×
പുഷ്പകവിമാനം കണ്ടിട്ടില്ല,  എന്റെ മനസ്സിലുള്ളതാണ് എന്റെ സിനിമ : അശോക് നായർ

ലിജോ ജോസ് പല്ലിശ്ശേരി മാനസ​ഗുരു


മലയാളത്തിൽ നിന്ന് മറ്റൊരു പരീക്ഷണചിത്രം കൂടി പുറത്തിറങ്ങാനൊരുങ്ങുകയാണ്, നീലരാത്രി. സംഭാഷണമില്ലാത്ത ക്രൈം-ഹൊറർ ത്രില്ലർ. സവാരി എന്ന ചിത്രത്തിലൂടെ നിരൂപകപ്രശംസ ഏറ്റുവാങ്ങിയ അശോക് നായർ എന്ന സംവിധായകനാണ് നീലരാത്രിയുടെ അമരത്ത്. ഡിസംബർ 29ന് ചിത്രം തീയേറ്ററുകളിലെത്തും. നീലരാത്രിയെ കുറിച്ച് നടനും നിർമ്മാതാവും കൂടിയായ അശോക് നായർ തന്റെ ചിത്രത്തെ കുറിച്ച് 'മ്യൂസു'മായി സംസാരിക്കുന്നു.


ഒരു പരീക്ഷണം എന്ന നിലയ്ക്കാണോ സംഭാഷണമില്ലാത്ത ക്രൈംത്രില്ലർ ഒരുക്കിയത്?

ഒരു കഥ മനസ്സിൽ വന്നതിന് ശേഷമാണ് തിരക്കഥയും സംഭഷണവുമെല്ലാം ഒരുക്കുന്നത്. ഒരു കഥ മനസ്സിൽ വന്നതിന് ശേഷം ഒരുപാട് ഉള്ളിലിട്ട് പോരായ്മയും മറ്റും ചിന്തിച്ചതിന് ശേഷമാണ് അത് പേപ്പറിലേക്ക് വരുന്നത്. ഈ കഥയും അതുപോലെ എഴുതാനിരുന്നപ്പോൾ എപ്പോഴും സ്ക്രീൻപ്ളേ മാത്രമേയുള്ളൂ. ഡയലോ​ഗ് ഒന്നും വരുന്നില്ല. ഡയലോ​ഗ് എഴുതാൻ ചിന്തിക്കുമ്പോൾ എന്തിനാണ് ഒരു ഡയലോ​ഗ്, ഒരു ലുക്ക് മാത്രമല്ലേ ആവശ്യമുള്ളൂ എന്ന ചിന്തയാണ് വരിക. ആറേഴ് സീൻ കഴിഞ്ഞിട്ടും ഡയലോ​ഗ് ഒന്നും വന്നില്ല. മനപൂർവ്വമായി ‍ഡയലോ​ഗ് ഇല്ലാത്ത ഒരു സിനിമ ഉണ്ടാക്കണമെന്ന് ചിന്തിച്ച് ചെയ്തതല്ല. വെറുതെ ഒരു ഡയലോ​ഗ് എഴുതാം എന്ന് ചിന്തിച്ച് ഡയലോ​ഗ് എഴുതിയപ്പോൾ അതൊരു അഭം​ഗിയായി തോന്നി. ഇന്റർവെൽ വരെവന്നിട്ടും സംഭാഷണമില്ലാതെ ലുക്ക് കൊണ്ടും കാരക്ടറിന്റെ മാനറിസം കൊണ്ടും കഥ എസ്റ്റാബ്ളിഷ് ആകുന്നുണ്ട് . എപ്പോഴും ഡയലോ​ഗിനെ ഡിപെൻഡ് ചെയ്യുന്നത് കമ്മ്യൂണിക്കേഷന് വേണ്ടിയാണല്ലോ. ഈ സിനിമ പ്രത്യേക ജോണറിലുള്ളതായതു കൊണ്ട് തന്നെ ഡയലോ​ഗിനേക്കാൾ പെർഫോർമൻസ് തന്നെ ധാരാളമായി എനിക്ക് തോന്നി. അങ്ങനെയാണ് ഡയലോ​ഗ് വേണ്ടെന്ന് തീരുമാനിച്ചത്. ഇന്റർവെൽ വരെ ഡയലോ​ഗ് ഇല്ലാതെ വന്നപ്പോൾ ഞാനും കൺവിൻസ്ഡ് ആയി. തീയേറ്ററിൽ ഇന്റർവെൽ ഇല്ലാത്ത ഒരു സിനിമ ആണിത്. ഒരു ബ്രേക്കിന് സാദ്ധ്യത ഇല്ല ഈ കഥയിൽ. ഒന്നരമണിക്കൂറാണ് സിനിമ. പ്രിവ്യൂ കണ്ടിട്ട് കിട്ടിയ നല്ല അഭിപ്രായങ്ങളാണ് സിനിമ തിയേറ്ററിൽ എത്തിക്കാൻ നൽകിയ ധൈര്യം. ജോബി മാത്യു എന്ന നിർമ്മാതാവ് ഈ സിനിമയുടെ നട്ടെല്ലാണ്. ഇത്തരം ഒരു എക്സ്പിരിമെന്റൽ സിനിമ ചെയ്യാൻ അദ്ദേഹം തന്ന സപ്പോർട്ട് വളരെ വലുതാണ്.


സംഭാഷണമില്ലാത്ത സിനിമ ഒരുക്കുക ബുദ്ധിമുട്ടായിരുന്നില്ലേ?

ഭയങ്കരമായി എഫർട്ട് ഇടേണ്ടിയിരുന്നു. ഡയലോ​ഗ് ഇട്ടിരുന്നേൽ വളരെ ഈസിയായി പോകേണ്ട ഇടത്ത് ഡയലോ​ഗ് ഇല്ലെങ്കിൽ അതിനെ എങ്ങനെ ട്രീറ്റ് ചെയ്യണമെന്നും ഷോട്ട് വയ്ക്കണമെന്നതും മൂവ്മെന്റ് ചെയ്യിക്കണമെന്നതുമൊക്കെ റിസ്ക് തന്നെയാണ്. അത് സ്ട്രെയിൻ ചെയ്തിട്ടാണ് ചെയ്തത്. പക്ഷേ, ഇത് എന്റെ സംവിധാനത്തിലെ രണ്ടാമത്തെ സിനിമയാണ്. ആദ്യത്തേത്, സവാരിയാണ്. തൃശൂർ പൂരം നടക്കുമ്പോൾ പൂരപ്പറമ്പിനകത്ത് സുരാജ് എന്ന നടനെ കൊണ്ട് വന്ന് ഷൂട്ട് ചെയ്ത സിനിമയാണ് സവാരി. പൂരം, ആൾക്കൂട്ടം, സുരാജ് എന്ന താരം, ഇങ്ങോട്ട് നോക്കല്ലേ ചേട്ടാ എന്ന് പറഞ്ഞാൽ 10 തവണ നോക്കുന്ന ആളുകൾ. ഇവക്കിടയിൽ നിന്നാണ് സവാരി ചെയ്തത്. അങ്ങനെ ചെയ്ത സിനിമയ്ക്ക് കിട്ടിയ നല്ല അഭിപ്രായം നമുക്കൊരു കോൺഫിഡൻസ് നൽകുമല്ലോ. ആദ്യത്തെ സിനിമയിൽ തന്നെ സുരാജ് വെഞ്ഞാറമൂടിനെ വളരെ വ്യത്യസ്തമായ വേഷത്തിന് നാഷണൽ, സ്റ്റേറ്റ് അവാർഡുകളുടെ അവസാനഘട്ടത്തിൽ വരെ എത്തിക്കാനായി, ദിലീപ് എന്ന വലിയൊരു നടൻ ക്ളൈമാക്സിന്റെ അരമണിക്കൂർ വന്ന് ചെയ്തു തന്നു എന്നതൊക്കെ സംവിധായകനെന്ന നിലയിൽ നമുക്ക് നൽകുന്ന ധൈര്യം വലുതാണ്. ആ ധൈര്യം വച്ചാണ് ഈ സിനിമ ചെയ്യാനിറങ്ങിയത്.


കഥാപാത്രങ്ങളെ കണ്ടെത്തിയത് എങ്ങനെയാണ്?

ഇതൊരു ഹൊറർ എലമെന്റ് ഉള്ള സസ്പെൻസ് ത്രില്ലറാണ്. നീലരാത്രി എന്ന സിനിമ ചെയ്യുമ്പോൾ ആർട്ടിസ്റ്റ് എന്നതിന് അപ്പുറത്തേക്ക് ഒരു പെർഫോർമറെയാണ് എനിക്ക് ആവശ്യമുണ്ടായിരുന്നത്. ഒരുപക്ഷേ, സവാരിയുടെ ബാക്ക് അപ്പ് ഉണ്ടായത് കൊണ്ട് വലിയ ആർട്ടിസ്റ്റിനെ കിട്ടിയേനെ. പക്ഷേ, ഈ സിനിമയിൽ പെർഫോർമൻസ് ആയിരുന്നു ആവശ്യം. കുറച്ച് മുമ്പ് മണികണ്ഠൻ പട്ടാമ്പിയെ വച്ച് ഇത് ചെയ്യാൻ പ്ളാൻ ചെയ്തിരുന്നതാണ്. പക്ഷേ, അദ്ദേഹത്തിന്റെ അസൗകര്യം മൂലം അത് മാറ്റി വച്ചു. അങ്ങനെ നമ്മൾ പറയുന്ന കാര്യം കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പറ്റുന്ന മറ്റൊരാളെ അന്വേഷിച്ചപ്പോൾ നിർമ്മാതാവാണ് ഭ​ഗത് മാനുവലിന്റെ കാര്യം എന്നോട് പറയുന്നത്. ഭ​ഗതിനെ ഞാൻ ഒരുപാട് സിനിമകളിൽ ഒബ്സേർവ് ചെയ്തിട്ടുണ്ട്. അദ്ദേഹം ​ഗംഭീര ആക്ടറാണ്. ചെറിയ വേഷങ്ങളിൽ പോലും അദ്ദേഹം നൽകുന്ന മാനറിസങ്ങളുണ്ട്. അങ്ങനെയാണ് ഭ​ഗതിലേക്ക് എത്തുന്നത്. ഭ​ഗതിന് അത് ചലഞ്ചിം​ഗ് ആയി തോന്നി. നല്ല താത്പര്യത്തോടെ ഞങ്ങളുടെ വേവ്‍ലങ്ത്ത് മനസ്സിലാക്കി ആക്സപ്റ്റ് ചെയ്തു. അതുപോലെ ഹിമ. തിയേറ്റർ ആർട്ടിസ്റ്റാണ്. ഇതെല്ലാവർക്കും ചലഞ്ചിം​ഗ് ആയിരുന്നു. സംഭാഷണമില്ലാതെ അഭിനയിക്കുക എന്നത് പെർഫോമറെ സംബന്ധിച്ച് വളരെ ഇന്ററസ്റ്റ് ഉണ്ടാക്കും. അങ്ങനെയുള്ളവരെയാണ് ഇതിൽ കാസ്റ്റ് ചെയ്തിരിക്കുന്നത്. ഏഴെട്ട് കഥാപാത്രങ്ങളെയുള്ളൂ. വിനോദ്കുമാർ, വൈ​ഗ എന്നിവരുടെ പെർഫോർമൻസ് എടുത്തുപറയേണ്ടതാണ്.


നീലരാത്രി എന്താണ് പറയാനുദ്ദേശിക്കുന്നത്?

ഒരു കുടുംബത്തിൽ തുടങ്ങുന്ന സിനിമയാണിത്. തുടങ്ങി 20 മിനിട്ടിനകത്ത് പറയാനുദ്ദേശിക്കുന്നതിലേക്ക് ആ സിനിമ കടക്കും. അപ്പോൾ മുതൽ സിനിമ അവസാനിക്കുന്നത് വരെയും സസ്പെൻസും ഹൊറ‌ർ എലമെന്റും ആണ്. ക്ളൈമാക്സിൽ കഥാപാത്രത്തെ പിടിച്ചുലയ്ക്കുന്ന വിധത്തിലേക്ക് അത് മാറും. ഇന്നത്തെ സ്ത്രീസമൂഹത്തിന്റെ, അവരുടെ ശാക്തീകരണം ആണ് ടെയിൽ എൻഡ്.


കമൽഹാസൻ ചിത്രം പുഷ്പകവിമാനം ഒരു റഫറൻസ് ആയിരുന്നോ?

ഇല്ല. 30 വർഷത്തിലേറെ ആയില്ലേ ആ സിനിമ ഇറങ്ങിയിട്ട്. പണ്ട് ബ്ളാക്ക് ആൻഡ് വൈറ്റ് ടി.വി ഉണ്ടായിരുന്ന കാലത്ത് ആ സിനിമയുടെ ഒന്നോരണ്ടോ സീനുകൾ കണ്ടിട്ടുണ്ട് എന്നല്ലാതെ ആ സിനിമ ഇതുവരെ ഞാൻ മുഴുവനായി കണ്ടിട്ടില്ല. അന്നൊന്നും സിനിമ എന്റെ ഉള്ളിലുണ്ടായിരുന്നില്ല. ഈ സിനിമ ഇങ്ങനെ ചെയ്യുമെന്ന് കരുതിയതുമല്ലല്ലോ. എന്നാൽ, ചെയ്യുമ്പോൾ പോലും ആ സിനിമ കണ്ടേക്കാം എന്നും ചിന്തിച്ചിട്ടില്ല. കുറച്ചുപേർ ഈ സിനിമയെക്കുറിച്ച് പറഞ്ഞിരുന്നു. പക്ഷേ, ഈ സിനിമ റിലീസ് ആയിട്ട് അത് കണ്ടാൽ മതിയെന്ന് ഞാൻ തീരുമാനിക്കുകയായിരുന്നു. അതിൽ നിന്ന് ഒന്നും ഒബ്സേർവ് ചെയ്ത് എടുക്കണ്ട, എന്റെ മനസ്സിലുള്ളത് മതി എന്റെ സിനിമ എന്ന് വിചാരിച്ചിട്ടാണ്. 


സിനിമ ഉണ്ടായിരുന്നില്ല ഉള്ളിൽ എന്ന് പറഞ്ഞല്ലോ. എങ്ങനെയാണ് സിനിമിയിലേക്കെത്തിയത്?

സിനിമ ഉള്ളിലുണ്ടായിരുന്നില്ല എന്ന് പറഞ്ഞത് 30 വർഷം മുമ്പാണ്. അന്നെനിക്ക് 15 വയസാണ് പ്രായം. അന്നൊക്കെ ഞാൻ നാടകങ്ങളിൽ അഭിനയിക്കുകയും ബെസ്റ്റ് ആക്ടർ ആകുകയുമൊക്കെ ചെയ്തിരുന്നു. അങ്ങനെ നടനായിട്ടായിരുന്നു സിനിമയിലും എന്റെ തുടക്കം. പത്തോളം സിനിമകളിൽ അഭിനയിച്ചു. 4 സിനിമകൾ നിർമ്മിച്ചു. 2008ലാണ് നിഴൽ എന്ന ചിത്രം നിർമ്മിച്ച് സിനിമയിലേക്ക് വരുന്നത്. അത് മറ്റൊരാളാണ് എഴുതിയത്. അതിനേക്കാൾ നന്നായി എനിക്ക് എഴുതാൻ പറ്റുമോ എന്ന് ട്രൈ ചെയ്താണ് തിരക്കഥയെഴുതി തുടങ്ങിയത്. ഞാൻ തിരക്കഥയെഴുതിയ സിനിമകൾ പ്രൊഡ്യൂസ് ചെയ്തു. അത് മറ്റൊരാളായിരുന്നു സംവിധാനം ചെയ്തത്. അദ്ദേഹത്തിനൊപ്പം നിന്ന് എങ്ങനെ ഷോട്ട് വയ്ക്കണം, എങ്ങനെ വച്ചാലാണ് ഇംപോർട്ടൻസ് കിട്ടുന്നത്, സീൻ കൺസീവ് ചെയ്യുന്നത് എങ്ങനെയാണ് എന്നൊക്കെ പഠിക്കുകയായിരുന്നു. നിർമ്മാതാവായി, സംവിധായകനൊപ്പം നിന്നാണ് സംവിധാനം പഠിച്ചത്. സവാരിയും ഞാൻ സംവിധാനം ചെയ്യാനിരുന്നതല്ല. എന്റെ സ്ക്രിപ്റ്റ് ഞാൻ പ്രൊഡ്യൂസ് ചെയ്യാം എന്നായിരുന്നു പ്ളാൻ. സുരാജേട്ടനോട് സവാരിയുടെ സബ്ജക്ട് ഞാൻ ഡീറ്റേയ്ൽ ആയി പറഞ്ഞപ്പോൾ അദ്ദേഹമാണ് പറഞ്ഞത്, ഈ സിനിമ നീ പറഞ്ഞതു പോലെ വരണമെങ്കിൽ നീ തന്നെ സംവിധാനം ചെയ്യണമെന്ന്. അങ്ങനെ അദ്ദേഹം പറഞ്ഞപ്പോഴാണ് ഞാൻ സംവിധാനത്തിലേക്ക് തിരിഞ്ഞത്. സവാരിയുടെ ഔട്ട്പുട്ട് കണ്ടപ്പോഴാണ് സംവിധാനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കരിക്കാൻ തുടങ്ങിയത്. 


സിനിമയുടെ ഏത് മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്?

എഴുത്ത് പണ്ടുമുണ്ട്, ഇന്നുമുണ്ട്. ഇപ്പോഴും അടുത്ത സിനിമയ്ക്കായി എഴുതി കൊണ്ടിരിക്കുകയാണ്. മറ്റുള്ളവരുടെ സിനിമകളിൽ അഭിനയിക്കുന്നുമുണ്ട്. സ്വയം സംവിധാനം ചെയ്യുന്നതിൽ ഞാൻ അഭിനയിക്കാറില്ല. ഒരു സമയം ഒരു കാര്യം എൻജോയ് ചെയ്യണം. മറ്റൊരാളുടെ ചിത്രത്തിൽ അഭിനയിക്കാൻ പോകുമ്പോൾ ആ ലൊക്കേഷനിലെത്തി കാരക്ടറിനെ കുറിച്ച് മനസ്സിലാക്കിയാൽ മതി. നാടകങ്ങളിൽ അഭിനയിച്ചു വന്നതുകൊണ്ടാവണം, അങ്ങനെ ചെന്നാലും അഭിനയം എളുപ്പമാണ്. തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നതുകൊണ്ട് ആ സിനിമ മുഴുവൻ നമ്മുടെ ഉള്ളിലുണ്ട്. അടുത്ത ഷോട്ട് എന്താണെന്ന് അസോസിയേറ്റിനോട് ചോദിക്കേണ്ട ആവശ്യം പോലുമില്ല. നമുക്കറിയാമല്ലോ. ഇപ്പോൾ ജയൻ ചേർത്തലയുടെ സിനിമയിൽ അഭിനയിക്കുകയാണ്. എന്റെ അടുത്ത സിനിമയുടെ പണിപ്പുരയിലുമാണ്. അത് കുറച്ച് വലിയ സിനിമയാണ്. 


അഭിനയമോ സംവിധാനമോ കൂടുതൽ പ്രിയം?

ആക്ടിം​ഗ് ഒരിക്കലും സംവിധാനത്തേക്കാൾ വലുതല്ല. സംവിധാനത്തിന്റെ റിസ്കും ചലഞ്ചുമൊന്നും ഒരിക്കലും എനിക്ക് അഭിനയത്തിൽ എൻജോയ് ചെയ്യാൻ പറ്റിയിട്ടില്ല. ഇത്തരം സിനിമകൾ ജനങ്ങൾ കാണണമെന്നും സിനിമ സംവിധായകനിലേക്ക് തിരിച്ചുവരണമെന്നുമാണ് ആ​ഗ്രഹം. ലിജോ ജോസ് പല്ലിശ്ശേരി ആണ് മാനസ​ഗുരു. ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ എല്ലാ സിനിമകളും എനിക്ക് പാഠപുസ്തകമാണ്.