×
നിദ്രാദേവി അനുഗ്രഹിക്കാൻ ശീലമാക്കാം ഈ 6 കാര്യങ്ങൾ

ഒരു നല്ല ഉറക്കം ആഗ്രഹിക്കാത്തതായി ആരാണുള്ളത്. എപ്പോഴെങ്കിലും ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അതിന്റെ വില നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടാകും. പാതിരാ മുഴുവൻ ഉണർന്നിരിക്കുകയും ഒരു മണിക്ക് ശേഷം മാത്രം ഉറങ്ങാൻ പോവുകയും ചെയ്യുന്ന, കാലങ്ങളായി മൂങ്ങാജീവിതം നയിക്കുന്നവർക്ക് അടിമുടി മാറാം. നല്ല ഉറക്കം ലഭിച്ചാൽ മാത്രം മതിയാകും. അതിനായി ചില നല്ല ശീലങ്ങളിതാ.

1. ഉച്ച കഴിഞ്ഞ് നോ കാപ്പി
വൈകിട്ട് ഒരു ചായയോ കാപ്പിയോ കുടിക്കുന്ന ശീലമുള്ളവരായിരിക്കും മിക്ക മലയാളികളും. എന്നാൽ നല്ല ഉറക്കത്തിന് കഫെയിനെ പടിക്ക് പുറത്ത് നിർത്തണമെന്നാണ് പഠനങ്ങൾ പറയുന്നത്. അതായത്, ചായ കുടിച്ചാലും കുഴപ്പമില്ല. കാപ്പിയോട് നോ പറയാം. കൂട്ടുകാരോടൊത്ത് വൈകിട്ട് കറങ്ങാൻ ഇറങ്ങുകയാണെങ്കിൽ കോൾഡ് കോഫി, ഹോട്ട് ചോക്ലേറ്റ് ഇത്തരത്തിലുള്ള പാനീയങ്ങൾ വേണ്ടെന്ന് തീരുമാനിക്കാം. പകരം ജ്യൂസോ മറ്റോ പറയാം.

2. അത്താഴം നേരത്തെ
ഉറങ്ങാൻ പോകുന്നതിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും അത്താഴം ശീലമാക്കാം. 10 മണിക്ക് ഉറങ്ങാൻ ആഗ്രഹിക്കുന്നെങ്കിൽ 7 മണിക്ക് അത്താഴം കഴിച്ചോളൂ. അതിലും നേരത്തെ കഴിച്ചാലും കുഴപ്പമില്ല. എന്നാൽ, ഉറക്കം വരാൻ നേരം വിശക്കരുതെന്ന് മാത്രം. വയർ നിറഞ്ഞിരുന്നാൽ നല്ല ഉറക്കം ലഭിക്കില്ല, വിശന്നിരുന്നാലും. ആദ്യത്തെ കുറച്ച് ദിവസം ബുദ്ധിമുട്ടിയാലും പിന്നീട് ഈ ടൈംടേബിളുമായി ശരീരം സെറ്റായിക്കൊള്ളും. ഡിന്നർ പുറത്ത് നിന്ന് കഴിക്കാൻ പ്ലാനിട്ടാൽ ഈ 3 മണിക്കൂർ കണക്കുകൂട്ടൽ നടക്കണമെന്നില്ല. അങ്ങനെയെങ്കിൽ ഡിന്നർ കഴിഞ്ഞ് 1 മണിക്കൂർ എങ്കിലും കഴിഞ്ഞ ശേഷമേ കിടക്കാൻ പാടുള്ളൂ.

3. രാത്രിചിട്ടകൾ ശീലിക്കാം
രാവിലെ എഴുന്നേറ്റാൽ എല്ലാവരും ശീലമാക്കിയ ചില കാര്യങ്ങളുണ്ടാകും. എഴുന്നേൽക്കുക, പല്ലുതേക്കുക, പ്രഭാതകൃത്യങ്ങൾ ചെയ്യുക, വ്യായാമം ചെയ്യുക, കുളിക്കുക എന്നിങ്ങനെ. ഇതുപോലെ നിങ്ങളുടെ രാത്രികാല ശീലങ്ങൾ എന്തൊക്കെയാണെന്ന് ചോദിച്ചാൽ കൃത്യമായി ഉത്തരം നൽകാനാകുമോ. ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഫോണിൽ തോണ്ടി, ഉറക്കം വരുമ്പോൾ ഉറങ്ങുക ഇതാണോ ശീലം. അതുമാറ്റാം. അത്താഴത്തിന് ശേഷം അരമണിക്കൂ‌ർ ചെറുവ്യായാമം നല്ലതാണ്. അത്താഴം കഴിഞ്ഞ് അരക്കാതം നടക്കണമെന്ന് കാരണവന്മാ‌ർ പറഞ്ഞു കേട്ടിട്ടില്ലേ. വീട്ടമ്മമാർക്ക് വ്യായാമമായി വീട് വൃത്തിയാക്കാം. ഒരു വെടിക്ക് മൂന്ന് പക്ഷി. വ്യായാമവും വീട് വൃത്തിയാകലും നടക്കും. ഏതാ മൂന്നാമത്തെ പക്ഷി എന്നല്ലേ. ഉറങ്ങുന്നതിന് മുമ്പ് വീട് തുടച്ച് വൃത്തിയാക്കുന്നത് കൊണ്ട് പിറ്റേന്ന് രാവിലെ എഴുന്നേറ്റാൽ ആ പണി കുറയും. പല്ല്തേപ്പ്, ചെറുകുളി കഴിഞ്ഞ്, കിടക്ക വൃത്തിയാക്കി, റൂം സെറ്റാക്കി ഉറങ്ങാനായി കിടക്കാം. ഓരോരുത്തരുടെ സൗകര്യം അനുസരിച്ച് ചിട്ടകളുണ്ടാക്കാം. അരണ്ട വെളിച്ചത്തിൽ ഒരു പുസ്തകത്തിന്റെ 2-3 പേജുകൾ വായിക്കാം, സ്കിൻ കെയർ റുട്ടീൻ ശീലമാക്കാം. അങ്ങനെ പലതും.

4. ഒരേ നേരത്ത് ഉണരുന്നത് ശീലമാക്കാം
ഞായറാഴ്ചയല്ലേ, അരമണിക്കൂർ കൂടി ഉറങ്ങാം എന്ന് വിചാരിക്കുകയേ ചെയ്യരുത്. ചിലർക്ക് ഞായറാഴ്ചകളിൽ ബ്രേക്ക്ഫാസ്റ്റുണ്ടാകാറില്ല. 12 മണിക്ക് എഴുന്നേറ്റ് 3 മണിക്ക് ലഞ്ച് കഴിച്ച് കഴിയുമ്പോഴേക്കും ആ ദിവസം തീർന്നു. എഴുന്നേൽക്കാൻ ഒരു സമയം നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അവധി ദിവസങ്ങളിലും ആ സമയക്രമം തന്നെ തുടരുക. അവധി ദിവസം വളരെ നീണ്ടതായി നിങ്ങൾക്ക് തന്നെ തോന്നും. അന്നേദിവസം ഒരുപാട് കാര്യങ്ങൾ ചെയ്യാനായി സമയവും ലഭിക്കും.

5. കിടപ്പുമുറി ഒരുക്കിയിടാം
കൂട്ടിയിട്ടിരിക്കുന്ന തുണികളെല്ലാമെടുത്ത് കസേരയിലേക്ക് മാറ്റിയിട്ട് കിടന്നുറങ്ങുന്നതാണോ ശീലം. അതങ്ങ് മാറ്റിയേക്കാം. ഉറങ്ങാനും വേണ്ടേ ഒരു മൂഡ്. കിടപ്പുമുറിയും കിടക്കയും വൃത്തിയാക്കിയിട്ടാൽ തന്നെ നിദ്രാദേവി താനെ നിങ്ങളെ കടാക്ഷിക്കും. കിടക്കുന്നതിന് മുമ്പ് റൂം വൃത്തിയാക്കിയാൽ മാത്രം പോര. ഉറങ്ങാൻ തയ്യാറെടുക്കുകയാണെന്ന സന്ദേശം ബ്രെയിനിന് കിട്ടുകയും വേണം. അതിന് മുറിയിലെ മുഴുവൻ വെളിച്ചവും അണച്ച്, ഫാനോ എ.സിയോ നിങ്ങൾക്ക് സ്വാസ്ഥ്യമാകുന്ന അളവിൽ ക്രമീകരിച്ചിടാം. പാട്ട് കേൾക്കണമെങ്കിൽ ആവാം. പക്ഷേ, മൊബൈൽ ഫോണിലാവരുതെന്ന് മാത്രം.

6. ഫോൺ വേണ്ടേ വേണ്ട
നിങ്ങളുടെ ഉറക്കം ഇല്ലാതാക്കുന്ന പ്രധാന വില്ലൻ മൊബൈൽ ഫോണാണ്. പാട്ടുകേൾക്കാൻ മൊബൈൽ ഫോൺ വേണ്ടെന്ന് പറഞ്ഞതിന് കാരണമിതാണ്. കിടക്കയിൽ കിടന്നാൽ ഫോണെടുക്കില്ല എന്ന് തീരുമാനിക്കാം. ഒരു അലാറം സെറ്റ് ചെയ്യാനോ, പിറ്റേന്ന് ചെയ്യാനുള്ള കാര്യം നോട്ട് ചെയ്യാനോ മൊബൈൽ തൊട്ടാൽ ഒരു മണിക്കൂർ ഫോണെടുക്കും. അത്താഴം കഴിഞ്ഞാൽ സോഷ്യൽ മീഡിയ ഉപയോഗിക്കില്ലെന്ന് തീരുമാനിക്കാം. ഉറങ്ങുന്നതിന് ഒരു മണിക്കൂ‌ർ മുമ്പ് ഫോൺ സൈലന്റിലിടുകയോ മാറ്റിവയ്ക്കുകയോ ചെയ്യുന്നതാവും നല്ലത്. ബെഡ്റൂമിലേക്ക് മൊബൈൽഫോൺ, ലാപ്ടോപ്പ്, മുതലായ ഗാഡ്ജറ്റുകൾ കൊണ്ടുപോകില്ലെന്നും തീരുമാനിക്കാം.