ഏപ്രിൽ 11- ലോക പാർക്കിൻസൺസ് ദിനം
അൾഷിമേഴ്സ്, ഡിമെൻഷ്യ പോലെ തലച്ചോറിനെ ബാധിക്കുന്ന അസുഖമാണ് പാർക്കിൻസൺസ്. ആദ്യത്തെ രണ്ടും മനുഷ്യന്റെ ഓർമ്മയെ ബാധിക്കുന്നതാണെങ്കിൽ പാർക്കിൻസൺസ് ചലനശേഷിയെ ആണ് പ്രധാനമായും ബാധിക്കുന്നത്. ഷേക്കിംഗ് പാൾസി എന്നറിയപ്പെട്ടിരുന്ന രോഗം ഇതേപ്പറ്റി കൂടുതൽ വിവരങ്ങൾ നൽകിയ ഡോ. ജെയിംസ് പാർക്കിൻസൺസിന്റെ പേരിൽ 1817ൽ പാർക്കിൻസൺസ് രോഗം എന്ന് വിശേഷിപ്പിക്കപ്പെടുകയായിരുന്നു
ചലനശേഷി ഇല്ലാതാകുന്നത് എങ്ങനെ
തലച്ചോറിൻ്റെ സബ്സ്റ്റാൻ്റിയ നിഗ്ര എന്ന ഭാഗത്ത് ആൽഫാ സിന്യൂക്ലിൻ എന്നറിയപ്പെടുന്ന ഒരു അസാധാരണ പ്രോട്ടീൻ അടിഞ്ഞുകൂടുകയും അത് പിന്നീട് ഡോപോമൈൻ എന്ന ന്യൂറോ ട്രാൻസ്മിറ്റർ പുറത്തുവിടുന്ന തലച്ചോറിന്റെ പ്രവർത്തനത്തെ തടയുകയും ചെയ്യുന്നു. ഡോപോമൈൻ ആണ് ഒരു വ്യക്തിയുടെ ചലനശേഷിയെ സഹായിക്കുന്നത്. മസ്തിഷ്കത്തിൽ ഡോപാമൈൻ ഇല്ലാത്തതിനാൽ ചലനത്തിൽ മന്ദത, വിശ്രമാവസ്ഥയിൽ കൈകാലുകളുടെ അനിയന്ത്രിതമായ വിറയൽ, ബ്രാഡികൈനേഷ്യ (ചലനമോ അതിന്റെ വേഗതയോ കുറയുകയോ അറച്ചുപോവുക), മുഖംമൂടി പോലെയുള്ള മുഖഭാവം, മരവിച്ചു പോകുന്ന നടത്തം എന്നിങ്ങനെയുണ്ടാകാം. 45 വയസ്സിന് താഴെയുള്ള യുവാക്കളിൽ വരുന്ന പാർക്കിൻസൺസ് രോഗം യംഗ് ഓൺസെറ്റ് പാർക്കിൻസൺസ് ഡിസീസ് എന്ന് വിളിക്കപ്പെടുന്നു, ഇത് വളരെ അപൂർവമാണ്. 20 വയസിൽ താഴെയുള്ളവരിൽ വരുന്നത് ജുവനൈൽ പാർക്കിൻസൺസ് എന്നും അറിയപ്പെടുന്നു. ചെറുപ്രായത്തിലുള്ള പാർക്കിൻസൺസ് രോഗികളിൽ വിശ്രമാവസ്ഥയിലുള്ള വിറയലും ചലനങ്ങളുടെ മന്ദതയും ആണ് പ്രധാനമായും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ.
പാർക്കിൻസൺസ് രോഗത്തിൻ്റെ കാരണങ്ങൾ
ഏറ്റവും സാധാരണമായി കണ്ടുവരുന്ന പാർക്കിൻസൺസ് രോഗത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതിനെ ഇഡിയോപതിക് പാർക്കിൻസൺസ് ഡിസീസ് എന്ന് പറയുന്നു. ചില മരുന്നുകൾ പാർക്കിൻസൺസിന് കാരണമായേക്കാം. സ്ട്രോക്ക്, ട്യൂമർ, തലയ്ക്കേറ്റ ആഘാതം തുടങ്ങിയവും MPTP, കീടനാശിനികൾ തുടങ്ങിയ വിഷവസ്തുക്കളും മസ്തിഷ്കത്തിലെ അണുബാധയും പിന്നീട് പാർക്കിൻസൺസിലേക്ക് നയിച്ചേക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയെ സെക്കണ്ടറി പാർക്കിൻസോണിസം എന്ന് വിളിക്കുന്നു
പാർക്കിൻസൺസ് രോഗത്തിൻ്റെ ലക്ഷണങ്ങൾ
ചലന സംബന്ധമായും അല്ലാതെയുമുള്ള ലക്ഷണങ്ങൾ പാർക്കിൻസൺസ് രോഗി കാട്ടാറുണ്ട്. വിശ്രമാവസ്ഥയിൽ ഏകപക്ഷീയമായി കൈകൾ വിറയ്ക്കുക, ഏതെങ്കിലും ശരീരാവയവമോ ശരീരമൊട്ടാകെയോ ഉറച്ചുപോവുക, ചലനമോ അതിന്റെ വേഗതയോ കുറയുക (അറച്ചുപോവുക), അംഗവിന്യാസത്തിലെ അസ്ഥിരത എന്നിവയുമാണ് ചലനവുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ. ഘ്രാണശക്തിയുടെ അഭാവം, മലബന്ധം, വിഷാദം പോലെയുള്ള മാനസികബുദ്ധിമുട്ടുകൾ, പകൽസമയത്ത് ഉറക്കം കൂടുകയും രാത്രി ഉറക്കക്കുറവും ഉണ്ടാകുകയോ ഉറക്കത്തിൽ അനിയന്ത്രിതമായ ചലനം ഉണ്ടാവുകയും ചെയ്യുക, മൂത്രാശയ അസ്വസ്ഥതകൾ, വായിലെ വരൾച്ച എന്നിവയാണ് മറ്റു ലക്ഷണങ്ങൾ.
രോഗനിർണയവും ചികിത്സയും
പ്രധാനമായും രോഗിയുടെ ക്ലിനിക്കൽ ലക്ഷണം കണ്ടാണ് രോഗനിർണയം നടത്തുന്നത്. തലച്ചോറിന്റെ MRI, DAT സ്കാൻ എന്നിവ കൂടാതെ ചെറുപ്രായത്തിൽ വരുന്ന രോഗത്തിന് ജനിതക പരിശോധനയും നടത്താറുണ്ട്. ഫാർമക്കോളജിക്കൽ, സർജിക്കൽ, നോൺ ഫാർമക്കോളജിക്കൽ എന്നിങ്ങനെ മൂന്ന് തരത്തിലാണ് പാർക്കിൻസൺസിന് ചികിത്സ. പാർക്കിൻസൺസിന് ഇപ്പോഴും തിരഞ്ഞെടുക്കാവുന്ന മരുന്നാണ് ലെവോഡോപ്പ. രോഗത്തിൻ്റെ പ്രാരംഭ ഘട്ടത്തിൽ ഈ മരുന്നിനോട് ശരീരം നന്നായി പ്രതികരിക്കാറുണ്ട്. വർഷങ്ങളോളമുള്ള ചികിത്സയ്ക്ക് ശേഷം മരുന്നിൻ്റെ പ്രഭാവം മങ്ങിയേക്കാം. ഡോപാമൈൻ അഗോണിസ്റ്റുകൾ എന്നറിയപ്പെടുന്ന മറ്റ് മരുന്നുകളും ലെവോഡോപ്പയ്ക്കൊപ്പം ചേർത്താൽ ഫലപ്രാപ്തി വർദ്ധിപ്പിക്കാം. പാർക്കിൻസൺസ് രോഗികളിൽ സാധാരണയായി മരുന്നുകൾ കുറച്ച് വർഷത്തേക്ക് ഫലപ്രദമായിരിക്കും. ഇതിനെ ഹണിമൂൺ പിരീഡ് എന്ന് വിളിക്കുന്നു, അതിനുശേഷം രോഗിക്ക് ഡിബിഎസ് (ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ) എന്നറിയപ്പെടുന്ന ശസ്ത്രക്രിയാ ചികിത്സയിൽ നിന്ന് പ്രയോജനം ലഭിച്ചേക്കാം. ഇത് പാർക്കിൻസൺസ് രോഗത്തിലെ ഏറ്റവും പുതിയ ചികിത്സകളിലൊന്നാണ്.
ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ ചികിത്സ
മോട്ടോർ ചലനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിൻ്റെ ഭാഗങ്ങളിൽ ഇലക്ട്രോഡുകൾ ഘടിപ്പിക്കുകയും ക്ലാവിക്കിൾ എല്ലിനു തൊട്ടുതാഴെയായി ഒരു പേസ്മേക്കർ ഘടിപ്പിക്കുകയും ചെയ്ത് തലച്ചോറിനെ ഉദ്ദീപിപ്പിക്കുകയും അതുവഴി പാർക്കിൻസൺസ് ബാധിച്ച് മന്ദാവസ്ഥയിലായ മാംസപേശികളുടെ ചലനങ്ങൾ പൂർവ്വാവസ്ഥയിലേക്ക് ആക്കുകയും ചെയ്യുന്ന അതിനൂതന ചികിത്സാരീതിയാണിത്. കുറഞ്ഞത് അഞ്ച് വർഷമെങ്കിലും പാർക്കിൻസൺസ് രോഗമുണ്ടായിരിക്കുകയും ജീവിത നിലവാരത്തെ ബാധിക്കുന്ന തരത്തിൽ ചലനശേഷിയെ ബാധിക്കുകയോ മറ്റ് ചികിത്സാരീതികൾ പരാജയപ്പെടുകയോ ചെയ്തവർക്ക് ഡിബിഎസ് എന്ന ചികിത്സാമാർഗ്ഗം തേടാം. ലെവോഡോപ്പ മരുന്നിനോട് പ്രതികരിക്കുന്നുണ്ടെങ്കിൽ മികച്ച ഫലം ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ ചികിത്സ നൽകും. ഫിസിയോതെറാപ്പി, മെഡിറ്റേഷൻ, യോഗ, വ്യായാമം തുടങ്ങിയവയും പാർക്കിൻസൺസിന് ഗുണകരമാണ്. ഇവ തലച്ചോറിൽ ഡോപാമൈൻ ഉത്പാദിപ്പിക്കുന്നത് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
എഴുത്ത് :
ഡോ. ചന്തു പി
കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് , എപ്പിലപ്റ്റോളജിസ്റ്റ്
മെഡിക്കൽ ട്രസ്റ്റ് ആശുപത്രി
കൊച്ചി