പ്രൊഫഷണൽ നാടകരംഗത്ത് നിന്ന് സിനിമയിലേക്ക് ചുവട് വച്ചിരിക്കുകയാണ് രാജേഷ് ഇരുളം എന്ന സംവിധായകൻ. 18വർഷമായി നാടകരംഗത്തുള്ള രാജേഷ് ഇതിനോടകം 11 സംഗീത നാടക അക്കാദമി അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറക്കുന്ന നൊണ എന്ന സിനിമയിൽ രാജേഷ് ചേർത്തുപിടിച്ചിരിക്കുന്നത് നാടകലോകത്തെ കലാകാരന്മാരെയാണ്. തന്റെ സിനിമയെക്കുറിച്ചും നാടകജീവിതത്തെ കുറിച്ചും സംസാരിക്കുകയാണ് രാജേഷ് മ്യൂസുമായി.
നാടകം വിട്ട് സിനിമ തട്ടകമാക്കാനുള്ള ഒരുക്കത്തിലാണോ?
ഒരിക്കലുമല്ല. നാടകം വിട്ടിട്ടുള്ള ഒരു കളിക്കുമില്ല. ഇപ്പോൾ പോലും ഒരു നാടകത്തിന്റെ ക്യാംപിലാണ്. നാടകം ഒരിക്കലും വിടാൻ പറ്റില്ല. തുടക്കത്തിൽ സിനിമ ലക്ഷ്യം വച്ചാണ് നാടകത്തിലേക്ക് വന്നത്. പക്ഷേ, പിന്നീട് നാടകത്തെ കൂടുതൽ അടുത്തറിയാൻ തുടങ്ങിയപ്പോൾ ഇതാണ് കുറച്ചൂടെ ജീവനുള്ള കല എന്ന തോന്നൽ വരികയായിരുന്നു. അതോടെ നാടകത്തിലേക്ക് ചേർന്നുപോയി. ഇപ്പോൾ 18 വർഷമായി പ്രൊഫഷണൽ നാടക രംഗത്തുണ്ട്. ഈ സിനിമ ചെയ്യാനുള്ള തീരുമാനം വന്നതുപോലും ലോക്ക്ഡൗൺ സമയത്താണ്. ആ സമയത്താണ് ഒരു ഫ്രീ ടൈം കിട്ടിയത്. അതുവരെ നിരന്തരം നാടകങ്ങൾ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അങ്ങനെ കൊവിഡ്സമയത്ത് ബ്രേക്ക് കിട്ടിയപ്പോഴാണ് സിനിമയെക്കുറിച്ച് ചിന്തിക്കുന്നത്.
മലയാളസിനിമയുടെ ഗതി മാറിയ സമയമാണ് കൊവിഡ് കാലം. ആ സമയത്ത് സിനിമ ഇറക്കാൻ തീരുമാനിക്കുക റിസ്ക് ആയിരുന്നില്ലേ?
ലോക്ക്ഡൗൺ സമയത്താണ് സിനിമയെക്കുറിച്ച് ചിന്തിക്കാൻ സമയം കിട്ടിയത്. അതുവരെ ഓരോ സീസണിലേക്കുമുള്ള നാടകങ്ങൾ അപ്ഡേറ്റ് ചെയ്തു പോവുകയായിരുന്നു. ഓരോ സീസണിലേക്കും നാലോ അഞ്ചോ നാടകങ്ങൾ. ലോക്ക്ഡൗൺ വന്നപ്പോൾ സീസൺ നഷ്ടപ്പെട്ടു. പുതിയ നാടകങ്ങൾ ഒന്നും ചെയ്യാനില്ല. ലോക്ക്ഡൗൺ കഴിയുമ്പോൾ ഒരു സിനിമ ചെയ്യാം എന്ന തീരുമാനത്തിലേക്ക് ഞാനും ഹേമന്ദേട്ടനും എത്തിയത് അങ്ങനെയാണ്. ആ സമയത്താണ് ഞങ്ങളുടെ സുഹൃത്തും നാടക കലാകാരനുമായ ജേക്കബ് ഉതുപ്പ് എന്ന ജേക്കപ്പേട്ടൻ ഒരു സിനിമ ചെയ്യാമെന്ന് ഇങ്ങോട്ട് പറയുന്നത്. ഒരു സിനിമയ്ക്ക് നിർമ്മാതാവിനെ കിട്ടുക എന്നത് എളുപ്പമല്ല. ഞങ്ങളെ സംബന്ധിച്ച് അത് വളരെ ഈസിയായിരുന്നു. അദ്ദേഹമാണ് ശരിക്കും ഈ സിനിമ ഉണ്ടാകാനുള്ള കാരണക്കാരൻ. അദ്ദേഹം കട്ടയ്ക്ക് നിന്നതു കൊണ്ടാണ് നൊണ സംഭവിച്ചത്.
സിനിമയുടെ ടീം വർക്ക് നാടകത്തിന്റേതിനേക്കാൾ ഇരട്ടിയല്ലേ. അതെങ്ങനെ മാനേജ് ചെയ്തു?
ഇത് മുഴുവനായും നാടകക്കാരുടെ സിനിമയാണ്. നാടകത്തിൽ നിൽക്കുന്നതു കൊണ്ട് തന്നെ ഇതിന്റെ കോർഡിനേഷൻ വളരെ എളുപ്പമായിരുന്നു. ആർട്ടിസ്റ്റുകളെ വളറെ അനായാസമായി കാസ്റ്റ് ചെയ്യാൻ പറ്റി. ഇന്ദ്രൻസേട്ടൻ മാത്രമാണ് പുറത്ത് നിന്നുള്ള ഒരാൾ എന്ന് പറയാനുള്ളത്. ബാക്കി എല്ലാവരും നാടകത്തിലെ കലാകാരന്മാരാണ്. കാമറാമാൻ ഒഴികെ ടെക്നിക്കൽ ടീമിലെ മിക്കവരും നാടകത്തിൽ കൃത്യമായ സ്റ്റാൻഡ് ഉറപ്പിച്ചിട്ടുള്ളവരാണ്.
ഇന്ദ്രൻസേട്ടനിലേക്ക് എങ്ങനെ എത്തി?
ഇതിന്റെ എഴുത്തുകാരനായ ഹേമന്ദ് കുമാർ എഴുതിയ സിനിമയാണ് അപ്പോത്തിക്കിരി. അതിലെ ജയസൂര്യയുടെ അച്ഛന്റെ വേഷമാണ് ഇന്ദ്രൻസേട്ടന്റെ ഭാവപ്പകർച്ചയുടെ തുടക്കമായത്. ആ കാലത്തുണ്ടായ പരിചയം അദ്ദേഹത്തിലേക്ക് എത്തിപ്പെടാൻ എളുപ്പമായി. പിന്നെ, അദ്ദേഹം നാടകങ്ങൾ കാണാറുണ്ട്. അഭിപ്രായം പറയാറുണ്ട്. ഈ സിനിമയിലെ റോയ് ആയി അദ്ദേഹമാണ് മികച്ചത് എന്ന് തോന്നിയിരുന്നു. ഫസ്റ്റ് ഓപ്ഷൻ അദ്ദേഹമായിരുന്നു. കഥ കേട്ട ഉടൻ അദ്ദേഹം ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു.
നാടകവും സിനിമയും രണ്ട് തലങ്ങളാണല്ലോ. 18 വർഷമായി നാടകം സംവിധാനം ചെയ്യുന്ന ആൾക്ക് സിനിമാസംവിധാനം എളുപ്പമായിരുന്നോ?
രണ്ടും റിസ്കുള്ള മേഖലകളാണ്. പക്ഷേ, സിനിമയിൽ നമ്മുടെ ടെൻഷൻ ഷെയർ ചെയ്യാൻ ഒരുപാട് ആളുകളുണ്ട്. അസോസിയേറ്റ്സ്, അസിസ്റ്റന്റ്സ്, കാമറാമാൻ, അദ്ദേഹത്തിന്റെ അസോസിയേറ്റ്സ് അങ്ങനെ ഒരു ടീം തന്നെ നമ്മുടെ കൂടെ ഉണ്ടാകും. നാടകത്തിൽ അതില്ല. പിന്നെ, രണ്ടും രണ്ട് ഫോർമാറ്റ് ആണ്. കൃത്യമായി അതിനെക്കുറിച്ച് പഠിക്കാതെ ഇറങ്ങാൻ പറ്റില്ല. ഞാൻ ഒരു ചിത്രകാരനാണ്, എഡിറ്ററാണ്, സൗണ്ട് ഡിസൈൻ ചെയ്യാറുണ്ട്. അങ്ങനെ സാങ്കേതികവശങ്ങൾ അറിയാവുന്നത് കൊണ്ട് സിനിമാസംവിധാനം അത്ര ബുദ്ധിമുട്ടായി തോന്നിയിരുന്നില്ല. പിന്നെ, ആദ്യത്തെ സിനിമ ആയതുകൊണ്ട് അതിന്റേതായ കുറവുകൾ ഉണ്ടാകാം.നാടകത്തിലാണ് കുറച്ച് കൂടുതൽ കോൺസൻട്രേറ്റ് ചെയ്യേണ്ടത്. ആർട്ടിസ്റ്റുകളെ കൃത്യമായി ബിൽഡ് അപ്പ് ചെയ്തില്ലെങ്കിൽ, അവരുടെ ഡയലോഗിന്റെ മോഡുലേഷൻ അല്ലാതെ അഭിനയം പ്രേക്ഷകർക്ക് കിട്ടില്ല. ലൗഡ് ആയിട്ടാണ് അവർ അഭിനയിക്കേണ്ടത്.നാടകത്തിൽ റിയലിസ്റ്റിക്ക് ആയി അഭിനയിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. സിനിമയിൽ അഭിനേതാക്കൾക്ക് അതിന്റെ ആവശ്യമില്ല. കുറച്ച്കൂടെ സ്വാതന്ത്ര്യമുണ്ട്. ഇതിലെ അഭിനേതാക്കൾക്ക് ആ മീറ്റർ പിടിക്കാൻ എളുപ്പമായിരുന്നു. അത്ര വേണ്ട ചേട്ടാ, ചേച്ചി എന്ന് മാത്രം പറഞ്ഞാൽ മതിയായിരുന്നു. സിനിമയുടെ മീറ്റർ തിരിച്ചറിഞ്ഞില്ലെങ്കിൽ മെലോഡ്രാമയിലേക്ക് പോകാനുള്ള സാദ്ധ്യതയുണ്ട്.
നാടകവും സിനിമയും ഉണ്ടാക്കാനെടുക്കുന്ന സമയം തുല്യമായിരുന്നോ?
പ്രൊഫഷണൽ നാടകം ഇന്ന് ചെയ്യാൻ വളരെ ചുരുങ്ങിയ സമയമേ കിട്ടൂ. മുമ്പ് മൂന്നോ നാലോ മാസമെടുത്താണ് ഒരു പുതിയ നാടകം ഇറക്കുന്നത്. അതിന്റെ ക്വാളിറ്റി അതിനുണ്ടായിരുന്നു. ഇന്ന് വളരെ ചുരുങ്ങിയ സമയമേ ഉള്ളൂ. ഓണമടുക്കുമ്പോഴാണ് പുതിയ നാടകത്തിന്റെ റിഹേഴ്സൽ തുടങ്ങുന്നത്. ജൂൺ, ജൂലായ്, ഓഗസ്റ്റ് ഈ മൂന്ന് മാസങ്ങളിലാണ് പുതിയ അഞ്ചോ ആറോ നാടകങ്ങൾ പരിശീലിക്കാനുള്ള സമയം കിട്ടുന്നത്. ഒരു മാസമെങ്കിലും വേണ്ടിടത്ത് 16 ദിവസം കൊണ്ടൊക്കെ നാടകം ചെയ്തു തീർത്തിട്ടുണ്ട്. വളരെ കോംപ്രമൈസ് ചെയ്താണ് എല്ലാ നാടകക്കാരും പുതിയ നാടകങ്ങളിറക്കുന്നത്. അങ്ങനെ ചെയ്യേണ്ട ഒരു മീഡിയ അല്ല നാടകമെന്ന് പറയുന്നത്. അതേസമയം, സിനിമ ഷൂട്ടിംഗ് ഒക്കെ പെട്ടെന്ന് തീർന്നിരുന്നു. പോസ്റ്റ് പ്രൊഡക്ഷൻ പല വിഭാഗങ്ങളായി വർക്ക് ചെയ്യാനുണ്ടായിരുന്നത് കൊണ്ട് അത് നീണ്ടുപോയി.
അമച്വർ നാടകക്കാരും പ്രൊഫഷണൽ നാടകക്കാരും തമ്മിൽ തർക്കമുണ്ടോ?
അങ്ങനെ നാടകക്കാർക്കുള്ളിൽ തർക്കമില്ല. മനോഹരമായി ചെയ്ത ഒരുപാട് അമച്വർ നാടകങ്ങളുണ്ട്. പ്രൊഫഷണൽ നാടകങ്ങളെക്കാൾ ഫ്രീഡമുണ്ട് അവർക്ക്. എടുക്കുന്ന വിഷയമാണെങ്കിലും ചെയ്യുന്ന രീതി ആണെങ്കിലും, അതിന്റെ ഓഡിയൻസ് പോലും. അവർക്കറിയാം ഈ നാടകങ്ങൾ അവതരിപ്പിക്കുന്ന വിഷയം ഇതാണ് എന്നൊക്കെ. അതേസമയം, അമ്പലപ്പറമ്പുകളിലും ഉത്സവപ്പറമ്പുകളിലും സാധാരണക്കാർക്കിടയിലേക്കാണ് പ്രൊഫഷണൽ നാടകങ്ങൾ ഇറങ്ങുന്നത്. എന്റർടെയിൻമെന്റ് മാത്രം ലക്ഷ്യം വച്ചുവരുന്ന പ്രേക്ഷകരാണ്. അവരുടെ ടേസ്റ്റ് മനസ്സിലാക്കി വേണം നാടകമിറക്കാൻ. മതം, രാഷ്ട്രീയം, ജാതി അങ്ങനെ പല വിഷയങ്ങളും എടുക്കാൻ പറ്റില്ല. അത് വളരെ വലിയ കുറവ് തന്നെയാണ് പ്രൊഫഷണൽ നാടകക്കാരെ സംബന്ധിച്ച്. പല കടമ്പകൾ കടന്ന്, ഇടയ്ക്ക് നിന്നുകൊണ്ടാണ് സോഷ്യൽ കമ്മിറ്റ്മെന്റ്സുള്ള വിഷയങ്ങൾ വളരെ ലൈറ്റായി പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇപ്പോൾ, കാതൽ എന്ന സിനിമയിൽ പറഞ്ഞിരിക്കുന്ന വിഷയം ഒരിക്കലും പ്രൊഫഷണൽ നാടകത്തിൽ അവതരിപ്പിക്കാൻ പറ്റില്ല. ഒരു സ്റ്റേജ് പോലും കിട്ടില്ല. അവർക്ക് പറ്റും.
കൊവിഡിന് ശേഷം നാടകപ്രേക്ഷകരിൽ കുറവുണ്ടോ?
കൊവിഡിന് ശേഷം വളരെ ചെറിയ സമയം ബാധിച്ചിരുന്നു. ഇപ്പോൾ വളരെ സജീവമാണ്. നൂറുകണക്കിന് സിനിമകളിറങ്ങുമ്പോൾ പത്തോ പതിനഞ്ചോ സിനിമകൾ മാത്രമാണ് ഹിറ്റാകുന്നത്. അതുപോലെ നാടകങ്ങളും ഒരുപാട് ഇറങ്ങുന്നുണ്ട്. പത്തോ പതിനഞ്ചോ മാത്രമേ പിടിച്ചുനിൽക്കുന്നുള്ളൂ എന്ന് മാത്രം. അതേസമയം, ഓഡിയൻസിന്റെ എണ്ണത്തിൽ വളരെ വർദ്ധനവുണ്ട്. മുന്നൂറോ അഞ്ഞൂറോ പ്രേക്ഷകർക്ക് വേണ്ടി തയ്യാറാക്കുന്ന നാടകങ്ങൾ കാണാൻ വരുന്നത് ആയിരത്തോളം ആളുകളാണ്. അത് ഞങ്ങൾക്ക് ടെൻഷൻ ഉണ്ടാക്കാറുണ്ട്. ഇത്രപേരിലേക്ക് നാടകമെത്തുമോ എന്നൊക്കെ. അഭിനയിച്ച് പത്ത് മിനിട്ടെങ്കിലും കഴിഞ്ഞാലേ അഭിനേതാവിന് പോലും മനസ്സിലാകൂ ഇത് പ്രേക്ഷകരിലേക്ക് എത്തുന്നുണ്ടോ ഇല്ലയോ എന്നൊക്കെ. അത് വളരെ റിസ്കാണ്. നാടകം പരാജയപ്പെടാൻ സാദ്ധ്യതയുണ്ട്. മത്സരങ്ങളും മേളകളുമൊക്കെ വളരെ സജീവമായി നടക്കുന്നുണ്ട്. അതിലൊക്കെ രണ്ടായിരത്തിലേറെ പേരൊക്കെ കാണാൻ വരുന്നുണ്ട്. നാടകത്തിന് കൃത്യമായ ഓഡിയൻസ് അന്നും ഇന്നുമുണ്ട്. 35ശേഷമുള്ളവരാണ് നാടകം കാണാൻ വന്നിരുന്നത്. ഇപ്പോൾ നാടകങ്ങളിലെ മെലോഡ്രാമയിലൊക്കെ നല്ല കുറവുണ്ട്. നാടകം പറയുന്ന രീതിയിൽ വ്യത്യാസമുണ്ട്. നിലവിൽ ചെറുപ്പക്കാർ കാണാനും നാടകത്തിൽ അഭിനയിക്കാനും തയ്യാറായി വരുന്നുണ്ട്.
മുഴുവനായി സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ പദ്ധതിയുണ്ടോ?
നിലവിൽ ഇല്ല. അടുത്ത വർഷത്തേക്കുമുള്ള നാടകങ്ങൾ കമ്മിറ്റ് ചെയ്തിരിക്കുകയാണ്. ഹേമന്ദേട്ടനും ഞാനും തമ്മിലുള്ള കെമിസ്ട്രിയാണ് നാടകങ്ങളും സിനിമയും യാഥാർത്ഥ്യമാക്കിയത്. അതുപോലെ ജേക്കബ് ഏട്ടൻ പ്രൊഡ്യൂസറായി വന്നതും. ഇത്രയേറെ സമയം കിട്ടിയാൽ മാത്രമേ ഇനി സിനിമ നോക്കുള്ളൂ.
കുടുംബം?
വയനാടാണ് സ്വദേശം. ഇപ്പോൾ കൊടുങ്ങല്ലൂരിലാണ് താമസം. ഭാര്യ പ്രവീണ. മക്കൾ ആദിനാഥ് മഞ്ചാടി, ആദിരാഗ് മഞ്ചാടി.