നാടകലോകത്തെ കലാകാരന്മാർ അണിനിരക്കുന്ന ചിത്രം തിയേറ്ററുകളിലേക്ക്. ഇന്ദ്രൻസ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന നൊണ എന്ന ചിത്രം ഡിസംബർ എട്ടിന് റിലീസ് ചെയ്യും. അപ്പോത്തിക്കിരി, കൊത്ത് സിനിമകളുടെ എഴുത്തുകാരനായ ഹേമന്ദ്കുമാർ രചന നിർവഹിച്ച ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് നിരവധി സംഗീത നാടക അക്കാദമി അവാർഡുകൾ കരസ്ഥമാക്കിയ രാജേഷ് ഇരുളമാണ്. ജേക്കബ് ഉതുപ്പാണ് നിർമ്മാതാവ്. പോൾ ബത്തേരിയാണ് സിനിമാറ്റോഗ്രഫർ. ബിജു ജയനന്ദൻ, പ്രമോദ് വെളിയനാട്, ശ്രീജിത്ത് രവി, സതീഷ് കെ. കുന്നത്ത്, ഗോഡ്വിൻ ജാക് ഉതുപ്പ്, ശിശിര സെബാസ്റ്റ്യൻ, മഞ്ജു മാത്യു, സുധ ബാബു, പ്രേമ വണ്ടൂർ എന്നിങ്ങനെ നാടകലോകത്തെ കലാകാരന്മാരാണ് പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നത്. അയൽക്കാരും ഒരു കള്ള്ഷാപ്പിന്റെ ഉടമസ്ഥരുമായ റോയ്, സുനി എന്നിവരുടെ ജീവിതത്തിലെ ചില സംഭവവികാസങ്ങളിലൂടെയാണ് ചിത്രം നീങ്ങുന്നത്. സൗഹൃദത്തിന്റെയും കുടുംബ ബന്ധത്തിന്റെയും നേരിലൂടെയാണ് നൊണ എന്ന ചിത്രം പ്രേക്ഷകരെ യാത്ര ചെയ്യിപ്പിക്കുകയെന്ന് സംവിധായകൻ രാജേഷ് ഇരുളം പറയുന്നു.