അഭിനയിക്കുന്നത് വരുമാനത്തിന് വേണ്ടി കൂടി
ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ഭാഷയുടെ അതിരുകൾ ഭേദിച്ച് നല്ല അഭിപ്രായം നേടിയ മലയാള സിനിമ. വിവാഹിതയായ സ്ത്രീയുടെ അടുക്കളപ്പുറത്തെ ജീവിതത്തിന്റെ നേർക്കാഴ്ച ആയിരുന്നു ആ ചിത്രം. ആ ചിത്രത്തിന്റെ പൊളിറ്റിക്സ് ദഹിക്കാതെ പോയ പ്രേക്ഷകരും അനവധി. എന്നിട്ടും അദ്ദേഹം മമ്മൂട്ടിയെയും ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സിനിമ ചെയ്യുന്നുവെന്ന് അറിഞ്ഞപ്പോൾ മുതൽ ആളുകൾ കാത്തിരുന്നു. എന്താണ് കാത്തുവച്ചതെന്ന് അറിയാൻ. ആ കാത്തിരിപ്പ് വെറുതെ ആയില്ല. ഇപ്പോഴും ആളുകൾ പറയാൻ മടിക്കുന്ന ഹോമോ സെക്ഷ്വാലിറ്റി എന്ന വിഷയത്തെ, അത് ആളുകളെ മാനസികമായി എങ്ങനെയൊക്കെ ബാധിക്കുന്നുവെന്ന് എടുത്തുകാട്ടിയിരിക്കുകയാണ് ചിത്രം. കുടുംബ പ്രേക്ഷകർ ഈ ചിത്രത്തെ ഏറ്റെടുത്തിരിക്കുന്നു. എന്നാൽ, വിവാദങ്ങൾക്കും കുറവില്ല. സംവിധായകൻ ജിയോ ബേബി സംസാരിക്കുന്നു ചിത്രത്തെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും.
കാതൽ, ദ കോർ എന്ന സിനിമ സംഭവിച്ചത് എങ്ങനെയാണ്?
ഈ കഥ എന്നോട് പറയാൻ വന്നത് ആദർശ്, പോൾസൺ എന്നീ എഴുത്തുകാരാണ്. അവർ എന്റടുത്ത് വന്ന് കഥ പറഞ്ഞപ്പോൾ എനിക്ക് ഇഷ്ടപ്പെട്ടു. എന്റേതായ രീതിയിലേക്ക് മാറ്റണമെന്നും കൂടെ നിൽക്കാമോയെന്നും ചോദിച്ചപ്പോൾ അവർ തയ്യാറായിരുന്നു. പിന്നെ, മൂന്നുപേരും കൂടെ ഒന്നിച്ചിരുന്ന് വർക്ക് ചെയ്തതിന് ശേഷമാണ് മമ്മൂക്കയുടെ അടുത്തേക്ക് പോകുന്നത്. കഥ പറഞ്ഞപ്പോൾ തന്നെ അദ്ദേഹത്തിന് ഇഷ്ടമായി. അവര് തന്നെ പ്രൊഡക്ഷൻ ചെയ്യാമെന്ന് ഏൽക്കുകയായിരുന്നു.
പ്രധാന കഥാപാത്രങ്ങളാകാൻ താരങ്ങളിലേക്ക് എത്തിയത് എങ്ങനെയാണ്?
കഥ കേട്ടപ്പോൾ തന്നെ മാത്യു ദേവസി ആയി മമ്മൂക്കയായിരുന്നു മനസ്സിൽ. സിനോപ്സിസ് അയച്ചപ്പോൾ തന്നെ കാണാമെന്ന് അദ്ദേഹം പറഞ്ഞു. കണ്ടപ്പോൾ തന്നെ ചെയ്യാമെന്നും സമ്മതിച്ചു. ജ്യോതിക ചെയ്ത ഓമന എന്ന കഥാപാത്രം ആരാകണമെന്ന് പല ആലോചനകളും വന്നിരുന്നു. മമ്മൂക്കയാണ് ജ്യോതികയുടെ പേര് സജസ്റ്റ് ചെയ്തത്. കേട്ടപ്പോൾ ഞങ്ങൾക്കും ഇഷ്ടമായി. സിനോപ്സിസ് അയച്ചു കൊടുത്തതും കാണാനായി ചെല്ലാൻ പറഞ്ഞു. പെട്ടെന്ന് സമ്മതിക്കുകയും ചെയ്തു. ഭാഷയുടേതായ ബുദ്ധിമുട്ടുകളുണ്ടായിരുന്നെങ്
എന്തുകൊണ്ട് സിനിമയിൽ മാത്യുവും തങ്കനും തമ്മിൽ ഒരു സംസാരം പോലും ഉണ്ടായില്ല?
അത് മനപൂർവ്വം വേണ്ടെന്ന് വച്ചതാണ്. അവർ സാമൂഹികമായും കുടുംബപരമായും ഒക്കെ അകന്നു തന്നെ നിൽക്കുന്നവരാണ്. ആ അകന്നു നിൽക്കുന്നതിന് ഒരു ഭംഗി ഉണ്ടെന്നാണ് ഒരു ഡയറക്ടർ എന്ന നിലയ്ക്ക് എനിക്ക് തോന്നിയിട്ടുള്ളത്. ആദ്യം മുതൽ അങ്ങനെ ആലോചിച്ച് തന്നെയാണ് വർക്ക് ചെയ്തത്. ക്ളൈമാക്സിൽ കണ്ണാടിയിലൂടെ മാത്യുവിനെ തങ്കൻ കാണുന്ന ഷോട്ട് ഒക്കെ പേഴ്സണലി എനിക്ക് വളരെ ഇഷ്ടപ്പെട്ടതാണ്. ക്രിയേറ്റീവ് ആയിട്ടുള്ള ഒരു ഫ്രീഡം. അതുപയോഗിച്ചു.
നല്ല കാമ്പുള്ള സിനിമ എടുക്കണമെന്ന് ഉറപ്പിച്ചാണോ സിനിമകൾ ചെയ്യാൻ തിരഞ്ഞെടുക്കുന്നത്?
ത്രില്ലടിപ്പിക്കുന്ന, ചിരിക്കുന്ന സിനിമകൾ ചെയ്താലും ആൾക്കാർക്ക് ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അത് ക്വാളിറ്റി ഉള്ള സിനിമ ആയതുകൊണ്ടാണ്. എന്തു സിനിമ ചെയ്യുമ്പോഴും ക്വാളിറ്റി ഉണ്ടായിരിക്കണമെന്ന് ചിന്തിക്കുകയും അതിനായി വർക്ക് ചെയ്യുകയും ചെയ്യാറുണ്ട്. മെസേജ് കൊടുക്കുന്ന സിനിമകൾ ചെയ്യരുത്, പൊളിറ്റിക്കൽ ആകരുത് എന്നാണ് ആഗ്രഹിക്കാറുള്ളത്. എന്നാൽ, പലപ്പോഴും ഇങ്ങനെ സിനിമകൾ സംഭവിച്ചു പോകാറാണ്.
സിനിമ റിപീറ്റഡ് വാച്ചിനുള്ളത് ഉണ്ടാകണമെന്ന് ചിന്തിക്കാറുണ്ടോ?
ഒരു സിനിമ ഒരുതവണയെങ്കിലും കണ്ടാൽ മതി. രണ്ടാമത് കാണുന്നത് സിനിമയോട് പ്രത്യേക ഇഷ്ടമുള്ളവരോ അല്ലെങ്കിൽ രണ്ടാമത് കാണാൻ തോന്നിക്കുന്ന എന്തെങ്കിലും ആ സിനിമയിൽ ഉണ്ടെങ്കിലോ ആണ്. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഒടിടി റിലീസ് ആയതു കൊണ്ട് പ്രേക്ഷകർ എത്ര തവണ കണ്ടു എന്ന് പറയാനാവില്ല. എന്നാൽ, കാതൽ ആളുകൾ വീണ്ടും കാണുന്നുണ്ട്. വാച്ചിംഗ് സെക്കന്റ് ടൈം, തേർഡ് ടൈം എന്നൊക്കെ സ്റ്റാറ്റസുകൾ ഞാൻ കാണുന്നുണ്ട്. കിലുക്കം, മണിച്ചിത്രത്താഴ്, ഗോഡ്ഫാദർ ഒക്കെ പ്ളാനില്ലെങ്കിൽ കൂടി നമ്മൾ വീണ്ടും കാണും. അതാ ആ സിനിമകളുടെ ക്വാളിറ്റി ആണ്. അത്തരം സിനിമകൾ വീണ്ടും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ.
ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ആണെങ്കിലും കാതൽ ആണെങ്കിലും വിവാദങ്ങൾക്ക് കുറവില്ല. എങ്ങനെ കാണുന്നു വിവാദങ്ങളെ?
മതപരമായ വിമർശനങ്ങളെ ഞാൻ അവഗണിക്കുകയാണ് ചെയ്യുന്നത്. ഉള്ളില്ലാത്ത വാദങ്ങളാണ് അവരുടേത്. അതേസമയം, ആഴത്തിലുള്ള സിനിമാ നിരൂപണങ്ങളെയും നല്ല ക്രിട്ടിക്കളുടെയും വിലയിരുത്തലുകളും കാര്യഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരത്തിൽ ഒരുപാട് മലയാള സിനിമകളില്ല. അർത്ഥവത്തായ വിമർശനങ്ങൾ ചിന്തിക്കുകയാണ് വേണ്ടത്. അത്തരം വിമർശനങ്ങൾ പഠിക്കണം. അതിനായി സമയം വേണം. ഇപ്പോൾ സിനിമയ്ക്ക് അകത്തിരിക്കുകയാണ്. അതിൽ നിന്ന് പുറത്തു വന്ന് ഇതേക്കുറിച്ച് അനലൈസ് ചെയ്യണം. ക്വിർ കമ്മ്യൂണിറ്റിയിൽ നിന്ന് കൂടുതൽ പോസറ്റീവ് കമന്റ്സ് ആണ് വരുന്നത്. കമ്മ്യൂണിറ്റിയെ എങ്ങനെ ബാധിച്ചുവെന്നതാണ് എനിക്ക് അറിയേണ്ടത്. ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായോ എന്ന്. കുറച്ച് നെഗറ്റീവ് കമന്റ്സുകൾ വന്നിട്ടുണ്ട്. അതിനെ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. അവർ പറയുന്ന കാര്യങ്ങൾ ശരിയാണോ എന്ന് അന്വേഷിക്കുകയും പഠിക്കുകയും വേണം. അത്തരം അഭിപ്രായങ്ങൾ പറഞ്ഞവരോട് ബഹുമാനമേ ഉള്ളൂ. അതിനെ വാല്യു ചെയ്യുന്നു. ഈ സിനിമ ചെയ്യാൻ ഒരു വർഷത്തോളം ഇരുന്നു. കമ്മ്യൂണിറ്റിയിലുള്ള ആളുകളോടും വിദഗ്ദ്ധരോടും ഡോക്ടർമാരോടും സംസാരിച്ചിട്ടുണ്ട്. എന്നിട്ടാണ് ഈ സിനിമ ചെയ്തത്. അതുകൊണ്ട് ഇതെല്ലാം തികഞ്ഞ സിനിമയാണെന്ന വാദമില്ല. ആ വാദങ്ങൾ പഠിക്കാനും എനിക്ക് സമയം വേണം. അതേസമയം, കമ്മ്യൂണിറ്റിയുടെ അകത്ത് നിന്നു തന്നെ ഈ സിനിമ അത്രയും അത്യാവശ്യം ആയിരുന്നുവെന്ന് പറയുന്നവർ വിമർശനങ്ങളേക്കാൾ എത്രയോ ഇരട്ടിയാണ്.
പത്തുവർഷം മുമ്പ് ഇതേ തീമിൽ മലയാളത്തിൽ സിനിമ വന്നിരുന്നു. അവാർഡുകൾ കിട്ടിയെങ്കിലും സിനിമയെ ആളുകൾ സ്വീകരിച്ചില്ല. എന്നാൽ, കാതൽ ആളുകൾ കുടുംബസമേതം തീയേറ്ററിൽ കാണുന്നു. എന്തായിരിക്കാം കാരണം?
പത്തുവർഷം കൊണ്ട് ഇത്തരം കാര്യങ്ങളിൽ ആളുകൾക്ക് കുറച്ച് കൂടി അവയർനെസ് ഉണ്ടായിട്ടുണ്ട്. ആളുകൾ ഇതേക്കുറിച്ച് തുറന്നുസംസാരിക്കുന്നുണ്ട്. രാജ്യം തന്നെ 2018ൽ നിയമങ്ങളിൽ മാറ്റം വരുത്തുന്നു. സ്വാഭാവികമായും സൊസൈറ്റിക്കും മാറ്റം സംഭവിക്കും. സിനിമ എടുത്ത രീതിയുടെ വ്യത്യാസവുമുണ്ടാകാം. സിനിമ ആളുകൾക്ക് കണക്ട് ആവുന്നു എന്നത് കാരണമാകാം. കാസ്റ്റിന്റെ പ്രാധാന്യവുമുണ്ട്. മമ്മൂട്ടി എന്ന നടന്റെ സ്വീകാര്യതയും ആളുകൾക്കുള്ള പ്രത്യേക സ്നേഹവും കാരണമാണ്. ജ്യോതിക വന്നതും മറ്റൊരു കാരണമാണ്.
സ്വന്തം സിനിമകളിൽ ചെറിയ വേഷത്തിലാണെങ്കിലും മുഖം കാണിക്കുന്നുണ്ടല്ലോ. അഭിനയത്തോട് പ്രത്യേക ഇഷ്ടമുണ്ടോ?
അഭിനയം എല്ലാവർക്കും ഇഷ്ടമുള്ള കാര്യമായിരിക്കും. ഗ്രൂപ്പ് ഫോട്ടോ ആണെങ്കിലും സ്വന്തം മുഖം കാണാനാവില്ലേ നമുക്ക് ഇഷ്ടം. അതുപോലെ സ്വന്തം മുഖം സ്ക്രീനിൽ കാണുന്നതിന്റെ സന്തോഷം. എന്നെ സംബന്ധിച്ച് വളരെ എൻജോയ് ചെയ്ത് ചെയ്യാൻ പറ്റുന്ന ജോലിയാണ് അഭിനയം. സ്വന്തം സിനിമകളിൽ അല്ലാതെയും അഭിനയിക്കുന്നതിന് മറ്റൊരു കാരണമുണ്ട്. നമുക്ക് അതൊരു വരുമാന മാർഗ്ഗം കൂടിയാണ്. ഒരു സിനിമ സംവിധാനം ചെയ്യുമ്പോൾ കിട്ടുന്ന ഇൻകം അല്ലാതെ മന്ത്ലി ഇൻകം ഇല്ല ഞങ്ങളെ പോലെയുള്ള കലാകാരന്മാർക്ക്. മറ്റൊരു ജോലിയുമില്ല. അപ്പോൾ മറ്റൊരു സിനിമയിൽ അഭിനയിക്കുന്നു, വരുമാനം കിട്ടുന്നു എന്നത് വലിയ കാര്യമാണ്. എന്നാൽ, ഒരു രൂപ പോലും വാങ്ങാതെ അഭിനയിക്കാറുമുണ്ട്. ഫ്രണ്ട് സർക്കിളിൽ വരുന്ന സിനിമകൾക്ക് മിക്കപ്പോഴും വരുമാനം ചോദിച്ച് വാങ്ങാറില്ല. ഭേദപ്പെട്ട തുക അവർ വാഗ്ദാനം ചെയ്യുകയാണ് പതിവ്. എന്നെ വിളിക്കുന്ന സംവിധായകർക്ക് എന്റെ അഭിനയം ഇഷ്ടപ്പെടുന്നുവെന്നത് വലിയ സന്തോഷം കൂടിയാണ്.
അടുത്ത സിനിമ?
അടുത്ത സിനിമ ഇപ്പോൾ മനസ്സിലേ ഇല്ല.