×
ചവിട്ടുനാടക വേദിയിലെ  കൊച്ചുതാരോദയം, സച്ചിൻ

ചവിട്ടുനാടകത്തിന്റെ തറവാടാണ് കൊച്ചി. ആ തറവാട്ടിൽ നിന്ന് ഒരു കുഞ്ഞു ചവിട്ടുനാടക കലാകാരൻ ഉദയം കൊള്ളുകയാണ്. കൊച്ചി മുണ്ടംവേലി ചിറക്കൽ സ്വദേശിയായ പത്തുവയസുകാരൻ സച്ചിൻ. മുണ്ടംവേലി സെന്റ് ലൂയിസ് പള്ളിയിലെ തിരുന്നാളിന് കേരള പൈതൃക കലാ സാംസ്കാരിക വേദി അവതരിപ്പിച്ച ദാവീദും ​ഗോലിയാത്തും എന്ന ചവിട്ടുനാടകത്തിൽ കൊച്ചുദാവീദിന്റെ വേഷമായിരുന്നു സച്ചിന്. രാത്രി 10 മുതൽ പുലർച്ചെ 2 മണി വരെ, നാലുമണിക്കൂർ മുതിർന്നവരോടൊപ്പം സച്ചിനും ചവിട്ടിത്തിമിർത്തു കാണികളുടെ കയ്യടി വാങ്ങി. 

കാലങ്ങളായി ചവിട്ടുനാടകത്തിന് ക്ളാർനെറ്റ് വായിക്കുന്ന സേവ്യറിന്റെ കൊച്ചുമകനാണ് സച്ചിൻ. എന്നാൽ, അഞ്ചുമാസം മുമ്പാണ് സച്ചിൻ ചവിട്ടുനാടകം പരിശീലിക്കാൻ തുടങ്ങിയത്. വീടിനടുത്തുള്ള കളരിയിൽ പരിശീലിച്ചിരുന്ന ഒരു നാടകത്തിൽ ബാലന്റെ വേഷം ചെയ്യാൻ താൽപര്യമുണ്ടോ എന്ന ചോദ്യമാണ് സച്ചിനെ ചവിട്ടുനാടകവുമായി അടുപ്പിച്ചത്. മുത്തച്ഛന്റെ ക്ലാർനെറ്റ് കേട്ടുശീലമുണ്ടായിരുന്നെങ്കിലും ഇതെങ്ങനെ ചെയ്യാമെന്ന് ഒരു അറിവുമുണ്ടായിരുന്നില്ല സച്ചിന്. അമ്മ നിമിഷയാണ് യൂട്യൂബ് നോക്കിയാൽ കൂടുതലറിയാൻ പറ്റുമെന്ന് സച്ചിനോട് പറഞ്ഞത്. യൂട്യൂബ് വീഡിയോകൾ കണ്ടുമനസ്സിലാക്കി ഒരുകൈ പരീക്ഷിക്കാമെന്ന് സച്ചിൻ ഉറപ്പിച്ചു. തന്റെ ഇഷ്ടമേഖലകളായ നാസിക് ഡോലും ഡാൻസും പോലെ എളുപ്പമല്ല ചവിട്ടുനാടകമെന്ന് ആദ്യദിവസം സച്ചിന് മനസ്സിലായി. മുറകൾ പഠിച്ചെടുക്കാനായിരുന്നു ബുദ്ധിമുട്ട്. ഒന്നാംമുറയുടെ അടവ് ആശാൻ ചൊല്ലിക്കൊടുത്തതോടെ ചവിട്ടുനാടകം സച്ചിന് വഴങ്ങിത്തുടങ്ങി. അങ്ങനെ ദൈവസുതനായ ദാവീദ് എന്ന ചവിട്ടുനാടകത്തിലൂടെ ഏഴുമാസം മുമ്പ് അരങ്ങേറ്റം കുറിച്ചു. അതൊരു പാട്ടുരം​ഗം മാത്രമായിരുന്നു. എങ്കിലും ചവിട്ടുനാടകത്തോട് സച്ചിന് പ്രിയം കൂടി വന്നു. അങ്ങനെയിരിക്കെയാണ് ദാവീദും ​ഗോലിയാത്തും എന്ന നാടകത്തിൽ ഏതാണ്ട് മുഴുനീള വേഷം അവതരിപ്പിക്കാനുള്ള അവസരം കൈവരുന്നത്. ആശാൻ ജെയ്മിയുടെ കീഴിൽ മൂന്ന്മാസം നീണ്ട പരിശീലനത്തിനൊടുവിൽ സച്ചിൻ കൊച്ചുദാവീദായി. നാടകത്തിലെ നീണ്ട ഡയലോ​ഗുകൾ മന:പാഠമാക്കി ഏറെ മനോഹരമായി അവതരിപ്പിക്കുകയും ചെയ്തു ഈ കൊച്ചുമിടുക്കൻ. 

ഇപ്പോൾ അടുത്ത നാടകത്തിനുള്ള പരിശീലനത്തിലാണ് സച്ചിൻ. കൂട്ടുകാർക്കൊപ്പം കളിക്കാൻ കിട്ടുന്ന ഞായറാഴ്ചകൾ ചവിട്ടുനാടക പരിശീലനത്തിനായി പോകുന്നതിൽ യാതൊരു സങ്കടവുമില്ല സച്ചിന്. മുണ്ടംവേലി നടുവിലെ വീട്ടിൽ അച്ഛൻ സുനിലും അമ്മ നിമിഷയും ചേട്ടൻ സഞ്ജയും പൂർണ്ണ പിന്തുണയുമായി സച്ചിനോടൊപ്പമുണ്ട്. മുണ്ടംവേലി സെന്റ് ലൂയിസ് ഹൈസ്കൂളിൽ അഞ്ചാംക്ളാസ് വിദ്യാർത്ഥിയാണ് സച്ചിൻ.