വിജയം ഇല്ലാതാകരുത് എന്നുകരുതി എന്നെ 9ാം ക്ലാസിൽ തോൽപ്പിക്കാൻ വരെ തീരുമാനിച്ചിരുന്നു സ്കൂളുകാർ. ചെറുപ്പത്തിൽ ആ ട്രോമ വളരെ അനുഭവിച്ചിട്ടുണ്ട്. ആ സി.ബി.എസ്.സി സ്കൂളിൽ നിന്ന് മാറി മറ്റൊരു സ്കൂളിൽ ചേർന്നപ്പോഴാണ് പഠനം എന്നെക്കൊണ്ടും പറ്റും എന്ന് മനസ്സിലായത്. ആ സമയത്ത് കമ്പ്യൂട്ടർ സർവ്വീസ് ഒക്കെ ചെയ്തു കൊടുക്കുമായിരുന്നു. 250 രൂപയൊക്കെ കിട്ടും. ഒരു സിനിമ കാണുന്നതിന് പകരം മൂന്ന്-നാല് സിനിമ ഒക്കെ കാണാൻ ആ തുക സഹായിച്ചിരുന്നു. ഡിഗ്രി ഒക്കെ ആയപ്പോൾ 21ാം വയസിൽ ലോണെടുത്ത് കാർ വാങ്ങി. അത് വാടകയ്ക്ക് ഓടിക്കാൻ കൊടുത്തു. അങ്ങനെ ഒരു കാർ എന്നത് മൂന്ന്, നാല് കാർ എന്ന നിലയിലേക്ക് കാര്യങ്ങൾ വന്നു. ആ ഇടയ്ക്കാണ് പത്രത്തിൽ സംസ്ഥാന അവാർഡുകളെ കുറിച്ചുള്ള വാർത്ത വായിക്കുന്നത്. കുട്ടികളുടെ മികച്ച ചിത്രത്തിന് 4 ലക്ഷം രൂപ സമ്മാനം കിട്ടുമെന്ന് കണ്ടു. അപ്പോൾ അഞ്ച് ലക്ഷത്തിന് സിനിമ എടുത്താൽ നാല് ലക്ഷം തിരികെ കിട്ടും, ഒരു ലക്ഷമല്ലേ നഷ്ടം സംഭവിക്കൂ എന്ന് കണക്കുകൂട്ടി. ആ നഷ്ടം സഹിച്ച് സിനിമ എടുക്കാമെന്ന് തീരുമാനിച്ച് ഇറങ്ങുകയായിരുന്നു. റിസ്ക് എടുക്കാനുള്ള മനസ്സായിരുന്നു സിനിമ നിർമ്മിക്കാൻ ഇറങ്ങുമ്പോഴുണ്ടായിരുന്ന കൈമുതൽ എന്നു പറയാം.
കോലുമിട്ടായിക്ക് കിട്ടിയ അംഗീകാരമാണോ ഈ രംഗത്ത് തുടരാനുള്ള തീരുമാനത്തിന് പിന്നിൽ?
സിനിമ ചെയ്യണമെന്ന് ആഗ്രഹത്തിൽ ഒരുപാട് പേരുടെ പിറകേ നടന്നിട്ടുണ്ട്. എനിക്ക് അടുത്ത് അറിയാവുന്ന സിനിമാക്കാരൻ അരുൺ വിശ്വമായിരുന്നു. അദ്ദേഹവും അതേപോലെ സിനിമാസ്വപ്നവുമായി നടക്കുന്ന മറ്റുകുറേ പേരെ ഒന്നിച്ചു കൂട്ടിയാണ് കോലുമിട്ടായി എടുത്തത്. അരുൺ ചേട്ടനായിരുന്നു സംവിധായകൻ. അന്ന് എം.ബി.എ കഴിഞ്ഞ് ആക്സിസ് ബാങ്കിൽ ജോലിയുമുണ്ടായിരുന്നു എനിക്ക്. അഞ്ചു ലക്ഷത്തിൽ തീർക്കാനുറപ്പിച്ച് തുടങ്ങിയ സിനിമ പൂർത്തിയായപ്പോൾ 20 ലക്ഷമായി. കയ്യിലുണ്ടായിരുന്ന ഓരോ കാറുകളായി വിറ്റു. അരുൺ ചേട്ടന്റെ സമ്പാദ്യം മുഴുവനായി എടുത്തു. കസിൻ സഹോദരൻ അദ്ദേഹത്തിന്റെ ഭാര്യയുടെ ആഭരണങ്ങൾ പണയം വച്ച് കാശ് തന്നു. പക്ഷേ, സിനിമ തിയേറ്ററുകളിലെത്തിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. കടം തീർക്കാനായിട്ട് പ്രൊജക്ടറും കൊണ്ട് 10 രൂപ, 20 രൂപയ്ക്ക് ഒക്കെ ഈ സിനിമ പ്രദർശിപ്പിക്കാൻ ഓരോ സ്കൂളുകളിലൊക്കെ പോയി. എങ്കിലും തോൽക്കാൻ തയ്യാറായിരുന്നില്ല. ആഗ്രഹിച്ചത് എന്താണോ അത് നടന്നു, സംസ്ഥാന അവാർഡ് കിട്ടി. സാറ്റലൈറ്റ് ഒക്കെ കിട്ടിയപ്പോൾ ആദ്യം കരുതിയത് പോലെ തന്നെ സിനിമാനിർമ്മാണം ചെറിയ നഷ്ടത്തിൽ നിന്നു. എന്തായാലും സംസ്ഥാന അവാർഡ് ഒരു ഊർജ്ജമായിരുന്നു. ഒരു വലിയ ഉത്തരവാദിത്തം സർക്കാരും പ്രേക്ഷകരും തന്നതായിട്ടാണ് എനിക്ക് തോന്നിയത്. പൂജ്യത്തിൽ നിന്നാണ് തുടങ്ങിയത്. അതിന് താഴേക്ക് പോകാനില്ല. മുകളിലേക്കുള്ളതെന്തും വിജയമായിട്ടാണ് ഞാൻ കരുതുന്നത്.
രണ്ടാംചിത്രത്തിന് ഇത്ര വർഷമെടുത്തത് എന്തുകൊണ്ടാണ്?
കോലുമിട്ടായിക്ക് ശേഷം സിനിമ സീരിയസായി എടുക്കാൻ തീരുമാനിച്ചെങ്കിലും വെറുതെ സിനിമയുടെ പുറകെ നടക്കരുതെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. ഞാൻ പഠിച്ചത് പാഴാകും എന്നുള്ളതിന് പുറമെ മാതാപിതാക്കളുടെ ഒറ്റമകനാണ് ഞാൻ. അവരുടെ പ്രതീക്ഷയാണ് ഞാൻ. എനിക്ക് സിനിമ എന്ന പാഷന്റെ പുറകെ പോകണമെങ്കിൽ ആദ്യം ഒരു നില നിൽപ്പുണ്ടാകണമായിരുന്നു. അതിന് സാമ്പത്തികമായി പുരോഗതിയും സ്വാതന്ത്ര്യവും നേടണമായിരുന്നു. അങ്ങനെ സുഹൃത്തിനൊപ്പം ചേർന്ന് എറണാകുളത്ത് ക്യാമറ വാടകയ്ക്ക് കൊടുക്കുന്ന ഫസ്റ്റ് ഫ്രെയിംസ് എന്ന സ്ഥാപനം തുടങ്ങി. അതിന് അച്ഛൻ വീടിന്റെ ആധാരം പണയം വയ്ക്കാൻ തന്നു. ആ വീടിന് അതുവരെയുള്ള ലോണും ആധാരം വച്ച് വാങ്ങിയ ലോണും ചേർന്ന് ഒരു വലിയ കടബാധ്യതയോടെയാണ് സ്ഥാപനം തുടങ്ങിയത്. ബാങ്കിന്റെ അടവുകൾ തീർന്നിട്ടില്ലെങ്കിലും അടുത്ത സിനിമയ്ക്കായി ഇറങ്ങാനുള്ള ധൈര്യം കിട്ടിയപ്പോഴാണ് ജനനം 1947, പ്രണയം തുടരുന്നു എന്ന ചിത്രത്തിന്റെ പണി തുടങ്ങിയത്. ഇതിനിടയിൽ മറ്റൊരു നിർമ്മാതാവിനെ വച്ച് പൃഥ്വി എന്ന സിനിമ ചെയ്തു തുടങ്ങിയിരുന്നു. എന്നാൽ, പല കാരണങ്ങൾ കൊണ്ട് അതു മുടങ്ങിപ്പോയി. അതുപോലെ സിനിമയുമായി ബന്ധപ്പെട്ട് എടുത്ത പല തീരുമാനങ്ങൾ തെറ്റിപ്പോയതോടെ രണ്ടാംചിത്രത്തിന് ഒരു കാലതാമസം വന്നു. പൃഥ്വി എന്ന സിനിമയിൽ എന്നോടൊപ്പം ഉണ്ടായിരുന്നവരാണ് ഈ സിനിമയിലും എന്റെ കൂടെയുള്ളത്.
തീയേറ്ററുകളിലെത്തുന്നതിന് മുമ്പ് തന്നെ നിരവധി അന്താരാഷ്ട്ര സിനിമാഫെസ്റ്റിവലുകളിൽ പുരസ്കാരം നേടിയല്ലോ. പ്രതീക്ഷിച്ചിരുന്നോ?
ഈ സിനിമ എടുക്കുമ്പോൾ ഒരിക്കലും സിനിമാഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കണമെന്ന് ഞാൻ കരുതിയിട്ടുപോലുമില്ല. പാട്ടും തമാശയുമൊക്കെ ചേർത്ത് മലയാളികളായ കുടുംബപ്രേക്ഷകരെ ലക്ഷ്യം വച്ചെടുത്ത സിനിമയാണിത്. എന്നാൽ, ഈ സിനിമാ പ്രദർശനവുമായി അമേരിക്ക വരെ ഞാൻ പോയി. വിദേശികൾ പോലും ഇതിലെ പല തമാശകളും ആസ്വദിക്കുന്നത് കണ്ടു. ഇന്ത്യയിൽ മുംബൈ ജാഗരൺ ഫെസ്റ്റിവലിൽ നിരവധി മലയാള ചിത്രങ്ങളോടും അഭിനേതാക്കളോടും മത്സരിച്ചാണ് ജയരാജൻ ചേട്ടൻ മികച്ച നടനുള്ള പുരസ്കാരം നേടിയത്. അതൊക്കെ വലിയ സന്തോഷങ്ങളാണ്. എന്നാൽ ഫിലിംഫെസ്റ്റുവലികളിൽ പുരസ്കാരം നേടിയതുകൊണ്ട് അവാർഡ് ചിത്രമെന്ന് മാറ്റിനിർത്തപ്പെടേണ്ടതല്ല ഈ ചിത്രമെന്ന് ഞാൻ കരുതുന്നു. മമ്മൂക്കയെ പോലെ താരം അഭിനയിച്ചിരുന്നെങ്കിൽ ഒരുപക്ഷേ, കുടുംബപ്രേക്ഷകർ ഏറ്റെടുക്കുന്ന കൊമേഴ്സ്യൽ ചിത്രമായേനെ ഇത്.
അത്തരത്തിൽ ഒരു താരത്തെ കാസ്റ്റ് ചെയ്യാതെ ജയരാജൻ ചേട്ടനിലേക്ക് എത്തിയത് എങ്ങനെയാണ്?
ഇന്ദ്രൻസേട്ടനോട് സംസാരിച്ചിരുന്ന ചിത്രമാണിത്. എന്നാൽ, അദ്ദേഹത്തിന്റെ പ്രതിഫലം പോലും താങ്ങാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഞങ്ങൾ. മാത്രവുമല്ല, നായികയായി ആദ്യം തീരുമാനിച്ചിരുന്ന ആൾ മാറി ആ സ്ഥാനത്ത് ലീല സാംസൺ മാഡം വന്നു. അപ്പോൾ ആകാരം കൊണ്ട് കുറച്ചൂടെ വലിയ ആൾ വേണമായിരുന്നു. അപ്പോഴാണ് ഹെലൻ എന്ന ചിത്രം വരുന്നത്. അതിൽ സെക്യൂരിറ്റിയായി ജയരാജൻ ചേട്ടനെ കണ്ടപ്പോൾ തന്നെ ഇത് ഞങ്ങൾക്ക് പറ്റിയ ആളാണല്ലോ എന്ന് തോന്നി. മേക്കപ്പ് പോലും ഇടേണ്ട. അതു പോലെ ആ കഥാപാത്രത്തിന്റെ എല്ലാ രൂപഭാവങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. അങ്ങനെയാണ് ജയരാജൻ ചേട്ടനോട് സംസാരിക്കുന്നതും നായകനായി അദ്ദേഹത്തെ തീരുമാനിക്കുന്നതും. ഇന്ദ്രൻസേട്ടനെ ഇതുപോലെ ഒരു പാവം വൃദ്ധകഥാപാത്രത്തിൽ ആളുകൾ കണ്ടുകഴിഞ്ഞു. അപ്പോൾ ഒരു ഫ്രഷ്നസ് കൊണ്ടുവരാനും ജയരാജേട്ടന് കഴിയുമെന്ന് തോന്നി. ബിസിനസ് ചിന്തിക്കുമ്പോഴാണ് വലിയ താരം വേണമെന്ന് തോന്നുക. എന്നാൽ, സിനിമയുടെ സത്യസന്ധത നോക്കുമ്പോൾ ജയരാജേട്ടനെ നായകനാക്കിയത് ഏറ്റവും ശരിയായ തീരുമാനമായിരുന്നു.
ഒരു ചെറുപുഞ്ചിരി എന്ന ചിത്രം ഇതേപോലൊരു തീമാണ്. അതുമായി താരതമ്യപ്പെടുത്തൽ സംഭവിച്ചാൽ?
പ്രായമായവരുടെ സ്നേഹം എന്ന ഒരു തീമാണ് രണ്ട് ചിത്രത്തിലുമെങ്കിലും രണ്ടും രണ്ട് തരത്തിലുള്ള, രണ്ട് വിഷയങ്ങൾ ചർച്ച ചെയ്യുന്ന ചിത്രങ്ങളാണ്. എന്നാൽ, ഒരു ചെറുപുഞ്ചിരിയുമായി താരതമ്യപ്പെടുത്തപ്പെട്ടാൽ അതൊരു അംഗീകാരമായിട്ടേ ഞാൻ കാണൂ. ഇന്നും പ്രേക്ഷകന് അനുഭവമേകുന്ന മനോഹരമായ ചിത്രമാണത്. അതുപോലെ തന്നെയാണ് ജനനം 1947, പ്രണയം തുടരുന്നു എന്ന ചിത്രവും. ഇപ്പോഴത്തെ 16 വയസു മുതലുള്ളവരെ ആകർഷിക്കപ്പെടുന്ന തരത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
ഈ സിനിമയ്ക്ക് ശേഷം അടുത്തതെന്ത്?
അടുത്ത സിനിമയും ചിത്രീകരണം പൂർത്തിയായി. ഇടുക്കി സംഭവം എന്നാണ് പേര്. അതിലൂടെ അഭിനയത്തിലും കൈ വയ്ക്കുകയാണ്. അഭിനയമോഹം ഉണ്ടായിരുന്നു. കോസ്റ്റ് കട്ടിംഗിന് കൂട്ടത്തിൽ ഒരു നടനുണ്ടാകുമെന്ന തോന്നലിലും കൂടെയുള്ളവരുടെ പ്രോത്സാഹനത്തിലുമാണ് ഇടുക്കി സംഭവത്തിൽ നായകനായത്. ആളുകളെ ഇടിച്ചിടുന്ന അതിമാനുഷികനായ നായകനല്ല, എന്നെ പോലെ ഒരു സാധാരണക്കാരനാണ്. ഒരുപാട് നല്ല കഥകളുണ്ട്. അത് ചെയ്യാനുള്ള ആർട്ടിസ്റ്റുകളും ഉള്ള ആർട്ടിസ്റ്റുകൾക്ക് സമയവും ഇല്ല. അപ്പോൾ നമുക്ക് ഒരു സ്പേസ് ഉണ്ടാകുമെന്നാണ് വിശ്വാസം.