×
കൊടുംവേനലിൽ സ്വയം വാടാതെ നോക്കാം

സൂര്യൻ ഉച്ചിയിൽ നിന്ന് കത്തുകയാണ്. പുറത്ത് മാത്രമല്ല, വീടിനകത്ത് പോലും ഇരിക്കാൻ പറ്റാത്ത സാഹചര്യം. ഈ കൊടുംചൂടിൽ മുഖവും ശരീരവും വാടാതിരിക്കാനുള്ള കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താം. അതിനായി ചില നല്ല ശീലങ്ങളിതാ


വൃത്തിയായിരിക്കുക

വേനലിന്റെ ഏറ്റവും വലിയ പ്രശ്നം ചൂടിനൊപ്പം ഉണ്ടാകുന്ന വിയർപ്പാണ്. നമ്മുടെ ചർമ്മം സംരക്ഷിക്കാൻ ആദ്യം ചെയ്യേണ്ട കാര്യം വൃത്തിയായിരിക്കുക എന്നതുതന്നെയാണ്. ക്ലെൻസിം​ഗ്, ടോണിം​ഗ്, മോയ്സ്ച്വൊറൈസിം​ഗ് എന്നീ ചർമ്മസംരക്ഷണ മാർ​ഗ്​ഗങ്ങൾ ദിനചര്യയുടെ ഭാ​ഗമാക്കുക. ദിനവും രണ്ടോ മൂന്നോ തവണയെങ്കിലും തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത് മുഖത്തടിഞ്ഞിരിക്കുന്ന വിയർപ്പും അഴുക്കും കളയാൻ സഹായിക്കും. ജലദൗർലഭ്യമില്ലെങ്കിൽ ദിവസവും രണ്ട്നേരം ദേഹം കഴുകുന്നത് നല്ലതാണ്. 


മറക്കരുത് സൺസ്ക്രീൻ

പുറത്തിറങ്ങുമ്പോൾ സൺസ്ക്രീൻ ഉപയോ​ഗിക്കാൻ മടിയുള്ളവരാണ് ഇപ്പോഴും നമ്മളിൽ പലരും. എന്നാൽ, സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സൺസ്ക്രീനിനേക്കാൾ മികച്ച കവചമില്ല. ചർമ്മത്തിന് അനുയോജ്യമായ സൺസ്ക്രീൻ ലോഷൻ തിരഞ്ഞെടുത്ത് ഉപയോ​ഗിക്കുക. പുറത്തിറങ്ങുന്നില്ലെങ്കിൽ പോലും സൺസ്ക്രീൻ ഉപയോ​ഗം നല്ലതാണെന്ന് പഠനങ്ങൾ പറയുന്നു. 


വെള്ളവും ഭക്ഷണവും ശ്ര​ദ്ധിക്കാം

വേനലിൽ നാം കുടിക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടാം. ദിനവും മൂന്നോ നാലോ ലിറ്റർ വെള്ളം കുടിക്കുന്നത് വിയർപ്പ് മൂലം ശരീരത്തിലുണ്ടാകുന്ന ജലനഷ്ടത്തെ ബാലൻസ് ചെയ്തുനിർത്തും. കഴിക്കുന്ന ഭക്ഷണത്തിലും അൽപം കരുതലാകാം. ജലാംശം കൂടുതലുള്ളതും ശരീരം തണുപ്പിക്കുന്നതുമായ ഭക്ഷണങ്ങൾ കഴിക്കാനായി ശ്രദ്ധിക്കാം. പഴവർ​ഗ്​ഗങ്ങളും സംഭാരവും വേനൽക്കാലത്ത് ശീലമാക്കാം. തൈര്, ഇളനീർ, മാമ്പഴം, തണ്ണിമത്തൻ, വെള്ളരിക്ക, ഓറഞ്ച് ഇവയൊക്കെ കഴിക്കുന്നത് നല്ലതാണ്. ചിക്കനും മറ്റും മാംസാഹാരങ്ങളും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. 


അയഞ്ഞ വസ്ത്രങ്ങൾ ധരിക്കാം

ഇളം നിറമുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങളാണ് വേനൽക്കാലത്ത് നല്ലത്. അത് ചർമ്മത്തെ ശ്വസിക്കാൻ അനുവദിക്കുന്നു. ഇറുകിപ്പിടിച്ച ജീൻസ് പോലുള്ള വസ്ത്രങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. ഇറുകിയ വസ്ത്രങ്ങൾ വിയർപ്പുമായി ചേർന്ന് ചൊറിച്ചിൽ പോലുള്ള ചർമ്മരോ​ഗങ്ങളിലേക്ക് നയിച്ചേക്കാം. സൺ​ഗ്ലാസ് വയ്ക്കുന്നത് കണ്ണുകളെ സംരക്ഷിക്കും. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ കരുതുക. മഴയിൽ നിന്ന് മാത്രമല്ല വെയിലിൽ നിന്ന് സംരക്ഷിക്കാനും കുട നല്ലതാണ്. 


വ്യായാമം ശീലമാക്കാം

ഈ ചൂടത്ത് വ്യായാമമോ! എന്ന് ചിന്തിക്കണ്ട. ശരീരം നന്നായിരിക്കാൻ വ്യായാമം എപ്പോഴും നമ്മെ സഹായിക്കും. ഒരുപാട് വിയർത്ത് ശരീരം തളരുന്നത് ഒഴിവാക്കിയാൽ മാത്രം മതി. എന്നാൽ, ഒട്ടും ലഘുവാക്കേണ്ട താനും. വ്യായാമത്തിന് അധികം ചൂടില്ലാത്ത സമയവും അന്തരീക്ഷവും തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. അതേസമയം, ആവശ്യത്തിന് വിശ്രമം ഉണ്ടെന്നും ഉറപ്പുവരുത്തേണ്ടതാണ്. അതികഠിനമായ കായികാധ്വാനത്തിലേർപ്പെടുന്നവർ ശരീരത്തിന് മതിയായ വിശ്രമം നൽകുന്നതിൽ ഈ വേനൽക്കാലത്ത് ശ്രദ്ധ ചെലുത്തണം.