സംസ്ഥാനത്തെ ഒരു തിരഞ്ഞെടുപ്പിന്റെ ഗതിയാകെ മാറ്റിയ ഇടുക്കി തങ്കമണി നരനായാട്ട് നടന്നിട്ട് 37 വർഷം പിന്നിടുന്നു. തങ്കമണി സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ദിലീപ് ചിത്രം പ്രദർശനത്തിനൊരുങ്ങുകയാണ്. സിനിമയിലെ ടൈറ്റിൽ സോംഗ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. മണിക്കൂറുകൾക്കകം പാട്ട് യൂട്യൂബ് ട്രെൻഡിംഗിലുമായി. ഉടൽ എന്ന ആദ്യചിത്രത്തിലൂടെ തന്നെ കഴിവു തെളിയിച്ച രതീഷ് രഘുനന്ദൻ ആണ് തങ്കമണിയുടെ സംവിധായകൻ. നടൻ ദിലീപിന്റെ അടുത്ത ഹിറ്റാകുമെന്ന് ആരാധകർ കണക്കുകൂട്ടുന്ന, തന്റെ തന്നെ തിരക്കഥയിൽ ഒരുങ്ങുന്ന"തങ്കമണി"യെ കുറിച്ച് രതീഷ് രഘുനന്ദൻ മ്യൂസുമായി സംസാരിക്കുന്നു.
തങ്കമണി പാട്ട് ഹിറ്റായല്ലോ. എന്തായിരുന്നു പാട്ടിന്റെ കൺസെപ്റ്റിന് പിന്നിൽ?
തങ്കമണി എന്ന ടൈറ്റിൽ ഇടുമ്പോൾ ആളുകൾക്ക് കൺഫ്യൂഷൻ വരാൻ സാദ്ധ്യതയുണ്ട്. സീനിയർ ജേർണലിസ്റ്റുകൾക്ക് പോലും അധികം ക്ലാരിറ്റി ഇല്ലാത്ത ഒരു വിഷയത്തിൽ സിനിമ എടുക്കുമ്പോൾ ഇത് നടന്ന സംഭവമാണെന്ന് ആദ്യം ജനങ്ങളിലേക്ക് എത്തിക്കണം. ആ രീതിയിൽ വേണം അവർ ടൈറ്റിലിനെ അപ്രോച്ച് ചെയ്യാൻ. ഇല്ലെങ്കിൽ കോമഡിയാകും. ഒരു പെണ്ണിന്റെ പേരെടുത്ത് സിനിമയ്ക്ക് പേരിട്ടു എന്ന് പ്രേക്ഷകർ ചിന്തിക്കും. അതുണ്ടാവാൻ പാടില്ല. ശരിക്കും ആ ഒരു മാർക്കറ്റിംഗിന്റെ ഭാഗം കൂടിയായിരുന്നു ഈ പാട്ട്. പാട്ടിലൂടെ ഈ സിനിമ എന്താണെന്ന് പറയാം എന്ന് ചിന്തിച്ചിടത്ത് നിന്നാണ് പാട്ടുണ്ടായത്.
തങ്കമണി സംഭവത്തെ അടിസ്ഥാനമാക്കി സിനിമയിറക്കാനുള്ള ചിന്ത എപ്പോഴാണ് വന്നത്?
ബേസിക്കലി ഞാനൊരു ജേർണലിസ്റ്റാണ്. ജേർണലിസ്റ്റായ റൈറ്ററും സംവിധായകനുമാണ്. അപ്പോൾ ഒരു സിനിമ ആലോചിക്കുമ്പോൾ സോഷ്യോ-പൊളിറ്റിക്കൽ വിഷയങ്ങളാണ് ആദ്യം മനസ്സിൽ വരിക. അല്ലെങ്കിൽ അങ്ങനെ ഒരു സംഭവം കേൾക്കുമ്പോൾ ഇതിനകത്ത് ഒരു സിനിമാസാധ്യത ഉണ്ടോ എന്ന് നോക്കും. അങ്ങനെ ജേർണലിസ്റ്റ് എന്ന നിലയിൽ ആണ് ഈ തങ്കമണി സംഭവം എന്താണെന്ന് അന്വേഷിക്കുന്നത്. സീനിയേഴ്സിനോട് ചോദിക്കുമ്പോൾ പോലും ആർക്കും ഒരു ക്ലാരിറ്റി ഇല്ല. ഇങ്ങനെ കേട്ടിട്ടുണ്ട് എന്നൊക്കെയാണ് അവർ പറയുന്നത്. അങ്ങനെ ഇതിനെ കുറിച്ച് റിസർച്ച് ചെയ്തപ്പോഴാണ് ഇതിനകത്ത് ഒരു സിനിമയുണ്ടെന്ന് തോന്നുന്നത്. അങ്ങനെ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു.
ഇത്രവർഷം പഴക്കമുള്ള ഒരു സംഭവം റിസർച്ച് ചെയ്യുക, വിവാദമായ ആ സംഭവം സിനിമ ആക്കുക. വലിയ റിസ്ക് അല്ലേ?
അത്ര റിസ്ക് ആയിരുന്നില്ല. ഇത് ഔട്ട് ആൻഡ് ഔട്ട് തങ്കമണി സംഭവം മാത്രമല്ല. ഇതൊരു ഫാമിലി മൂവിയാണ്. കേന്ദ്ര കഥാപാത്രത്തിന്റെ കുടുംബവും അതിന്റെ ചുറ്റുപാടും നാടും. ഈ കുടുംബത്തിന്റെ ജീവിതത്തിലൂടെ തങ്കമണി സംഭവം പറയുകയാണ്. ജേർണലിസ്റ്റ് ആയതുകൊണ്ട് സിനിമയിൽ പലകാര്യവും എളുപ്പമാണെന്ന് തോന്നിയിട്ടുണ്ട്. സംഭവം നേരിട്ട് കണ്ട മാധ്യമപ്രവർത്തകരിലേക്കും ഇത് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരിലേക്കും എത്തുക, സംഭവം ബാധിച്ച നാട്ടുകാരെ കാണുക ഒക്കെ ജേർണലിസ്റ്റ് ആയതുകൊണ്ട് എളുപ്പം നടന്നു. ഞാൻ തങ്കമണിയിൽ പോയി 20 ദിവസത്തോളം താമസിച്ചിരുന്നു. നാട്ടിലുള്ളവർക്ക് ഇപ്പോഴെന്നെ അറിയാം. ഇത് ബാധിച്ചവരെ വീടുവീടാന്തരം പോയി കണ്ട് സംസാരിച്ചു. സിനിമ മാറ്റി നിറുത്തിയിട്ട് ഇതിന്റെ എല്ലാവശവും കേട്ട് പഠിക്കുകയായിരുന്നു. അങ്ങനെ പഠിക്കുമ്പോൾ ഒരു സംഗതി തെളിഞ്ഞ് കിട്ടും. ഇതിൽ ഏതെങ്കിലും പക്ഷം പിടിക്കാനോ പൊളിറ്റിക്കലി ഉപയോഗിക്കാനോ ഒന്നും ശ്രമിച്ചിട്ടില്ല. സംഭവം പറയുക എന്നത് മാത്രമാണ് ചെയ്തത്. കരുണാകരൻ സർക്കാരിനെ താഴെ ഇറക്കിയ സംഭവം എന്നൊക്കെ പറയുമെങ്കിലും അത് അങ്ങനെയല്ല. തങ്കമണി സംഭവം നടന്ന് ആറുമാസത്തിനകം തിരഞ്ഞെടുപ്പ് വരികയും അപ്പോൾ ഇതൊരു ഇലക്ഷൻ ടൂളായി മറുപക്ഷം ഉപയോഗിക്കുകയും സ്വാഭാവികമായും തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പരാജയപ്പെടുകയുമായിരുന്നു.
തങ്കമണിസംഭവത്തിൽ രാഷ്ട്രീയവും അധികാരവും വലിയ പങ്ക് വഹിച്ചതല്ലേ. അപ്പോൾ പൊളിറ്റിക്സ് പറയുന്നില്ലെന്ന് പറഞ്ഞാലും സിനിമയ്ക്ക് അതിൽ നിന്നൊഴിവാകാൻ കഴിയുമോ?
അങ്ങനെ പറഞ്ഞാൽ, സിനിമ പൊളിറ്റിക്കലി കണക്ടഡ് ആണ്. പൊലീസുമായും കണക്ടഡ് ആണ്. അധികാരം എന്നതിനും ഭരണകൂടത്തിനും എല്ലാ കാലത്തും വേറെ ഒരു സ്വഭാവമാണ്. അത് അക്കാലത്ത് ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയെ അടിസ്ഥാനമാക്കിയല്ല. ഓരോ സർക്കാരിന്റെയും കാലത്ത് അക്കമിട്ട് നിരത്താൻ നമുക്ക് എന്തെല്ലാം സംഭവങ്ങളുണ്ട്. ചരിത്രത്തിലേക്ക് നോക്കിയാൽ ഭരണപ്രതിപക്ഷം ഒരുമിച്ച് നിന്ന്, എല്ലാപാർട്ടികളും ഒറ്റക്കെട്ടായി നിന്ന് ഒരു വിഭാഗത്തെ അടിച്ചമർത്തിയ സംഭവങ്ങൾ പോലും കാണാനാകും. ഭരണകൂട ഭീകരതയ്ക്ക് രാഷ്ട്രീയമില്ല. അധികാരം, ഭരണകൂടം, ഭരണകൂട ഭീകരത ഇവയെല്ലാം എല്ലാകാലത്തും ഒരേ സ്വഭാവമാണ് കാണിക്കുന്നത്. ഏതെങ്കിലും പാർട്ടി അതിൽ നിന്ന് വ്യത്യസ്തമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
ഉടൽ എന്ന സിനിമയിൽ നിന്ന് തങ്കമണിയിലേക്ക് എത്തുമ്പോൾ കാൻവാസ് മാറുകയാണല്ലോ. എത്രത്തോളമുണ്ടായിരുന്നു ചലഞ്ച്?
ഉടൽ ഒന്നരക്കോടിയ്ക്ക് തീർന്ന സിനിമയാണ്. ഇത് 25 കോടിയിലധികം ചെലവാക്കിയതാണ്. അത്ര വ്യത്യാസമുണ്ട്. തിരഞ്ഞെടുത്ത വിഷയം, കാസ്റ്റ് എന്നിങ്ങനെ എല്ലാത്തിലും. അത് 19 ദിവസം കൊണ്ട് തീർന്നതാണെങ്കിൽ ഇത് 80 ദിവസമെടുത്തു. ഉടലിൽ നാല് പേരെ ഉണ്ടായിരുന്നുള്ളൂവെങ്കിൽ തങ്കമണിയിൽ ദിവസവും നൂറു പേരുണ്ടായിരുന്നു. 500 മുതൽ 1000 വരെ ജൂനിയർ ആർട്ടിസ്റ്റുകളുള്ള ദിവസങ്ങളുണ്ടായിരുന്നു. ഓരോ സിനിമയും എക്സിക്യൂട്ട് ചെയ്യുമ്പോഴുള്ള ചലഞ്ചുകൾ ഇതിനും ഉണ്ടായിട്ടുണ്ട്. സിനിമയുടെ ഷൂട്ടിംഗ് എന്ന് പറയുന്നത് എപ്പോഴും ഹെക്ടിക് ആണ്. ആർട്ടിസ്റ്റുകളെ നമ്മുടെ പോയിന്റിൽ എത്തിക്കണം, മാൻ മാനേജ്മെന്റ് നന്നായി ചെയ്യണം, അതിനിടയിൽ ക്രിയേറ്റീവ് ആയിരിക്കുകയും വേണം. അത് ചലഞ്ച് തന്നെയാണ്. പക്ഷേ, അത് ചെയ്യാനാണല്ലോ നമ്മൾ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഉടലിന് മുമ്പ് പൂർത്തിയാക്കിയ തിരക്കഥയാണ് തങ്കമണിയുടേത്. ഉടൽ ചെയ്യുമ്പോൾ തങ്കമണിയുടെ പൂർണ്ണമായ തിരക്കഥ എന്റെ കയ്യിലുണ്ടായിരുന്നു. കുറേക്കാലം തങ്കമണിയുടെ റിസർച്ചിനായി ചെലവഴിച്ചിട്ടുണ്ട്. മറ്റുപല കാര്യങ്ങളും ചെയ്യുമ്പോഴും തങ്കമണിയുടെ റിസർച്ചും കൂടെ നടന്നിരുന്നു. പ്ലാൻ ചെയ്ത സിനിമകൾ പലകാരണങ്ങളാൽ നിന്നുപോയപ്പോൾ ലോക്ക്ഡൗൺ കാലത്ത് ചെയ്യാൻ പറ്റിയ ഒരു സിനിമ എന്ന ആലോചനയിൽ പത്തുദിവസം കൊണ്ടുണ്ടായതാണ് ഉടൽ. അതിന്റെ തിരക്കഥ മൂന്ന്ദിവസം കൊണ്ട് പൂർത്തിയായതാണ്. തങ്കമണിയുടെ തിരക്കഥ ആലോചിച്ച് പലസമയത്തായി എഴുതി പൂർത്തിയാക്കിയതാണ്. ഒരു സിനിമ ചെയ്യാൻ ഇറങ്ങിത്തിരിക്കുമ്പോൾ എന്തു കേട്ടാലും അതിനുള്ളിൽ സിനിമയുണ്ടോ എന്നാണ് നോക്കുക. അങ്ങനെ ആലോചിക്കുന്ന ഒരുപാട് സംഭവങ്ങൾ നമ്മൾ കുറിച്ചിടും. എന്നാൽ, അങ്ങനെ കുറിച്ചിട്ടതിന് ശേഷവും മനസ്സിലേക്ക് തള്ളിക്കയറി വരികയും ഇത് എന്തായാലും ചെയ്യണമെന്ന് തോന്നുകയും ചെയ്താലാണ് എഴുതിത്തുടങ്ങുക. അങ്ങനെ എപ്പോഴും എന്നെ എക്സൈറ്റ് ചെയ്യിച്ച സിനിമയായിരുന്നു തങ്കമണി.
സിനിമയിലേക്ക് ഇറങ്ങിത്തിരിക്കണമെന്ന് എപ്പോഴാണ് തീരുമാനിച്ചത്?
അപ്രതീക്ഷിതമായാണ് അമൃത ടി.വിയിൽ ജേർണലിസ്റ്റ് ആയി എത്തുന്നത്. ഞാനങ്ങനെ ലക്ഷ്യം വച്ച് വിഷ്വൽ ജേർണലിസ്റ്റ് ആയതല്ല. അതിന് മുമ്പെനിക്ക് തിരക്കഥ എഴുതണമെന്ന് ആഗ്രഹമുണ്ടായിരുന്നു. വായനശീലമുണ്ടായിരുന്നത് കൊണ്ട് തിരക്കഥ എഴുത്ത് രസമുള്ള പരിപാടി ആയിരിക്കുമല്ലോ എന്ന ചിന്തയായിരുന്നു. പക്ഷേ, അതാണെന്റെ ലക്ഷ്യം എന്ന് ചാനലിലെത്തുന്നത് വരെ ഞാൻ ചിന്തിച്ചിരുന്നില്ല. വിഷ്വൽ മീഡിയയിൽ എത്തിയതിന് ശേഷമാണ് ഇതിന്റെ വിഷ്വൽ ലാംഗ്വേജ് എനിക്ക് പിടികിട്ടുന്നത്. കാമറ കൊണ്ട്പോയി ഒരു സംഗതി ഷൂട്ട് ചെയ്താൽ, അത് എഡിറ്റിംഗ് ടേബിളിൽ കൊണ്ടുവന്ന് മുറിച്ചാൽ, അതിലേക്ക് സൗണ്ട് കൊണ്ടുവന്നാൽ ഇങ്ങനെ ആക്കി മാറ്റാമെന്നത് ഞാൻ മനസ്സിലാക്കുന്നത് അവിടെ വച്ചാണ്. എഡിറ്റിംഗ് എന്ന സംഗതി ഞാനാദ്യം കാണുന്നത് പോലും അമൃതയിലെത്തിയതിന് ശേഷമാണ്. പിന്നീട് ന്യൂസ് സ്റ്റോറി ചെയ്യുമ്പോൾ നമ്മുടെ മനസ്സിലെ ഐഡിയ പോലെ കുറച്ച് ഫിക്ഷനലൈസ് ചെയ്തിട്ടൊക്കെ ചെയ്യാൻ ശ്രമിക്കുമായിരുന്നു. പിന്നെ, മനസിൽ വിചാരിച്ച പോലെ ആ സ്റ്റോറി വരുന്നത് കണ്ടപ്പോൾ കോൺഫിഡൻസായി. അപ്പോഴാണ് സിനിമ ചെയ്യാമെന്ന് ആലോചിക്കുന്നത്. വിഷ്വലി എനിക്ക് പറയാനുള്ള കഥകൾ ഞാൻ തന്നെ പറയണമെന്നും അതിന് ആരുടെയും കൂടെപ്പോയിരുന്ന് സിനിമ പഠിക്കേണ്ട എന്നും തീരുമാനിച്ചു. അങ്ങനെ എഴുതാൻ തുടങ്ങി. തൃപ്തികരമല്ലാതെ വരുമ്പോൾ വീണ്ടുമെഴുതും. അങ്ങനെ എഴുതിത്തെളിഞ്ഞതാണെന്നാണ് എന്റെ വിശ്വാസം.
ചെയ്യേണ്ടെന്ന് തീരുമാനിച്ച സിനിമകളുണ്ടോ?
പറയാൻ പറ്റാത്തത്ര തിരക്കഥകൾ എഴുതുകയും കളയുകയും ചെയ്തിട്ടുണ്ട്. എഴുതിപ്പൂർത്തിയാക്കിയിട്ട്, ആ സിനിമാക്കാലം നമ്മെ സ്വാധീനിക്കുകയും ഒരു ടെംപ്ലേറ്റ് പിടിക്കുകയുമാണെന്ന് തോന്നുമ്പോൾ ആ തിരക്കഥ കളയും. എഴുതിപ്പൂർത്തിയാക്കിയിട്ട് എക്സൈറ്റ് ചെയ്യിക്കുന്നില്ല, കൊള്ളില്ല എന്നൊക്കെ തോന്നിയാലും കളയും. വേറെ ഒരു ഫോം പോലെയുമല്ല തിരക്കഥയും സിനിമയും. നമ്മൾ ഒരു നോവലെഴുതി അല്ലെങ്കിൽ ചെറുകഥയെഴുതി അത് അച്ചടിച്ചു വന്നാൽ ആളുകളിലെത്തി ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യാം. അതിന് ഇത്രയ്ക്കിത്ര പൈസയേ ചെലവാകുകയുള്ളൂ. ആർക്കും ഭാരിച്ച പണച്ചെലവുണ്ടാക്കില്ല. ഒരുപാട് പേരുടെ അധ്വാനമോ സമയമോ നഷ്ടമാകുന്നില്ല. എന്നാൽ, സിനിമ അൾട്ടിമേറ്റ്ലി ഒരു ബിസിനസാണ്. കല പിന്നീടേ വരുന്നുള്ളൂ. തിരക്കഥ വായിച്ച് ഇഷ്ടപ്പെട്ട് ഒരു നടൻ വരണം, നിർമ്മാതാവ് വരണം, ഒടുവിൽ അത് തീയേറ്ററിൽ വർക്കാവണം. നമ്മളെഴുതിയ തിരക്കഥ അങ്ങനെ വർക്കാവില്ല എന്ന് തോന്നിയാൽ കളയണം. അല്ലാതെ നമ്മുടെ സമയം അതിൽ ഇൻവെസ്റ്റ് ചെയ്തു എന്നതിന് പ്രസക്തിയില്ല. അങ്ങനെ കളയുന്നതിനെ നഷ്ടമായി ഞാൻ കാണുന്നില്ല. ഏതെങ്കിലും ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി പഠിച്ച് സിനിമാക്കാരനായതല്ല ഞാൻ. ഈ എഴുത്ത് എന്റെ എക്സർസൈസ് ആയിട്ടാണ് കാണുന്നത്. എഴുതി വന്നാലേ തെളിയൂ.
തങ്കമണി ദിലീപ് എന്ന നടനിലേക്ക് എത്തിയത് എങ്ങനെയാണ്?
ഉടൽ അദ്ദേഹത്തിന്റെ തിയേറ്ററുകളിൽ നന്നായി ഓടിയിരുന്നു. അപ്പോൾ അദ്ദേഹം സിനിമ കണ്ട് ദുർഗകൃഷ്ണയെ വിളിച്ച് അഭിനന്ദിക്കുകയും ആരാണ് ചെയ്തതെന്ന് അന്വേഷിക്കുകയും ചെയ്തു. പിന്നീട് എന്റെ നമ്പർ വാങ്ങി എന്നെ വിളിച്ച് അരമണിക്കൂറോളം സംസാരിച്ചു. നമുക്ക് ചെയ്യാൻ പറ്റുന്ന സബ്ജക്ട് ഉണ്ടെങ്കിൽ പറയണം എന്നും പറഞ്ഞു. പിന്നീട് രണ്ടുമൂന്ന് മാസം കഴിഞ്ഞ് ഇനിയെന്ത് എന്ന് ആലോചിച്ച സമയം. തങ്കമണി ചെയ്യാം എന്ന് മനസ്സ് കൊണ്ട് തീരുമാനിക്കുന്നു. അപ്പോൾ എനിക്ക് നന്നായി പെർഫോം ചെയ്യുന്ന നല്ല ഒരു ആക്ടറെ വേണം. ആ ആക്ടറിന് പണം മുടക്കാൻ പ്രൊഡ്യൂസറും വേണം. തീയേറ്ററിൽ ആളെ കൊണ്ടുവരാൻ കഴിവുള്ള നടനാണ് ദിലീപ്. അങ്ങനെ ഞാൻ അദ്ദേഹത്തെ കണ്ട് ഒരു വൺലൈൻ പറയുന്നു. അപ്പോൾ തന്നെ അദ്ദേഹം കമ്മിറ്റ് ചെയ്തു. ഷൂട്ട് ചെയ്യുന്നതിന്റെ തലേന്നാണ് ദിലീപ് സ്ക്രിപ്റ്റ് മുഴുവനായി വായിക്കുന്നത് പോലും. നല്ല സിനിമയാണെങ്കിൽ മറ്റൊരു വിവാദത്തിനും ആളുകളെ തീയേറ്ററിലെത്തിക്കുന്നതിനെ തടയാനാവില്ല എന്ന് വിശ്വസിക്കുന്നു.
തീയേറ്ററുകളിൽ കൊവിഡിന് മുമ്പുണ്ടായിരുന്ന ആൾക്കയറ്റം ഇപ്പോൾ ഇല്ലല്ലോ. മലയാളസിനിമയുടെ ഭാവി ഇല്ലാതാകുകയാണെന്ന് തോന്നുന്നോ?
തീയേറ്ററിൽ ആളുകൾ കുറയുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ, നല്ല സിനിമയ്ക്ക് പണം ചെലവാക്കാൻ വലിപ്പച്ചെറുപ്പം ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. വലിയ ആർട്ടിസ്റ്റില്ലാതെ വരുന്ന, ചെറിയ ബഡ്ജറ്റിലെ ചെറിയ സിനിമകൾ ഹിറ്റാകുന്നുണ്ട്. രോമാഞ്ചം പോലെ ചെറിയ ബഡ്ജറ്റിലിറങ്ങിയ സിനിമയാണ് ഈ വർഷം ആദ്യമായി 50 കോടി ക്ലബിലെത്തിയ പടം. വലിയ മേക്കിംഗ് എന്നുകരുതിയ വലിയ സിനിമകൾ മൂക്കുകുത്തി വീണിട്ടുമുണ്ട്. നല്ല കണ്ടന്റ് ഉണ്ടാകുക എന്നത് പ്രധാനമാണ്. ഓഡിയൻസിന്റെ സമയത്തിന് വില കൽപ്പിക്കുന്ന സിനിമകൾക്ക് ഇപ്പോഴും തീയേറ്ററിൽ ആളുണ്ട്.