×
രണ്ട് പതിറ്റാണ്ടിന് ശേഷം മലയാളികളുടെ പ്രിയതാരങ്ങൾ വീണ്ടും ഒന്നിക്കുന്നു

വർഷങ്ങൾക്ക് ശേഷം മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ജോഡി വീണ്ടും വരുന്നു. നാടോടിക്കാറ്റ്, മിന്നാരം, പക്ഷേ, തേന്മാവിൻ കൊമ്പത്ത് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ഒരുകാലത്ത് പ്രേക്ഷകരുടെ പ്രിയജോഡിയായിരുന്ന മോഹൻലാൽ, ശോഭന കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. 20 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും ഒന്നിച്ച് ഒരു സിനിമ ചെയ്യാൻ ഒരുങ്ങുന്നത്. 2004ൽ പുറത്തിറങ്ങിയ മാമ്പഴക്കാലം ആണ് ഒടുവിൽ ഇരുവരും ഒന്നിച്ചഭിനയിച്ചത്. ഓപ്പറേഷൻ ജാവ, സൗദി വെള്ളയ്ക്ക എന്നീ ചിത്രങ്ങളുടെ സംവിധായകനായ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാലിന്റെ 360ാമത്തെ ചിത്രത്തിലാണ് ശോഭന നായിക ആയി എത്തുന്നത്. ഇരുവരും ചേർന്നഭിനയിക്കുന്ന 56ാമത്തെ ചിത്രമാണിതെന്ന് ശോഭന തന്റെ വീഡിയോയിലൂടെ പറഞ്ഞു. രജപുത്ര വിഷ്യൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് ആണ് ഈ ബി​ഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്. 

അവിടുത്തെ പോലെ ഇവിടെയും എന്ന ചിത്രത്തിലാണ് ആദ്യമായി മോഹൻലാലിന്റെ നായികയായി ശോഭനയെത്തുന്നത്. ഉള്ളടക്കം, പവിത്രം, മായാമായൂരം, എന്നിങ്ങനെ ഇരുവരുടെയും ഹിറ്റ് സിനിമകൾ ഒട്ടനവധിയാണ്. ഹാസ്യവും പ്രണയവും ഒരുപോലെ കൈകാര്യം ചെയ്യാനുള്ള ഇവരുടെ കഴിവാണ് എൺപതുകളിലും തൊണ്ണൂറുകളിലും മോഹൻലാൽ-ശോഭനയെ പ്രേക്ഷകരുടെ പ്രിയ ജോ‍ഡിയാക്കി മാറ്റിയത്. ദുൽഖർ സൽമാൻ, സുരേഷ് ​ഗോപി എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ് ശോഭനയുടേതായി ഒടുവിൽ വന്ന മലയാള സിനിമ. 

90 ദിവസമാണ് പുതിയ സിനിമ ഷൂട്ട് ചെയ്യാനായി നിശ്ചയിച്ചിരിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും പൂർത്തിയാക്കി ഓണത്തിനോ അതിന് മുമ്പോ ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.