×
ചൊക്ലി പൊലീസ് സ്റ്റേഷന് പിന്നിൽ  സിനിമാവീട് പിറന്ന കഥ

മലയാള സിനിമാപ്രേക്ഷകർക്ക് ഇഷ്ടമുള്ള ഒരുപാട് വീടുകളുണ്ട് മലയാളസിനിമയിൽ. പ്രേക്ഷകരുടെ ഇഷ്ടം മനസ്സിൽ കണ്ട് ഒരു വീട് തന്നെ പല സിനിമകൾക്കും ലൊക്കേഷനായി മാറിയിട്ടുമുണ്ട്. വരിക്കാശ്ശേരി മന അതിലൊന്ന് മാത്രം. സിനിമയിലെ കഥാപരിസരത്തിനനുസരിച്ച് ഒരു വീട് കണ്ടെത്തുക എന്നത് സിനിമാപ്രവർത്തകർക്ക് എന്നും ഒരു ബാലികേറാമലയാണ്. സിനിമയുടെ കഥയ്ക്കും കഥാപരിസരത്തിനും അനുസരിച്ച് വീട് കിട്ടിയില്ലെങ്കിൽ സെറ്റിടുകയാണ് പൊതുവെ ചെയ്യാറുള്ളത്. ലക്ഷങ്ങൾ മുടക്കി പണിയുന്ന ഇത്തരം സെറ്റുകൾ ഷൂട്ടിംഗ് തീരുന്നതോടെ പൊളിച്ചുമാറ്റുകയും ചെയ്യും. അതിനൊരു മാറ്റം കുറിച്ചിരിക്കുകയാണ് അൻപോട് കൺമണി എന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ. സിനിമയ്ക്കായി ഒരുക്കിയ വീട് ഷൂട്ടിംഗിന് ശേഷം കൂട്ടത്തിലൊരാൾക്ക് തന്നെ സമ്മാനിച്ചിരിക്കുകയാണ് ഇവർ. തലശ്ശേരി ചൊക്ലി പൊലീസ് സ്റ്റേഷന് തൊട്ടുപിറകിൽ ഈ സിനിമാവീട് പണിതുയർത്തിയ കഥ അറിയാം.

തുടക്കമിട്ട്
"അൻപോട് കൺമണി"

തിരക്കഥാകൃത്ത് അനീഷ് കൊടുവള്ളിയാണ് യഥാർത്ഥത്തിൽ ഈ ചിത്രത്തിന്റെയും വീടെന്ന ആശയത്തിന്റെയും നെടുംതൂണെന്ന് അഭിമാനത്തോടെ പറയുന്നു നി‌ർമ്മാതാവ് വിപിൻ പവിത്രനും വീട് സ്വന്തമാക്കിയ ബിനു സി.എം. ഇരുവരുടെയും സുഹൃത്താണ് അനീഷ്. അനീഷിന്റെ റെയിൻബോ ഗ്രാഫ് എന്ന ഡിസൈനിംഗ് സ്ഥാപനത്തിലെ ജീവനക്കാരനും കൂടിയാണ് ബിനു. സിനിമ സ്വപ്നം കണ്ടുനടക്കുന്ന അനീഷ് താൻ എഴുതിയ തിരക്കഥകൾ വിപിനിനോടും ബിനുവിനോടും അടക്കമുള്ള സുഹൃത്തുക്കളോട് സംസാരിക്കാറുണ്ടായിരുന്നു. എന്തുകൊണ്ട് ഈ കഥകൾ സിനിമ ആക്കിക്കൂടാ എന്ന അന്വേഷണം വിപിൻ പവിത്രൻ നിർമ്മാതാവ് ആകുന്നതിലേക്ക് നയിച്ചു. വിപിൻ പവിത്രനൊപ്പം അനീഷും മറ്റു കൂട്ടുകാരും ചേർന്നപ്പോൾ ക്രിയേറ്റീവ് ഫിഷ് എന്ന നിർമ്മാണസംരംഭത്തിന് തുടക്കമായി. അങ്ങനെ അനീഷിന്റെ ജീവിതത്തിലെ ഒരു സംഭവത്തെ ആസ്പദമാക്കിയുള്ള കഥ തിരക്കഥയായി. അനീഷിന്റെ തന്നെ സൗഹൃദവലയത്തിലുണ്ടായിരുന്ന കവി ഉദ്ദേശിച്ചത് എന്ന സിനിമയുടെ സംവിധായകൻ ലിജു തോമസ് സംവിധാനം ചെയ്യാമെന്നേറ്റു. അങ്ങനെ ഒരു വലിയ സൗഹൃദക്കൂട്ടായ്മയിൽ ആദ്യത്തെ ചിത്രം ഒരുങ്ങാൻ തയ്യാറെടുത്തു.

മൂന്ന് മാസത്തിനുള്ളിൽ
വീട് റെഡി
സിനിമയുടെ തിരക്കഥയും മറ്റു അണിയറ പ്രവർത്തനങ്ങൾക്കുള്ള കാര്യങ്ങളും ശരിയായെങ്കിലും പറ്റിയ ലൊക്കേഷൻ കണ്ടെത്താൻ കഴിഞ്ഞില്ല. ഏറെക്കാലം അന്വേഷിച്ച് ഇരിക്കൂറിൽ ഒരു വീട് കണ്ടെത്തിയെങ്കിലും ഷൂട്ടിംഗിനായുള്ള സൗകര്യം ആ വീട്ടിലില്ലായിരുന്നു. മാത്രവുമല്ല കഥാപരിസരം ചേരുന്നുമില്ല. എങ്കിലും മറ്റുവഴിയില്ലാത്തതിനാൽ അവിടെ തന്നെ ചിത്രീകരണം ആരംഭിക്കാൻ തയ്യാറെടുക്കുമ്പോഴാണ് അനീഷ് ബിനുവിന്റെ വീട്ടിലെത്തുന്നത്. തന്റെ പഴയവീട് പൊളിച്ച് പുതിയ വീട് കെട്ടിപ്പൊക്കാനുള്ള ശ്രമത്തിലായിരുന്നു അക്കാലത്ത് ബിനു. അതിനായി അടിത്തറയും കെട്ടിയിരുന്നു. അൽപ്പഭാഗം കൂടി കെട്ടിപ്പൊക്കി അവിടെത്തന്നെയായിരുന്നു ബിനുവും മാതാപിതാക്കളും താമസം. ബാക്കി എപ്പോഴെങ്കിലും പൂർത്തിയാക്കാം എന്ന പ്രതീക്ഷ മാത്രമായിരുന്നു ബിനുവിന് കൂട്ട്. ബിനുവിന്റെ വീടും സ്ഥലവും കണ്ടപ്പോഴാണ് തന്റെ കഥയ്ക്ക് വേണ്ടി ഒരു വീട് അവിടെ നിർമ്മിച്ചാലോ എന്ന ആശയം അനീഷിന് തോന്നിയത്. അപ്പോൾ തന്നെ നിർമ്മാതാവ് വിപിൻ പവിത്രനോട് ഇക്കാര്യം പങ്കുവച്ചു. ബിനുവിന്റെ വീട് നിർമ്മാണത്തിൽ സഹായിക്കാൻ നേരത്തെ തീരുമാനിച്ചിരുന്ന അദ്ദേഹത്തിന് അനീഷിന്റെ ആശയത്തോട് ഒ.കെ പറയാൻ മറ്റൊന്നും ചിന്തിക്കാനില്ലായിരുന്നു.  
എങ്കിലും സിനിമ തുടങ്ങാൻ മാസങ്ങൾ മാത്രം അവശേഷിക്കെ ഒരു വീട് ഉണ്ടാക്കുക എന്നത് എങ്ങനെ സാധ്യമാകുമെന്ന് സംവിധായകൻ ലിജു ആശങ്ക പങ്കുവച്ചു. തലശേരി ആസ്ഥാനമായുള്ള സ്കൈ വിങ്സ് എന്ന കൺസ്ട്രക്ഷൻ കമ്പനിയുടെ ഉടമ കൂടിയായിരുന്ന വിപിൻ പവിത്രൻ അക്കാര്യത്തിൽ പേടിക്കേണ്ടെന്ന് ധൈര്യം പകർന്നു. അങ്ങനെ നിർമ്മാണ ചെലവിന് പുറമെ രണ്ടരമാസം കൊണ്ട് വീട് നിർമ്മിക്കാമെന്ന വലിയ ഉത്തരവാദിത്തം കൂടി അദ്ദേഹവും കമ്പനിയും ഏറ്റെടുത്തു. മാത്രമല്ല, നിർമ്മാണവും ഒരു മാസം നീണ്ട ഷൂട്ടിംഗും കഴിഞ്ഞ് നാല് മാസത്തിനുള്ളിൽ വീട് ബിനുവിനും മാതാപിതാക്കൾക്കും കൈമാറി.

സ്വപ്നം സ്വന്തമായത്
വിശ്വസിക്കാനാവാതെ ബിനു

കാലപ്പഴക്കം കൊണ്ട് പൊളിച്ചുമാറ്റിയതാണ് ബിനുവിന്റെ തറവാട് വീട്. അവിടെ അതുപോലെ വീടുയർത്താമെന്ന പ്രതീക്ഷയിലായിരുന്നു ബിനു. എന്നാൽ, പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ നടന്നില്ല. മെല്ലെ പണി പൂർത്തിയാക്കാമെന്നായിരുന്നു ചിന്ത. വീടെന്ന സ്വപ്നം ഇത്രപെട്ടെന്ന് സ്വന്തമാകുമെന്ന് ബിനു കരുതിയതല്ല. തന്റെയും സഹോദരന്റെയും 9 സെന്റ് സ്ഥലത്താണ് 1300 സ്ക്വയർ ഫീറ്റിൽ വീടുയർന്നത്. സിനിമയ്ക്ക് ഒറ്റനില വീടായിരുന്നു ആവശ്യം. കൽപ്പണക്കാരനായ നായകനായി വീട് നല്ല ചെങ്കല്ലിലാണ് പണിതത്. മൂന്ന് കിടപ്പുമുറികളും ഹാളും അടുക്കളയും രണ്ട് ബാത്ത്റൂമുകളും വർക്ക് ഏരിയയും ഉള്ള ഒറ്റനില വീട് താൻ സ്വപ്നം കണ്ടതിനുമപ്പുറമാണെന്ന് ബിനു പറയുന്നു. സിനിമയിലെ കഥാപാത്രങ്ങൾക്കും കഥാപരിസരത്തിനും അനുസരിച്ചാണ് പണിതതെങ്കിലും വീടിപ്പോൾ തങ്ങളുടെ ജീവിതത്തിനോട് ഏറെ ചേർന്നുനിൽക്കുന്നുവെന്നും വിവാഹം കൂടി സ്വപ്നം കാണാൻ വീട് ധൈര്യം പകർന്നുവെന്നും ബിനു കൂട്ടിച്ചേർക്കുന്നു.

തുടക്കം നല്ലതിനെന്ന
പ്രതീക്ഷയിൽ കൂട്ടുകാർ

കൂട്ടുകാർ ചേർന്ന് തുടക്കമിട്ട ക്രിയേറ്റീവ് ഫിഷ് എന്ന നിർമ്മാണക്കമ്പനിയുടെ കൂട്ടായ്മയിലാണ് സിനിമ പോലെ ബിനുവിന്റെ വീടും ഒരുങ്ങിയതെന്ന് വിപിൻ പവിത്രൻ പറയുന്നു. അഞ്ചാംക്ളാസ് മുതലുള്ള കൂട്ടുകാരന് സ്വന്തമായി വീടുണ്ടാകാൻ നിമിത്തമായതിന്റെ സന്തോഷത്തിലാണ് അനീഷ്. പൊളിച്ചുമാറ്റിയ സ്ഥലത്ത് വീടുയർത്താൻ ബിനു ബുദ്ധിമുട്ടുന്നത് കണ്ടപ്പോഴാണ് ഇങ്ങനെ ആശയം പങ്കുവച്ചത്. അതിന് വേണ്ടി തിരക്കഥയിൽ അൽപം പൊളിച്ചുപണിയൽ വേണ്ടി വന്നുവെന്ന് മാത്രം. മലയാളസിനിമയിൽ ഒരു വലിയ ചുവട് വയ്പ്പിനാണ് തങ്ങൾ തുടക്കമിടുന്നതെന്ന് അറിഞ്ഞില്ലെന്ന് വിപിൻ പവിത്രനും അനീഷും പറയുന്നു. വലിയ പ്രൊജക്ടുകൾ ഏറ്റെടുത്ത് ചെയ്തിരുന്നതിനാൽ വീട് കുറഞ്ഞ സമയത്തിനുള്ളിൽ നിർമ്മിക്കുക എന്നത് വിപിൻ പവിത്രന് വെല്ലുവിളി ആയിരുന്നില്ല. സിനിമ ഒരു പുതിയ തുടക്കമായിരുന്നു. എന്നാൽ, ബിസിനസിലെ മുൻപരിചയം സിനിമയും വലിയ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ പ്രാവർത്തികമാക്കാൻ സഹായിച്ചു. ഉദ്ദേശിച്ചതിനേക്കാൾ പണം ചെലവായെങ്കിലും സിനിമയ്ക്കും നിർമ്മിച്ച വീടിനും ഗുണമേന്മയിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ലെന്ന് പറയുന്നു അദ്ദേഹം.
വീടുപണിയുടെ ഘട്ടത്തിലും ഷൂട്ടിംഗ് സമയത്തും ബിനുവും അച്ഛനും അമ്മയും മാറിത്താമസിക്കേണ്ടി വന്നിരുന്നു. അതുകൊണ്ട് ഷൂട്ടിംഗ് പായ്ക്ക്അപ്പ് പറയുന്ന ദിനം തന്നെ താക്കോൽ കൈമാറാൻ വിപിൻ പവിത്രൻ തീരുമാനിച്ചു. നിയോഗം പോലെ നടൻ സുരേഷ് ഗോപി അന്നേദിവസം തലശ്ശേരിയിലെത്തുകയും ബിനുവിനും വീട്ടുകാർക്കും താക്കോൽ കൈമാറുകയും ചെയ്തു. വിജയത്തിന്റെ ഓരോ ഘട്ടത്തിലും പാവപ്പെട്ടവർക്ക് വീട് പണിയാൻ സഹായിച്ചുകൊണ്ടായിരിക്കും സിനിമയുടെ വിജയം ആഘോഷിക്കുകയെന്ന് ഇവർ പറയുന്നു.
നാട്ടിൻപുറത്ത് നടക്കുന്ന കഥയാണ് അൻപോട് കൺമണി. അർജ്ജുൻ അശോകൻ നായകനാകുന്ന ചിത്രത്തിൽ തിങ്കളാഴ്ച നിശ്ചയം ഫെയിം അനഘ നാരായണൻ ആണ് നായിക. ജോണി ആന്റണി, അൽത്താഫ്, ഉണ്ണിരാജ, നവാസ് വള്ളിക്കുന്ന്, മാലപാർവതി, സംവിധായകൻ മൃദുൽ നായർ  എന്നിവരാണ്  ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. മനു മഞ്ജിത്തിന്റെ വരികൾക്ക് സാമുവൽ എബി സംഗീതസംവിധാനം നിർവഹിച്ച ​ഗാനങ്ങൾ കെ.എസ്. ചിത്ര, ഹരിശങ്കർ, വിനീത് ശ്രീനിവാസൻ, സിത്താര കൃഷ്ണകുമാർ എന്നിവർ ആലപിച്ചിരിക്കുന്നു. സരിൻ രവീന്ദ്രൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സനൂപ് ദിനേശ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ചിത്രത്തിൽ സുനിൽ എസ്. പിള്ളൈയാണ് എഡിറ്റർ. പ്രൊഡക്ഷൻ കൺട്രോളർ ജിതേഷ് അഞ്ചുമന. മേക്കപ്പ് നരസിംഹ സ്വാമി, ആർട്ട്‌ ഡയറക്ടർ ബാബു പിള്ളൈ, കോസ്റ്റും ഡിസൈനർ ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രദീപ് പ്രഭാകർ, പ്രൊഡക്ഷൻ മാനേജർസ് ജോബി ജോൺ, കല്ലാർ അനിൽ, അസോസിയേറ്റ് ഡയറക്ടർ പ്രിജിൻ ജസി, ശ്രീകുമാർ സേതു, അസിസ്റ്റന്റ് ഡയറക്ടർസ് ആയി ഷിഖിൽ ഗൗരി, സഞ്ജന ജെ. രാമൻ, ഗോപികൃഷ്ണൻ, ശരത് വി.ടി, സ്റ്റിൽസ് ബിജിത്ത് ധർമ്മടം, പി.ആർ.ഒ എ.എസ് ദിനേശ് എന്നിവരാണ് അണിയറയിൽ.